Saturday, November 3, 2012

അലി ഉസ്താദ് - ഒരു ഓർമ്മക്കുറിപ്പ്.

   ഒരു ഗ്രാമം ഒന്നടങ്കം നിശ്ചലമായ നിമിഷമായിരുന്നു അത്..എല്ലാവരെയും ദു:ഖിപ്പിച്ച ഒരു മരണവാർത്ത! മരണം ആരുടേതായാലും അതു സങ്കടപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളുടേതായാലോ.? ആ വേർപാട് കാലങ്ങൾ മാഞ്ഞുപോയാലും മറക്കാൻ കഴിയില്ല. വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി.. എന്നിട്ടും ഒരു നൊമ്പരമായി ഞങ്ങൾ ഗ്രാമക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് അലി ഉസ്താദിന്റെ സുന്ദരമുഖം. കൊച്ചു കുട്ടികൾ തൊട്ട് വൃദ്ധന്മാർ വരെ  ഒരു പോലെ സ്നേഹിക്കാൻ അലി ഉസ്താദിനുണ്ടായിരുന്ന ഗുണം എല്ലാവരോടും സൌഹൃദപരമായി ഇടപഴകിക്കൊണ്ടുള്ള പെരുമാറ്റം തന്നെയായിരുന്നു. മദ്രസാധ്യാപകനായിരുന്ന അദ്ധേഹത്തിന്റെ അധ്യാപനരീതി തന്നെ എല്ലാവർക്കും മാതൃകാപരമായിരുന്നു.
                                ഒന്നാം ക്ലാസിൽ പേടിയോടെ നെഞ്ചിടിപ്പോടെ പ്രവേശിച്ചപ്പോൾ ബോർഡിൽ “ ഈ ലോകത്തെ ഏറ്റവും നല്ല കുട്ടികൾ നിങ്ങളാണ് മക്കളെ” എന്നു എഴുതി സന്തോഷത്തിന്റെ പൂത്തിരി ഇളം മനസ്സുകളിൽ വിരിയിക്കാൻ ഒരേ ഒരു ഉസ്താദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
കുട്ടികളെ പഠിപ്പിക്കാൻ വടി ഉപയോഗിക്കാതെ സൌമ്യമായി സംസാരിച്ചു കഥകളിലൂടെയും കൊച്ചു വർത്തമാനങ്ങളിലൂടെയും ഉത്സാഹം ഉണർത്തുന്ന ഉസ്താദിന്റെ  ക്ലാസിലിരിക്കാൻ ഞങ്ങൾക്കെല്ലാവർക്കും ആവേശമായിരുന്നു.ഒരിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് കണ്ട്
പരിഭവം പൂണ്ട ഉസ്താദ് ‘ഇനി നിങ്ങളെ പഠിപ്പിക്കാൻ വേറെ ഉസ്താദ് വരും ‘ എന്ന് പറഞ്ഞ് മറ്റൊരുസ്താദിനെ ചുമതലയേൽ‌പ്പിച്ച് മാറിയപ്പോൾ ഞങ്ങൾ കരഞ്ഞ് പറഞ്ഞ് വീണ്ടും തിരിച്ചു കൊണ്ട് വരികയുണ്ടായി. കർക്കശക്കാരനായ അടിച്ച് പഠിപ്പിക്കുന്ന പുതിയ അധ്യാപകന്റെ പെരുമാറ്റം കണ്ടപ്പോഴാണ് അലി ഉസ്താദിന്റെ മഹത്വം ഞങ്ങൾക്ക് ശരിക്കും മനസ്സിലായത്. പാഠപുസ്തകത്തിലുള്ളതിനേക്കാൾ ഇസ്ലാമിക ചരിത്ര കഥകൾ ഒരു കഥാപ്രാസംഗികന്റെ ചാരുതയോടെ പറഞ്ഞ് തന്നിരുന്ന ഉസ്താദ് അനശ്വരമാക്കിയ അന്നത്തെ മദ്രസാപഠനകാലഘട്ടം ഇന്നും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്. നബിദിനം അടുത്തെത്തുമ്പോൾ ഏറ്റവും കൂടുതൽ പാട്ടുകൾ കുട്ടികൾക്ക് വേണ്ടി കണ്ടെത്തുന്നതിൽ  മുന്നിലുണ്ടായിരുന്നതും മറ്റാരുമായിരുന്നില്ല. കഴിവുള്ളവരെ പങ്കെടുപ്പിക്കുക എന്നതിൽ നിന്നും വ്യത്യസ്ഥമായി എല്ലാവർക്കും അവസരമൊരുക്കുക , എല്ലാവരെയും സന്തോഷിപ്പിക്കുക എന്ന ദൌത്യമായിരുന്നു അലി ഉസ്താദ് നടപ്പിലാക്കിയിരുന്നത്.
