Wednesday, December 7, 2011

സാമൂഹ്യപുസ്തകം ചിതലരിക്കുമ്പോള്‍...


സ്കൂള്‍ പഠനകാലത്ത്  ചൊല്ലുന്ന 'ഭാരതം എന്റെ നാടാണ്..എന്നു  തുടങ്ങുന്ന പ്രതിജ്ഞ  അവസാനിക്കുന്നത് ഈ വരികളിലൂടെയാണ്.  “ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും ”. വിദ്യാഭ്യാസത്തിന്റെ സ്മഗ്രലക്ഷ്യം സാമൂഹ്യ പുരോഗതിയാണെന്നും പറയപ്പെടുന്നു.എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്യോഗങ്ങളില്‍ വ്യാപ്രൃതരായതിനു ശേഷം സാമൂഹ്യസേവനത്തിന്റെ പാത സ്വീകരിക്കുന്നവര്‍ എത്രത്തോളമുണ്ട് എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്!
                സാമ്പത്തികമായി ഉന്നതങ്ങളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആഢംബര ജീവിതത്തിലേക്ക് കാലെടുത്തു വെക്കുവാനാണ് ബഹുപൂരിപക്ഷവും ശ്രദ്ധിക്കുന്നത്. ടെക്നോളജി മുന്നേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുഖലോലുപതയില്‍ ആടിയുല്ലസിക്കുവാന്‍ ഒന്നിനുമുകളില്‍ ഒന്നായി ദിനം തോറും വ്യത്യസ്ഥ പ്രൊഡക്റ്റുകള്‍ വിപണിയില്‍ നിറഞ്ഞു കൊണ്ടിരിക്കേ മറ്റുകാര്യങ്ങള്‍ക്ക് തങ്ങളുടെ വേതനം മാറ്റിവെക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. മാതാപിതാക്കളാവട്ടെ തങ്ങളുടെ കുട്ടി മറ്റു കുട്ടികളെക്കാള്‍ ഒരു പടി മുന്നിലാണെന്ന് കാണിക്കുവാന്‍ വെമ്പുന്നതു കൊണ്ട് അതിനു കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പുറം ലോകത്തിനു മുമ്പില്‍ പൊങ്ങച്ചം പറഞ്ഞും കാണിച്ചും സായൂജ്യമടയുകയും ചെയ്യുന്നു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്നണിയിലേക്കെത്തിക്കാന്‍ ഉപദേശം നല്‍കുകയോ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ ഇന്നു വിരളമാണ്.
               അടുത്തിടെ ബാലപീഡനങ്ങളെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പറയുകയുണ്ടായി. ‘ഇന്നു സ്വന്തം കാര്യം നോക്കാന്‍ മാത്രമേ കുട്ടികള്‍ ശ്രദ്ധിക്കുന്നുള്ളൂ.വീടുകളില്‍ നിന്നും ആ രീതിയിലുള്ള ഉപദേശമാണ് അവര്‍ക്കു കിട്ടുന്നത്. സഹപാഠികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഇടപെടാന്‍ പോലും മടി കാണിക്കുകയാണ്.’
 ഈ   തരത്തില്‍ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന കുട്ടികള്‍ അവരുടെ ഒന്നാം സ്ഥാനങ്ങളിലേക്ക് കുതിക്കുമ്പോള്‍, ആ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ തന്നെ സൃഷ്ടിക്കുന്ന സ്വാര്‍ത്ഥതയുടെ മറ്റൊരു ലോകത്തിലേക്കല്ലേ യാത്ര നടത്തുന്നത്? അണുകുടുംബങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൃദ്ധ സദനങ്ങളിലേക്കും തെരുവുകളിലേക്കുമൊക്കെ മാതാപിതാക്കള്‍ പുറന്തെള്ളപ്പെടുന്നതിന് പ്രത്യേകം കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടതില്ലല്ലോ!
                 വൃദ്ധനായ പിതാവിനെ,അതും ഓര്‍മ്മക്കുറവും കേള്‍വിക്കുറവും മൂലം ശാരീകമായി അവശനായ ഒരു മനുഷ്യനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച മക്കളെക്കുറിച്ചൊരു വാര്‍ത്ത പത്രത്തില്‍ വരികയുണ്ടായി. “ഈ വൃദ്ധനെ ആരെങ്കിലും ബസ്സ് കയറ്റി താഴെ കാണുന്ന അഡ്രസ്സിലെക്കെത്തിക്കുക.വണ്ടിക്കൂലി ഇതിലുണ്ട്”. എന്നൊരു കുറിപ്പ് മകളുടെ വക ബാഗിലുണ്ടായിരുന്നു. പോലീസ് അതിലുള്ള അഡ്രസ്സുമായി ബന്ധപ്പെട്ടപ്പോള്‍ “മക്കള്‍ക്കില്ലാത്ത സ്നേഹം തങ്ങള്‍ക്കില്ലെന്നും,വൃദ്ധന്റെ സംരക്ഷണം ഏറ്റെടുക്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. അതോടെ പോലീസ് അയാളെ ശരണാലയത്തിലേക്കയക്കുകയാണുണ്ടായത്. സ്വന്തം മാതാപിതാക്കളെപ്പോലും സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കളുള്ള ഈ ലോകത്ത് സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുന്നത് തന്നെ തെറ്റായിപ്പോകും!
                ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിച്ചു കൊണ്ടിരിക്കുന്നവര്‍ ഒരു ഭാഗത്തുള്ളപ്പോള്‍ ദാരിദ്ര്യവും രോഗങ്ങളും  മൂലം കഷ്ടതയനുഭവിക്കുന്ന മറ്റൊരു വിഭാഗവും ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുണ്ടെന്നത് മറന്നു കൂട . സ്വത്ത് സമ്പാദനം മാത്രം ലക്ഷ്യമാക്കുന്നവര്‍ ധാര്‍മ്മികതയേക്കാള്‍ പ്രൊഫഷണലിസത്തിനു മുന്‍ തൂക്കം കൊടുക്കുമ്പോള്‍  സമൂഹം മൂല്യച്യുതികളിലേക്കാണ്ടുപോവുകയാണ്.