                                  വർണ്ണക്കൊടികളും തോരണങ്ങളുമായി നബി ദിനഘോഷയാത്ര പുറപ്പെടുമ്പോൾ എല്ലാവരെയും വിളിച്ച് കൂട്ടി  “ പൂർണ്ണ ചന്ദ്രാ നീ ഉദിച്ചു .. മറ്റു ചന്ദ്രന്മാറ് പൊലിഞ്ഞു..” എന്ന വരികൾ ബോർഡിൽ എഴുതി ഏറ്റുപാടാൻ ആവേശത്തോടെ ആഹ്വാനം ചെയ്തിരുന്നത് എല്ലാവർഷത്തെയും സ്ഥിരം കാഴ്ചയായിരുന്നു. അതീവ ശ്രദ്ധയോടെ കുരുന്നുകളെ അണി നിരത്തി ജാഥ നടത്താൻ നേതൃത്വം നൽകിയിരുന്ന അലി ഉസ്താദിന്റെ ഊർജ്ജസ്വലത എല്ലാവർക്കും പ്രചോദനം നൽകുന്ന ഒന്നായിരുന്നു.ഒരിക്കൽ മദ്രസ്സ റേഞ്ചു മത്സരങ്ങൾ അയൽ ദേശമായ പാറലിൽ വെച്ച് നടന്നപ്പോൾ തൂത യതീംഖാന മദ്രസ്സക്ക് പിന്നിൽ മൻശ ഉൽ ഉലൂം മദ്രസ്സ രണ്ടാം സ്ഥാനമായിപ്പോയതിന്റെ ദേഷ്യം സഹിക്കാതെ കുറുക്കു വഴിയിലൂടെ ഏല്ലാവരെയും ഓടിച്ച് ഒന്നാം സ്ഥാനക്കാരുടെ ജാഥക്ക് മുൻപിലെത്തി തൂതക്കാരുടെ മുന്നിലൂടെ വിജയാഹ്ലാദം നടത്താൻ പ്രേരിപ്പിച്ചത് അദ്ധേഹത്തിന്റെ മനസ്സിലുള്ള മത്സരവീര്യത്തിന്റെയും നാട്ടു മഹിമയുടെയും അടങ്ങാത്ത ആവേശത്തെയാണ് കാണിച്ചു തന്നിരുന്നത്.
           അലി ഉസ്താദിന്റെ വീരചരിത്രം പൂർണ്ണമാകണമെങ്കിൽ ഫുട്ബാളുമായുള്ള ബന്ധം തീർച്ചയായും സ്മരിക്കേണ്ടതുണ്ട്..  “തൂതപ്പുഴയുടെ ഓളങ്ങളെ പുളകം കൊള്ളിച്ച് കൊണ്ട് പച്ച പരവതാനിയണിഞ്ഞ ദാറുൽ ഉലൂം ഹൈസ്കൂൾ സ്റ്റേഡിയത്തിൽ ഇന്നേറ്റുമുട്ടുകയാണ്.... ടൈറ്റാനിയം താരം ഷൌക്കത്തിന്റെ നേതൃത്വത്തിൽ ടൌൺ ടീം അരീക്കോടിന്റെ താരങ്ങളുമായി വൈ.എം.സി പൂവ്വത്താണിയും സൂ‍പ്പർസ്റ്റുഡിയോ മലപ്പുറത്തിന്റെ ഫുൾടീമുമായി അണിനിരക്കുന്ന ബ്ലൂസ്റ്റാറ് ചെറുകരയും...ആവേശോജ്ജ്വലമായ ഒരു ഫുട്ബാൾ മത്സരം നേരിൽ കണ്ടാസ്വദിക്കുന്നതിനു വേണ്ടി എല്ലാ ഫുട്ബാൾ പ്രേമികളെയും ക്ഷണിക്കുകയാണ് ...സ്വാഗതം ചെയ്യുകയാണ്..”  അലി ഉസ്താദിന്റെ ചൊടിയുള്ള ശബ്ദം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി കേൾക്കുമ്പോൾ ഫുട്ബാൾ ഗ്രൌണ്ടിലെക്കൊന്നെത്തിനോക്കാൻ ആഗ്രഹിക്കാത്തവർ ആരും കാണില്ല.അത്രക്കും ഫുട്ബാളിനെ നെഞ്ചിലേറ്റിയ ഒരു ആസ്വാദകനായിരുന്നു അലി ഉസ്താദ് .ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെ പ്രൊഫെഷണൽ അമ്പയറിംങ്ങ് രംഗത്ത് തന്റേതായൊരു പേരു സമ്പാദിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞിരുന്നു. നാട്ട് വീര്യം മനസ്സിൽ അടിയുറച്ചുണ്ടായിരുന്ന്ത് കൊണ്ട് തന്നെ പലപ്പോഴും തൂതയുടെ ഫുട്ബാൾ ടീം കളിക്കുമ്പോൾ എടുത്തിരുന്ന തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും സെവൻസ് ഫുട്ബാൾ മൈതാനങ്ങളിൽ പ്രൊഫെഷണൽ അമ്പയറിംങ്ങിന്റെ ചിട്ടകൾ നടപ്പിലാക്കിയിരുന്ന അലി ഉസ്താദിന് ദേശങ്ങൾക്കപ്പുറത്ത് നിന്ന് പോലും ക്ഷണം ലഭിച്ചിരുന്നു. പലപ്പോഴും ‘അലിക്കായുടെ’ മഹത്വം മറ്റു ദേശക്കാരിൽ നിന്നാണ് തൂതക്കാർ ശരിക്കും അറിഞ്ഞിരുന്നത്. കറുത്ത പാന്റും ഷർട്ടും വിസിലും ബാഗുമായി വൈകുന്നേരങ്ങളിൽ അലിക്ക നടന്ന് പോകുന്നത് അക്കാലങ്ങളിലെ പതിവ് കാഴ്ച്ചയായിരുന്നു. ഫുട്ബാളിനോടുള്ള സ്നേഹത്താൽ കുട്ടികൾക്ക് വേണ്ടി പരിശീലനം നടത്തി ഒരു കോച്ചിന്റെ റോളും  അലിക്ക കൈകാര്യം ചെയ്തിരുന്നു. പന്തു തട്ടാനായി ബൂട്ട് കെട്ടിയാൽ ചെറുപ്രായക്കാരെ വെല്ലുന്ന രീതിയിൽ ഗ്രൌണ്ടിൽ ഓടിക്കളിച്ചിരുന്ന അലി ഉസ്താദ് വ്യായാമം പരിപാലിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നില്ല. പ്രായഭേദമന്യേ സംസാരിക്കാൻ ശ്രമിച്ചിരുന്ന അദ്ധേഹം ഞങ്ങൾ  യുവാക്കളുടെ കൂട്ടത്തിലേക്ക് രണ്ടു വരി മാപ്പിളപ്പാട്ടും പാടി വന്നിരുന്നതും സരസമായി സംസാരിച്ചിരുന്നതും വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നതും  ഉപദേശങ്ങൾ നൽകിയിരുന്നതുമൊക്കെ ഇന്നും ഞങ്ങൾക്കാർക്കും മറക്കാൻ കഴിയുന്നില്ല.         
                                       മരണത്തിന്റെ ഉൾവിളി മനസ്സിലുണ്ടായിരുന്നോ ഉസ്താദിനെന്ന് തോന്നുകയാണിന്ന്... നിനച്ചിരിക്കാതെ മരണം മാടിവിളിച്ച് കാലയവനികക്കുള്ളിൽ മറച്ച
കാര്യമോർക്കുമ്പോൾ..മരണത്തെയും ഖബറിനെയും മരണാനന്തരജീവിതത്തെയും കുറിച്ച് ക്ലാസെടുക്കുമ്പോൾ കരയാതെ പൂർത്തിയാക്കാൻ ഉസ്താദിന് കഴിഞ്ഞിരുന്നില്ല.
ചെറുപ്പക്കാരായ ചില ഗ്രാമവാസികൾ അകാലത്തിൽ മരണപ്പെട്ടപ്പോൾ ഞങ്ങളോട് പറയുകയുണ്ടായി..“കുട്ടികളേ..യുവത്വത്തിന്റെ പ്രസരിപ്പ് വിട്ടുമാറാത്ത നമ്മുടെ സഹോദരന്മാരെയാണ് മരണം കവർന്നെടുത്തിരിക്കുന്നത് .അവരുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും...ഈ അലിയുടെ നെഞ്ചിൽ നിന്ന് ഇടക്കിടെ വരുന്ന വേദന..പടച്ചവനേ..എന്റെ മക്കൾ.. എന്റെ കുടുംബം..അവരെ നാഥനില്ലാതാക്കരുതേ..