                ഒരു വിവാഹചടങ്ങിനിടെ വിദേശങ്ങളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കുറച്ച് ചെറുപ്പക്കാരുടെ കൂടെ യാത്ര ചെയ്യുകയുണ്ടായി. അവരുടെ കാര്യമായ സംസാര വിഷയം കിട്ടുന്ന ശമ്പളത്തിന്റെ വിവരണവും ലക്ഷങ്ങള്‍ പൊട്ടിച്ചു കൊണ്ടു നടത്തിയ ഷോപ്പിങ്ങുകളും മാര്‍ക്കെറ്റില്‍ ലഭ്യമായ വിലപിടിപ്പുള്ള കാറുകളെക്കൂറിച്ചും  ആഢംഭര ഭവനം പണിയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെയായിരുന്നു .അതിന്റെ കൂടെ സ്വന്തം നാടിനെയോര്‍ത്തുള്ള വേവലാതിയും.‘വികസനമില്ലാത്ത ഈ നാട്ടില്‍ എങ്ങിനെ ജീവിക്കും! സുഖമായി യാത്ര ചെയ്യാന്‍ കഴിയാത്തവിധം വീതി കുറഞ്ഞു പൊട്ടിപ്പൊളിഞ്ഞ  റോഡിനെയോര്‍ത്തുള്ള ദു:ഖം! അതിനിടക്കു ഒരാളുടെ വക കമന്റ്. “കുറച്ചു ദരിദ്രവാസികളുണ്ട്. കിടപ്പാടവും കെട്ടിപ്പിടിച്ച് പാതയോരത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തവര്‍. ഒരു ബുള്‍ഡോസര്‍ കൊണ്ടു വന്നു ഇടിച്ചു നിരത്തി നിര്‍ബന്ധമായി ഇവരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണം! ” അല്ലെങ്കിലും സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ദരിദ്രരുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലോ ഇന്ന്! 
                നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറങ്ങളിലുള്ളവരില്‍ നിന്നാണ്  കുറെയെങ്കിലും സാമൂഹിക പ്രതിബദ്ധത കാണാന്‍ കഴിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഒരവധിക്കാലത്ത് എന്റെ ഗ്രാമത്തിലെത്തിയപ്പോള്‍  അവിടത്തെ കുറച്ചു ചെറുപ്പക്കാര്‍ പിരിവിനായി വരികയുണ്ടായി.അതില്‍ സ്കൂളിലെ പ്യൂണുണ്ട്,ബാങ്കിലെ ക്ലെര്‍ക്കുണ്ട്, ഓട്ടോറിക്ഷക്കാരനുണ്ട്, അധ്യാപകനുണ്ട്, കൂലിപ്പണിക്കാരനുണ്ട്. ഉത്സവങ്ങള്‍ക്കും വിനോദപരിപാടികള്‍ക്കൊക്കെയായി പിരിവ് സ്ഥിരമായി ഉള്ളതിനാല്‍ ഞാന്‍ കൂടുതല്‍ ചോദിക്കുകയുണ്ടായില്ല. പിന്നീടു ഒരു വര്‍ഷം കഴിഞ്ഞ് ഒരു ഹോട്ടലില്‍ വെച്ച് അവരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവിടത്തെ പൊറോട്ടയടിക്കാരനെ ചൂണ്ടി എന്നോട് പറഞ്ഞു. “ നീ തന്ന പിരിവിന്റെ കൂടി ഫലമാണ് ഈ കാണുന്ന മനുഷ്യന്‍ ‍. ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു. ഇപ്പോള്‍ തികഞ്ഞ അദ്ധ്വാനശീലന്‍ ”. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ എനിക്കു മനസ്സിലായി. ഒരു സമയത്ത് കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നിരുന്നയാള്‍! മോഷണവും പിടിച്ചു പറിയുമൊക്കെയായി വീടിനും നാടിനും ഒരു പോലെ അപമാനമായി മാറിയിരുന്ന ആ മനുഷ്യനെയാണവര്‍ മാറ്റിയെടുത്തത്. ഈ സാമൂഹ്യസ്നേഹികള്‍ ഇതോടെ നിര്‍ത്തുന്നില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ദാരിദ്ര്യവും മനോരോഗവുമായി കഷ്ടതയില്‍ കഴിയുന്ന മറ്റൊരു കുടുംബത്തെ വെളിച്ചെത്തിലേക്കെത്തിക്കുവാനുള്ള യജ്ഞമേറ്റെടുത്ത് യാത്ര തുടരുകയാണ്. പുറംമോടികളോടും പൊങ്ങച്ചങ്ങളോടും പുറം തിരിഞ്ഞു നിന്നു തങ്ങള്‍ക്കു കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെയിറങ്ങുന്ന ഇതുപോലുള്ള പൌരന്മാരാണ് സമൂഹത്തിന്റെ ശക്തി. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!
                      ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് ’പറയുന്ന ക്രിസ്തുമതത്തിലും സകാത്തും ദാനധര്‍മ്മങ്ങളും  നിര്‍ബന്ധമാക്കിയ ഇസ്ലാം മതത്തിലും സമസ്തജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാ‍ക്കിയിട്ടുള്ള ഹിന്ദുമത ധര്‍മ്മത്തിലും  സോഷ്യലിസം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള കമ്മൂണിസ്റ്റ്  പാര്‍ട്ടിയിലുമൊക്കെയായി വിശ്വാസം വളര്‍ത്തിയെടുത്തവരായ  നമ്മുടെ ജനസമൂഹത്തില്‍  നിന്ന്  ഉന്നതങ്ങളിലെത്തുമ്പോള്‍ മറക്കാത്ത  പുതിയൊരു സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ്.

48 comments:

  1. ധാര്‍മ്മിക മൂല്യങ്ങളെ കൈവെടിഞ്ഞ് അധാര്‍മ്മികതയ്ക്ക് പരവതാനി വിരിക്കുന്ന ഒരു സമൂഹമാണ് വളര്‍ന്നു വരുന്നത് .കണ്ണു തുറന്ന് നഗ്ന സത്യങ്ങളെ നേര്‍ക്കാഴ്ചയാക്കെണ്ടതിനു പകരം മാസ്മരിക ലോകത്തെ ദിവാ സ്വപ്നങ്ങളില്‍ മുഴുകിയിരിക്കുന്നവരോട് വേദനകളുടെ വേദാന്തമോതിയാല്‍ പരിഹാസത്താല്‍ പര്‍വ്വതീകരിച്ച മുഖമായിരിക്കും കാണേണ്ടി വരിക . ഇതുകലികാലമാണെന്ന് പഴമക്കാര്‍ പറയുന്നത് പാഴ്വാക്കല്ലെന്നു കാലിക സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു . മുനീറിന്റെ ധാര്‍മ്മികത തുളുമ്പുന്ന ഈ ലേഖനവും അതു തന്നെ പറയുന്നു . ലേഖനം ചിന്തോദ്ദീപകം , കാലോചിതം . ഭാവുകങ്ങള്‍

    ReplyDelete
  2. കാലത്തിന്‍റെ ആവശ്യം എന്ന് വേണമെങ്കില്‍ ഈ ലേഖനത്തെ വിശേഷിപ്പിക്കാം. മൂല്യച്യുതിയിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്‍റെ യഥാര്‍ത്ഥ കാരണക്കാരന്‍ മക്കളെ യന്ത്രങ്ങളാക്കി വളര്‍ത്താന്‍ വെമ്പുന്ന സാംസ്കാരിക മുന്നേറ്റം തന്നെയാണെന്ന് വ്യക്തമാണ്. അവസാനം വടി കുത്തി നടക്കേണ്ടി വരുമ്പോള്‍ ഒരു കൈ പിടിക്കാന്‍ പോയിട്ട് മുഖത്തേക്ക് നോക്കാന്‍ പോലും മക്കളെ കിട്ടില്ല എന്നതാണ് ഇതിന്റെയെല്ലാം അനന്തര ഫലം. വൃദ്ധസദനങ്ങള്‍ പെരുകുന്നു എന്ന് വിലപിക്കുന്നതിനു പകരം മൂല കാരണങ്ങള്‍ ചികിത്സിച്ചു മാറ്റുകയാണ് വേണ്ടത്‌.

    ReplyDelete
  3. പുതിയ തലമുറയില്‍ സഹാനുഭൂതി കുറവാണ് എന്നത് ശരിയാണ്. എന്നാലും കൂരിരുട്ടിലും ചില കിരണങ്ങള്‍ എങ്കിലും ഉണ്ട് എന്നത് തന്നെ പ്രതീക്ഷ നല്‍കുന്നില്ലേ.

    പ്രസക്തമായ ലേഖനം..
    അനുമോദനങ്ങള്‍

    ReplyDelete
  4. ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് ’പറയുന്ന ക്രിസ്തുമതത്തിലും സകാത്തും ദാനധര്‍മ്മങ്ങളും നിര്‍ബന്ധമാക്കിയ ഇസ്ലാം മതത്തിലും സമസ്തജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാ‍ക്കിയിട്ടുള്ള ഹിന്ദുമത ധര്‍മ്മത്തിലും സോഷ്യലിസം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള കമ്മൂണിസ്റ്റ് പാര്‍ട്ടിയിലുമൊക്കെയായി വിശ്വാസം വളര്‍ത്തിയെടുത്തവരായ നമ്മുടെ ജനസമൂഹത്തില്‍ നിന്ന് ഉന്നതങ്ങളിലെത്തുമ്പോള്‍ മറക്കാത്ത പുതിയൊരു സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ്.


    നല്ല ലേഖനം... അഭിനന്ദനങ്ങള്‍...

    ReplyDelete
  5. അഭിനന്ദനങ്ങള്‍...
    നല്ല ലേഖനം...

    ReplyDelete
  6. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!
    ആര്‍ത്തിയാണിന്ന് എല്ലാവര്ക്കും. മുഴുവന്‍ വെട്ടിപ്പിടിച്ച് സ്വന്തമാക്കുവാന്‍. അവിടെ സ്വന്തം കുടുമ്പത്തെ തന്നെ അത്തരത്തില്‍ അയാള്‍ തിരിച്ചുവിടുന്ന തരത്തില്‍ അറിയാതെ എങ്കിലും വളര്‍ത്തുന്നു എന്നത് സത്യമാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ ഓരോരുവന്റെ മനസ്സിലും കിളിര്‍ത്ത ആ കാരുണ്യമില്ലായമ തിരിച്ച് വരേണ്ടിയിരിക്കുന്നു.
    എന്നിട്ടും ഇനിയും വറ്റിയിട്ടില്ലാത്ത കരുണയുടെ ഉറവ ചിലയിടത്തെങ്കിലും കാണുന്നത് ആശാവഹം തന്നെ.
    വളരെ പ്രസക്തമായ ലേഖനം മുനീര്‍.

    ReplyDelete
  7. സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണെങ്കിലും ; ഈ സംഗതികളെയൊക്കെ പുത്തൻ സാമൂഹ്യജീവികൾ പാടെ മറന്നുകൊണ്ടിരിക്കുന്ന പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്..

    മനുഷ്യ മന:ശാസ്ത്രപ്രകാരം ഇല്ലാത്തവൻ ഉള്ളവനാകുമ്പോൾ..ഇല്ലാത്തവനെ വിസ്മരിച്ചുകളയുന്നത് അതുകൊണ്ടെക്കെയാണല്ലൊ അല്ലേ

    നാളുകൾക്ക് ശേഷം വന്നിട്ട് നല്ല ചിന്തനീയമായ ഒരു ലേഖനം കാഴ്ച്ചവെച്ചിരിക്കുന്നു കേട്ടൊ മുനീർ.

    ReplyDelete
  8. റാംജി പറഞ്ഞതിനപ്പുറം ഇതില്‍ ഒന്നും പറയാനില്ല.. നമുക്കിന്ന് നേരമില്ല. സാമൂഹ്യജീവിയാണെന്ന തോന്നല്‍ ഒട്ടുമില്ല.

    ReplyDelete
  9. അല്ലെങ്കിലും സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ദരിദ്രരുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലോ ഇന്ന്!

    നന്മയുടെ കിരണങ്ങള്‍ അണയാതിരിക്കട്ടെ എന്ന് ആശിക്കാം
    ആശംസകള്‍

    ReplyDelete
  10. ധാര്‍മിക മൂല്യങ്ങള്‍ വെറും അങ്ങാടി പാട്ട് മാത്രമായി മാറുന്നു.
    സമൂഹം, വ്യക്തി , പ്രവൃത്തി , കടപ്പാട് , വീക്ഷണം എല്ലാത്തിലും വേണം ഒരു ഉടച്ചു വാര്‍ക്കല്‍ .
    ലേഖനം നന്നായി മുനീര്‍

    ReplyDelete
  11. ഈ സാമൂഹ്യസ്നേഹികള്‍ ഇതോടെ നിര്‍ത്തുന്നില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ദാരിദ്ര്യവും മനോരോഗവുമായി കഷ്ടതയില്‍ കഴിയുന്ന മറ്റൊരു കുടുംബത്തെ വെളിച്ചെത്തിലേക്കെത്തിക്കുവാനുള്ള യജ്ഞമേറ്റെടുത്ത് യാത്ര തുടരുകയാണ്. പുറംമോടികളോടും പൊങ്ങച്ചങ്ങളോടും പുറം തിരിഞ്ഞു നിന്നു തങ്ങള്‍ക്കു കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെയിറങ്ങുന്ന ഇതുപോലുള്ള പൌരന്മാരാണ് സമൂഹത്തിന്റെ ശക്തി. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്! വളരെ പ്രസക്തമായ കാര്യങ്ങള്‍. ഇങ്ങനെ ചിന്തിക്കാനും ഒരു ലേഖനം തയ്യാറാക്കാനെങ്കിലും മുനീറിനു കഴിഞ്ഞല്ലോ? ഇന്നാര്‍ക്കും ഒന്നിനും സമയില്ല എന്നാണ് വേവലാതി.എല്ലാവരും അവനവനിലേക്ക് ചുരുങ്ങി ഇനി സന്താനമേ വേണ്ട എന്ന കാഴ്ചപ്പാടിലേക്ക് മനുഷ്യന്‍ നീങ്ങുമോ എന്നാണെന്റെ പേടി!.അവസാനം ഭൂമിയില്‍ ഒരാദവും ഹവ്വയും മാത്രം!.

    ReplyDelete
  12. .. വീടിനും നാടിനും ഒരു പോലെ അപമാനമായി മാറിയിരുന്ന ആ മനുഷ്യനെയാണവര്‍ മാറ്റിയെടുത്തത്...!

    ആശ്വാസം..!
    നമ്മുടെ നാട്ടില്‍ ഇപ്പോഴും മനുഷ്യരുണ്ട് അല്ലേ...!!

    നന്നായി എഴുതി.
    ആശംസകളോടെ..പുലരി

    ReplyDelete
  13. മുനീർ..ഈ ലേഖനം വളരെ ഇഷ്ടപ്പെട്ടു.ധാർമ്മിക മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത ഈ സമൂഹത്തിന്റെ മന:സാക്ഷിയെ, മുനീർ അക്ഷരങ്ങളിലൂടെ തുറന്നുകാണിച്ചിരിക്കുന്നു. അന്ധകാരം നിറഞ്ഞ ലോകത്തിലേയ്ക്കുള്ള ആധുനികതലമുറയുടെ ഈ യാത്രയിൽ, ഒരിറ്റു വെളിച്ചത്തിനായി ഒരു ചെറുതിരിയെങ്കിലും തെളിക്കുവാൻ നമുക്ക് പരിശ്രമിക്കാം..അടുത്ത തലമുറയെങ്കിലും ഈ അന്ധകാരത്തിൽ പതിക്കാതിരിക്കട്ടെ..ആശംസകൾ നേരുന്നു

    ReplyDelete
  14. kollam, chindhippikkunna lekhanam
    thanks for sharing, keep it up.

    best regards,

    ReplyDelete
  15. @ Abdulkader kodungallur :ലേഖനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അഭിപ്രായത്തിനു നന്ദി.
    @ Shukoor
    നന്ദി സുഹൃത്തെ അതെ..വളര്‍ത്തുന്നതിനനുസരിച്ചാണ് കുട്ടികളില്‍ മൂല്യബോധം ഉണര്‍ന്നു വരുന്നത്. ആത്മീയവിദ്യാഭ്യാസം കുറയുന്നിടത്താണ്
    അധാര്‍മ്മിക വളരുന്നെതെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു.
    @ Villagemaan/വില്ലേജ്മാന്‍ :നന്ദി സുഹൃത്തെ .കൂരിരുട്ടിലും ചില കിരണങ്ങളുണ്ടെന്നത് ശരിയാണ്.ആ കിരണങ്ങള്‍കണ്ട് മറ്റുള്ളവര്‍ കൂടി മാതൃക കാണിക്കണം.
    @ khaadu..,ലീല എം ചന്ദ്രന്‍.., Manoraj,റശീദ് പുന്നശ്ശേരി,പ്രഭന്‍ ക്യഷ്ണന്‍,
    muhsin, ചെറുവാടി
    അഭിപ്രായങ്ങള്‍ക്ക് വള്രെ നന്ദി
    @ പട്ടേപ്പാടം റാംജി : അഭിപ്രായത്തിനു നന്ദി റാംജി.അതെ.പുറം ലോകത്തിനു മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കാന്‍ ആര്‍ത്തിയോടെ വെട്ടിപ്പിടിക്കുക എന്ന ലക്ഷ്യമാണ് ഒട്ടുമിക്ക ജനങ്ങള്‍ക്കും.ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ തിരിച്ചുവരേണ്ടിയിരിക്കുന്നു
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    അഭിപ്രായത്തിനു നന്ദി : അതെ.സാമൂഹ്യക്ഷേമവും പരോപകാരവും സേവനങ്ങളുമൊക്കെ ചെയ്യേണ്ടതാണേന്നറിവുണ്ടെങ്കിലും അതൊക്കെ മറന്നു കളയാനാണ് എല്ലാവര്‍ക്കും താല്പര്യം!
    @ Mohamedkutty മുഹമ്മദുകുട്ടി
    അഭിപ്രായത്തിനു നന്ദി കുട്ടിക്ക,
    ചിന്തയില്‍ വരുമ്പോഴേക്കും ചെയ്ത് കാണിക്കുന്ന സാമൂഹ്യസേവകരെ കാണുമ്പോള്‍ അതും തിരക്കുപിടിച്ച ജീവിതത്തില്‍ സമയമുണ്ടാക്കി സഹായങ്ങള്‍ ചെയ്യുന്നവരെ കാണുമ്പോള്‍ സ്വയം ചിന്തിക്കുകയും മറ്റുള്ളവരിലേക്ക് പകറ്ത്തുകയും ചെയ്യണമല്ലോ
    @ ഷിബു തോവാള
    അഭിപ്രായത്തിനു വള്രെ നന്ദി.ലേഖനം ഉള്‍ക്കൊണ്ടെതിനു പ്രത്യേകിച്ചും.അതെ,അടുത്ത തലമുറക്ക് വേണ്ടിയെങ്കിലും നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്.

    ReplyDelete
  16. സാമോഹ്യ ബോധം എന്നാ ഒരു ബോധം ഇപ്പോള്‍ ഇന്നത്തെ തലമുറയില്‍ ആര്‍ക്കും തന്നെ ഇല്ലെന്നു പറയാം. അവനവന്‍റെ കാര്യം സിന്ദാബാദ്‌ വിളിച്ചു കഴിയവാനാണ് എല്ലാവര്‍ക്കും താല്‍പര്യം. പിന്നീട് എന്തെങ്കിലും ചതിയിലോ വഞ്ചനയിലോ പെടുമ്പോള്‍ ഈ ഭീരുത്വ സമൂഹം വലിയ വായില്‍ അലറി വിളിക്കും. "ഇവിടെ നീതിയില്ലേ, രക്ഷക്ക് ആരുമില്ലേ, നിങ്ങളില്‍ ആര്‍ക്കെങ്കിലുമാണ് ഈ ഗതി വന്നിരുന്നതെങ്കിലോ.." എന്ന് വലിയ വായില്‍ വിലപിക്കും. ഇത്തരം ആളുകള്‍ സ്വയം ചോദിച്ചു നോക്കണം അവര്‍ ആരുടെയെങ്കിലും കാര്യങ്ങളില്‍ നീതിയുക്തം സഹകരിചിരുന്നോ എന്ന്, പിന്നെ എങ്ങിനെ ആണ് അവനെ സഹായിക്കാന്‍ ആളുണ്ടാവുക എന്ന്. ഇവിടെ തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന് പറഞ്ഞ പോലെ, സമൂഹത്തിലേക്ക് ഇറങ്ങി തിരിച്ചവനെ കുറ്റം പറയാന്‍ പതിനായിരം നാവുകള്‍ ഉണ്ടായാലും ഒരുത്തന്‍ പോലും നീതിക്ക് വേണ്ടി അവനവന്‍റെ കാര്യം വരുമ്പോഴല്ലാതെ മുറവിളി കൂട്ടുന്നില്ലെന്നതല്ലേ?

    ഞാനും എന്റെ കെട്ട്യോളും തട്ടാനും എന്ന പഴമൊഴി ഇപ്പോള്‍ എത്രത്തോളം അന്വാര്‍ത്ഥമാകുന്നു. അത് തന്നെ ആണ് നടക്കാന്‍ പോകുന്നത്. അവനവന്‍ ചെയ്താല്‍ അവനവന് തന്നെ കിട്ടും. എന്‍റെ ഒരു നിരീക്ഷണത്തില്‍ ഇന്നും നിസ്വര്തമായി മറ്റുള്ളവരെ സഹായിക്കുന്നവന് തിരിച്ചും സഹായങ്ങള്‍ കിട്ടുന്നുണ്ട്‌ എന്നത് തന്നെ ആണ്. അല്ലാത്തവര്‍ അന്നും ഇന്നും എന്നും പേടിക്കേണ്ടി വരും....

    നള പോസ്റ്റ്‌... വീണ്ടും ചിന്തിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  17. 'അവനാന്‍ പോറ്റി'കളുടെ കാലത്ത് പലതും എടുക്കാ ചരക്കുകളാണ്.
    ഒരന്തസ്സാര്‍ന്ന സംസ്കാരത്തിലെക്ക്കുള്ള വിളിയാളമായി ഞാനീ ലേഖനത്തെ കേള്‍ക്കുന്നു. നന്ദി..!

    ReplyDelete
  18. നന്നായെഴുതിയിരിക്കുന്നു
    തൂതപ്പുഴയോരത്തു എവിടെയാണ്?
    ഞാന്‍ തിരുവേഗപ്പുറ!

    ReplyDelete
  19. ഞാനും എന്റെ കുടുംബവും എന്ന ചിന്തയില്‍ നിന്നും ഞാനും എന്റെ സ്വന്തം കാര്യവും എന്ന നിലയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വായിച്ചിരിക്കേണ്ട ഒരു ലേഖനം ..

    ReplyDelete
  20. സാമൂഹിക ജീവിയാണെന്ന് മറന്നുപോകുന്ന നാം മാനുഷിക ബന്ധങ്ങളെ പ്രാധാന്യത്തോടെ സമീപിക്കേണ്ടതുണ്ട്. നല്ല ലേഖനത്തിന് നന്ദി.

    ReplyDelete
  21. <<< പുതിയൊരു സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ് >>>
    സാമൂഹ്യപാഠം ചികയുന്ന പ്രസക്തമായ ലേഖനം..
    അനുമോദനങ്ങള്‍ മുനീര്‍.

    ReplyDelete
  22. ചിതലരിക്കാത്ത ചില സാമൂഹ്യപുസ്തകങ്ങള്‍ എങ്കിലും ഉണ്ടാകട്ടെ എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വീസ് സ്കീമിലൂടെ ഞാന്‍ എന്റെ നൂറോളം മക്കളെ നയിച്ചുകൊണ്ടിരിക്കുന്നു.ധാരാളം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളീകളാക്കുന്നു.കോഴിക്കൊട് ഈസ്റ്റ് ഹില്ലില്‍ കല്യാണാം പോലും കഴിക്കാന്‍ സാധിക്കതെ പോയ ഒരു അംഗനവാടി വര്‍ക്കര്‍ക്ക് ഒരു വീട് പണിതുകൊണ്ടിരിക്കുന്നു.സഹകരിക്കുന്നവര്‍ക്ക് ഇപ്പോഴും സഹകരിക്കാം.

    ReplyDelete
  23. ainandanangal Muneer

    ReplyDelete
  24. മൂല്യങ്ങളുടെ ശവദാഹം കഴിഞ്ഞിട്ട് കാലം എത്രയോ കഴിഞ്ഞു പോയി

    ReplyDelete
  25. മുനീര്‍ ഇക്ക താങ്കളുടെ വിലയേറിയ പ്രതികരണത്തിനു ഒരുപാടു നന്ദി ഉണ്ട് ,
    പിന്നെ പോസ്റ്റ്‌ വായിച്ചു വളരെ നന്നായിട്ടുണ്ട് ആശംസകള്‍ ...........

    ReplyDelete
  26. നല്ല ലേഖനം മുനീര്‍, ഈ കലികാലത്ത് ഇങ്ങനേയും മനുഷ്യര്‍ ഉണ്ടെന്നുള്ളത് ആശാവഹമാണു. അല്ലെങ്കില്‍ ആലോചിച്ച് നോക്കിയേ...പ്രത്യാശയുടെ ഒരു കണിക പോലുമില്ലാതെ ഒരു ജനത.

    അഭിനന്ദനങ്ങള്‍..

    ReplyDelete
  27. ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ നന്മ വറ്റാത്ത ചില മനുഷ്യരെ പരിചയപ്പെടുത്തുന്നുണ്ട്...
    ഇക്കാലത്ത് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന തരത്തില്‍...മുനീറിന്റെ ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി..ഇനിയും ആ ഉറവ വറ്റിയിട്ടില്ല എന്ന സത്യം...നന്നായി എഴുതി മുനീര്‍...എല്ലാവര്ക്കും നല്ലത് വരട്ടെ...

    ReplyDelete
  28. ഈ ലേഖനത്തില്‍ മുനീര്‍ പറഞ്ഞു വെച്ച കാര്യം ... എത്ര മഹത്തരമാണ് ആ യുവാക്കളുടെ കാഴ്ചപ്പാട്
    നേരം പുലരുമ്പോഴേക്കും ബിവേരെജ് തുറന്നോ എന്നന്ന്വേക്ഷിക്കുന്ന ഇന്നത്തെ യുവത സ്വീകരിക്കേണ്ട
    മാതൃക ..
    നന്നായി പറഞ്ഞു ... ആശംസകള്‍

    ReplyDelete
  29. വളരെ നന്നായി താങ്കളുടെ ഈ ഓർമ്മപ്പെടുത്തൽ... ധാർമ്മികതയും, മൂല്യങ്ങളും, സാമൂഹ്യ ബോധവും മനുഷ്യരിൽ നിന്ന് അന്യം വന്നു കൊണ്ടിരിക്കുന്ന ഉത്തരാധുനികതയിലാണു നാം ഇപ്പോൾ....

    ആശാവഹമായ ചില ഇടപെടലുകൾ എല്ലായിടങ്ങളിലും നടക്കുന്നുണ്ട് എന്നത് സന്തോഷം നൽകുന്നു... അത്തരം പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കടേണ്ടതു തന്നെ...

    ഭാവുകങ്ങൾ....

    ReplyDelete
  30. @SHAHANA
    പോസ്റ്റ് വായനക്കും അഭിപ്രായത്തിനും നന്ദി.നിസ്വാര്‍ത്ഥമായി മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായങ്ങള്‍ തിരിച്ചു കിട്ടുംഎന്നത് ശരിയാണ്.വാക്കില്‍ ആദര്‍ശം പറയാന്‍ ഇന്നാളുകള്‍ ഇഷ്ടം പോലെയുണ്ട്. പക്ഷേ സ്വന്തം കാര്യം വരുമ്പോള്‍ അതെല്ലാം മറന്നു കളയും. ‘ഞാനെന്ന ഭാവം’ മനസ്സില്‍ നിന്നു മാറാത്തിടത്തോളം സേവനത്തിനായി ഒരാളും ശ്രമിക്കില്ല. ‘സ്വന്തം കാര്യം നോക്കിയിട്ട് പോരേ നാട്ടുകാരെ നന്നാ‍ക്കാന്‍ ‘ എന്ന പരിഹാസത്തോടെയുള്ള പ്രതികരണമാണ് മിക്ക സാമൂഹ്യസ്നേഹികള്‍ക്കും കിട്ടുന്നത്. ‘സ്വന്തം കാര്യം‘ എന്നതിനു അതിരുകളില്ല എന്നതാണ് മറ്റൊരു വസ്തുത. അതു കൊണ്ടു തന്നെയാണ് സമൂഹത്തില്‍ കാണുന്ന വ്യക്തികളില്‍ സഹായംചെയ്യുന്നവരുടെ തോത് കുറഞ്ഞു കൊണ്ടിരിക്കുന്നതും.
    @ നാമൂസ് ,(കൊലുസ്), എം പി.ഹാഷിം
    Hashiq , ബെഞ്ചാലി, ishaqh ഇസ്‌ഹാക്
    jayarajmurukkumpuzha, Anonymous,
    എന്‍.ബി.സുരേഷ് , Vinayan Idea

    വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

    @Areekkodan | അരീക്കോടന്‍
    താങ്കള്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തനത്തിനു എല്ലാ
    നന്മകളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. താങ്കളുടെ സേവന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി വഴികാട്ടിയാവട്ടെ.

    @ മുല്ല
    അഭിപ്രായത്തിനു നന്ദി. അതെ..ഇക്കാലത്ത് മറ്റുള്ളവരുടെ ക്ഴിവുകേടിനെയും ഇല്ലായ്മയെയും കുറ്റപ്പെടുത്തിയും പരിഹസിച്ചുമിരിക്കാതെ തങ്ങളാല്‍ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യരുമുണ്ടെന്നത് ആശ്വാസം തന്നെയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി മാതൃകയാവുകയാണ്.
    @ ente lokam
    അഭിപ്രായത്തിനു വള്രെ നന്ദി. അതെ.. ആദമിന്റെ മകന്‍ അബുവിനെപ്പോലെതന്നെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നന്മ മാത്രം ചെയ്യുന്ന ലളിതമായി അദ്ധ്വാനിച്ചു ജീവിക്കുന്ന കുറേ ആളുകളുണ്ട്.ഒരു പക്ഷേ കാശിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ക്കൊക്കെ ഒന്നു കണ്ണു തുറക്കാന്‍ ഇവരുടെ ജീവിതം മാത്രം നോക്കിയാല്‍ മതി.
    @ വേണുഗോപാല്‍
    അഭിപ്രായത്തിനു നന്ദി. അതെ നേരം പുലരുമ്പോഴേക്കും ബാറിലേക്കും മറ്റും പോയി അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കണ്ടു പടിക്കേണ്ട കാര്യം തന്നെയാണ്.
    @ Sameer Thikkodi
    അഭിപ്രായത്തിനു നന്ദി സമീര്‍ .. ആഢംബരങ്ങളില്‍ മാത്രം മുഴുകിയിരിക്കുന്നവര്‍ക്ക് താന്‍ പഠിച്ച ലക്ഷ്യങ്ങളെക്കുറിച്ഛൊരു ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ഉദ്ധേശിച്ചത്. മാനുഷികത കൈവിടാത്ത ചിലരുണ്ടെന്നതു തന്നെയാണ് പ്രതീക്ഷ നല്‍കുന്നതും.

    ReplyDelete
  31. മനസ്സിനെ സ്പര്ശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പോസ്റ്റ്..
    "ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!"
    ചുമ്മാതാ ..ഒത്തിരി ഉള്ളോര്‍ ഒന്നും പഠിക്കില്ല്ലാന്നെ. ഒട്ടകം സുചിക്കുഴിയിലൂടെ കടക്കുമ്പോലെ ദുര്‍ലഭമാണത്രെ ഒത്തിരി ഉള്ളോര്‍ക്കിടയിലെ നന്മ!!!

    ReplyDelete
  32. സാമൂഹ്യ ബോധം എന്നത് എന്താ എന്ന് തന്നെ അറിയാത്ത ഒരു സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നത്. പരിഷക്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പിന്നാലെ ഓടി നാം ചുറ്റുപാടുകളിലെ കഷ്ട്ടതകള്‍ക്ക് നേരെ കണ്ണടക്കുന്നു. തന്റെ അയല്‍വാസിയുടെ പ്രയാസം എന്തെന്നറിയാന്‍ പോയിട്ട് അയല്‍വാസി ആരാ എന്ന് പോലും അറിയാത്തവരുടെ ഇടയില്‍ നമയുടെ വിത്തുകള്‍ മുളക്കുമെന്ന അത്യാഗ്രഹത്തോടെ..

    ReplyDelete
  33. സാമൂഹിക മൂല്യച്യുതി സംഭവിച്ച ഒരു തലമുറ, "ഞാനും പിന്നെ ഞാനും" എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്ന കാലം വിദൂരമല്ല..എങ്കിലും ചില ആശാവഹമായ ഇടപെടലുകൾ അങ്ങിങ്ങായി കാണുന്നുണ്ട്.. കാര്യമാത്രപ്രസക്തമായ ലേഖനം.. ആശംസകൾ..!!

    ReplyDelete
  34. “കുറച്ചു ദരിദ്രവാസികളുണ്ട്. കിടപ്പാടവും കെട്ടിപ്പിടിച്ച് പാതയോരത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തവര്‍. ഒരു ബുള്‍ഡോസര്‍ കൊണ്ടു വന്നു ഇടിച്ചു നിരത്തി നിര്‍ബന്ധമായി ഇവരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണം! ”

    lekhanam manoharam.....mele paranja vaakkukal ellaavareyum iruthi chinthippikkendath(njanulppedeyulavare)...Vikasanamennaal nalla roadukalum builingukalumaanennulla innathe pothu thathwam otum ashavahamalla......

    ReplyDelete
  35. ഇവിടെ വരാനും, ഈ പോസ്റ്റ്‌ വായിക്കാനും ഒരുപാടു വൈകിപ്പോയി.. നല്ല ചിന്തകള്‍ ... യോജിപ്പ് അറിയിക്കുന്നു..

    ReplyDelete
  36. നിലവാരമുള്ള ഒരു ലേഖനം.ആശംസകള്‍ .

    ReplyDelete
  37. കാര്യമാത്രപ്രസക്തമായ വിഷയം വളരെ
    ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    സദ് മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
    ഈ കാലഘട്ടത്തില്‍ ഇത്തരമൊരു രചനയുടെ പ്രസക്തി അമൂല്യമാണ്.
    ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍.
    ക്രിസ്തുമസ്,പുതുവത്സര ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  38. aashamsakal........... pls read orkutt oru swapnakoottu on my blog...........

    ReplyDelete
  39. അഭിനന്ദനങ്ങൾ മാത്രമല്ല, നന്ദിയും അറിയിക്കുന്നു. എന്റെ മനസ്സിലുള്ളത് ലേഖനമാക്കിയതുപോലെ. ഇത്തരം വിഷയങ്ങളിൽ ഇനിയും ഇങ്ങനെ എഴുതണം. ആശംസകൾ.

    ReplyDelete
  40. കാലികപ്രസക്തവും ഗൗരവാര്‍ഹവുമായ നല്ല ലേഖനം.മേരി ലില്ലിയുടെ ബ്ലോഗില്‍ നിന്നാണ് 'തൂതപ്പുഴയോരം'എന്ന ഈ നല്ല ബ്ലോഗിലെത്തിയത്.നന്ദിയുണ്ട് ഇങ്ങിനെ ഒരു ലേഖനം സമ്മാനിച്ചതിന്.ഇതു പോലെയല്ലെങ്കിലും ഈദൃശ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലേഖനം 'പീഡനപര്‍വം' എന്റെ ബ്ലോഗിലു (ഒരിറ്റ് )മുണ്ട്.ഒന്ന് നോക്കൂ...
    പിന്നെ, തൂത എന്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയാണ്.എവിടെയാണ് വീട് ?നാട്?വിരോധമില്ലെങ്കില്‍ അറിയിക്കുക .
    സ്നേഹപൂര്‍വ്വം
    മുഹമ്മദ്കുട്ടി,ഇരിമ്പിളിയം

    ReplyDelete
  41. "വിദ്യാഭ്യാസത്തിന്റെ സ്മഗ്രലക്ഷ്യം സാമൂഹ്യ പുരോഗതിയാണെന്നും പറയപ്പെടുന്നു."
    പറയുന്നതെന്തായാലും കാണുന്നതിങ്ങനെ-വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് കൂടുതല്‍ വര്‍ഗ്ഗീയവാദിയും കൂടുതല്‍ ജാതിക്കോമരവും ആകുന്നു.,വിദ്യാഭ്യാസത്തില്‍ ഉയരുന്നതനുസരിച്ച് മനസ്സ് ചുരുങ്ങി വരുന്നു.ഈ ഭൂമിയും അതിലെ സൃഷ്ട്ടികളും തനിക്ക് വേണ്ടിയാണെന്ന ചിന്ത ശക്തമാകുന്നു.സമൂഹത്തോട് തനിക്കൊരു കടപ്പാടുമില്ലെന്നും സമൂഹം തന്നോടു കടപ്പെട്ടിരിക്കുന്നു എന്നും ധരിച്ചുവശാകുന്നു .....

    ReplyDelete
  42. സ്നേഹവും സഹാനുഭൂതിയും പഴങ്കഥയായികൊണ്ടിരിക്കുന്ന ഇന്നിന്‍റെ ലോകം വായിച്ചിരിക്കേണ്ട വരികള്‍..മനോഹരമായ എഴുത്ത് ..സ്നേഹാശംസകള്‍

    ReplyDelete
  43. കുറച്ചു പേരെങ്കിലും ഇങ്ങനെയുള്ള മനോഭാവം ഉള്ളവരുണ്ടല്ലോ എന്നോര്‍ക്കുമ്പോളാശ്വാസം തോന്നുന്നു. നല്ല ലേഖനം. ആശംസകള്‍

    ReplyDelete
  44. നല്ലൊരു വിഷയം. നന്നായി പറഞ്ഞിരിക്കുന്നു. ഇന്നാണ് ബ്ലോഗ്‌ കാണുന്നത്. ആശംസകള്‍

    ReplyDelete