എല്ലാവരും എനിക്കും മറ്റെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.സന്മാർഗ്ഗത്തിൽ ജീവിക്കണം.”  അലി ഉസ്താദിന്റെ ഉള്ളിലുണ്ടായിരുന്ന മരണഭീതി യാദാർത്ഥ്യമായപ്പോൾ അത് ആ ദിവസത്തെ ഞെട്ടൽ മാത്രമായല്ല എന്നും ഒരു നൊമ്പരമായാണ് ഞങ്ങളിൽ അനുഭവപ്പെടുന്നത്. ഗ്രാമമൊന്നടങ്കം ഫുട്ബാൾ കാണാനായി മറ്റൊരു ദിക്കിലേക്ക് പോയൊരു വൈകുന്നേരം മൈക്കിലൂടെ അറിയിക്കപ്പെട്ട സന്ദേശം, ‘തൂതക്കാരെല്ലാവരും എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു ചെല്ലണമെന്ന’ ആ അറിയിപ്പ് ബാക്കിവെച്ചിരുന്നത് അലി ഉസ്താദിന്റെ ചേതനയറ്റ മുഖമായിരുന്നുവെന്ന സത്യം ആർക്കും  അംഗീകരിക്കാവുന്നതായിരുന്നില്ല.കുട്ടികളും സ്ത്രീകളും മുതിർന്നവരും വൃദ്ധരും എല്ലാവരും തേങ്ങിയ ദിവസം. മരണ വിവരമറിഞ്ഞ പ്രവാസികൾ വിശ്വസിക്കാനാവാതെ അവരവരുടെ വീടുകളിലേക്ക് വീണ്ടും വിളിച്ച് കണ്ണീർ തൂകിയ കറുത്ത ദിനം..
 “ വീട്ടിലെ മെത്ത പിരിഞ്ഞു നമുക്കിനി കാട്ടിലാറടി മണ്ണാണ്..ചേലിൽ ചെന്ന് കിടക്കണ നമ്മുടെ മേലെ വരുന്നതും കല്ലാണ്...”  ഉസ്താദ് ഇടക്കിടെ മൂളിയിരുന്ന മാപ്പിളപ്പാട്ടിന്റെ  വരികൾ പോലും കരയുന്ന രാവ്...   മൌനം മറയാക്കി മരണവീടുകളിൽ ആശ്വാസമേകുന്നവർ പോലും വിതുമ്പലടക്കാൻ പ്രയാസപ്പെട്ട നിമിഷങ്ങൾ!!  ഇല്ല...മരണത്തോടെ അലി ഉസ്താദ് മറക്കപ്പെടുന്നില്ല.. ഓരോ തൂതക്കാരുടെ മനസ്സിലും എന്നും നിലനിൽക്കും, മനോഹരമായ, ഊർജ്ജസ്വലമായ, കരുത്തുറ്റ ആ മുഖം.
                                 പ്രിയ ഉസ്താദ്.. നിങ്ങൾ ഇന്നും ജീവിക്കുകയാണ്...ഓരോ വർഷവും മദ്രസയിലേക്ക് കുരുന്നുകൾ ആദ്യ കാൽ‌പ്പടി ചവിട്ടുമ്പോൾ...നബിദിനാഘോഷത്തിനായി വർണ്ണക്കൊടികൾ മിനുക്കിയെടുക്കുമ്പോൾ..അണിയണിയായ് ജാഥക്ക് പുറപ്പെടുമ്പോൾ..കുഞ്ഞിളം ചുണ്ടുകളിൽ നിന്ന് മാപ്പിളപ്പാട്ടുകൾ മൂളിത്തുടങ്ങുമ്പോൾ..തൂതപ്പുഴയുടെ ഓളങ്ങൾ കാല്പ്ന്തു കളിയുടെ ഇരമ്പലിൽ മതി മറന്നാടുമ്പോൾ..മൈതാന മദ്ധ്യത്തിൽ നിന്ന് തട്ടിത്തുടങ്ങുന്ന ഓരോ പന്തിന്റെയും നിഴലുകൾ നൃത്തം ചെയ്യുമ്പോൾ..  ഞങ്ങൾ കാത്തിരിക്കുകയാണ്.. കൂട്ട്കൂടലിന്റെ  ഉല്ലാസ വേളകളിൽ ഇളം തെന്നൽ വീശിയടിച്ചകലുമ്പോൾ....വരും.. ഉസ്താദ് വരും..തൂതക്കാർക്ക് സ്നേഹത്തിന്റെ ദൂതുമായ്..അനശ്വരമായ സന്ദേശത്തിന്റെ വെളിച്ചവുമാ‍യ്..ഹൃദ്യമായ സൌഹൃദത്തിന്റെ നിമിഷങ്ങളുമായ്..സ്വപ്നത്തിന്റെ തേരിലേറിയെങ്കിലും!
16 comments:

 1. സ്മരണാഞ്ജലികള്‍

  ( ഇപ്പോള്‍ ബ്ലോഗില്‍ അധികം കാണാറില്ലല്ലോ മുനീര്‍, തിരക്കുകളാണോ?)

  ReplyDelete
 2. ഇതിലും വലിയ ഗുരുദക്ഷിണ എന്താണ്? ഉസ്താദിന് ആദരാഞ്ജലികള്‍.

  ReplyDelete
 3. വളരെ നല്ല പ്പോസ്റ്റ്. കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍ :)

  ReplyDelete
 4. ഈ തൂതപ്പുഴയോരത്ത് വന്നിട്ട് കുറേയായി....ഗുണപാഠമുള്ള പോസ്റ്റ്‌ ഇതാണ് മാതൃകാധ്യാപകന്‍ !ഇവര്‍ ജീവിക്കുന്നു മരണത്തിലും.കാവ്യാല്‍മകമായി പറയുകയാണെങ്കില്‍ ഒരു സൂര്യനെ ഖബറടക്കാന്‍ ഒരു മഹാസാഗരം (ജനങ്ങള്‍)) )}ഉണ്ടാവാന്‍ ജീവിതം അത്രമാത്രം പുണ്യകരമാവണം.ഒരു പാട് നന്ദി പ്രിയ മുനീര്‍. ആ ഗുരുനാഥന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി സ്വര്‍ഗം നല്‍കട്ടെ -നമുക്കും !

  ReplyDelete
 5. അലി ഉസ്താതിന്റെ
  ഈ വീരചരിത്രം എഴുതി
  കാണിക്ക വെച്ചതുതന്നെയാണ്..
  മുനീർ അദ്ദേഹത്തിന് നൽകിയ ഏറ്റവും
  നല്ല ഗുരുദക്ഷിണയും , സ്മരണാഞ്ജലിയും കേട്ടൊ ഭായ്

  ReplyDelete
 6. അലി ഉഷ്താതിനെ പോലെ എല്ലാ ഗ്രാമങ്ങളിലും ഇങ്ങിനെ ഓര്‍ത്തെടുക്കാന്‍ പറ്റിയ അല്ല ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്ത വ്യക്തിത്വങ്ങള്‍ ഏറെ കാണാന്‍ കഴിയും. സ്നേഹത്തിന്റെ നിറകുടങ്ങള്‍
  ഏറ്റവും നല്ല ഗുരുദക്ഷിണ നല്‍കിയ പോസ്റ്റ്‌ മുനീര്‍

  ReplyDelete
 7. @ അജിത് ഭായ്..നന്ദി
  അതെ..കുറച്ചു തിരക്കിലാണ്..
  @വെട്ടതതാൻ.
  നന്ദി.അതെ ഗുരു ശിഷ്യനു നൽകുന്ന പാഠങ്ങൾ മനസ്സിൽ പതിയുമ്പോഴാണ് ഓർമ്മയിൽ മായാതെ നിൽക്കുക.
  @Anjali
  നന്ദി
  @ Mohammed kutty Irimbiliyam
  ആമീൻ..അഭിപ്രായത്തിന് നന്ദി. അതെ സമീപനങ്ങളിലുള്ള വ്യത്യസ്ഥത മനുഷ്യരെ ശ്രേഷ്ടരാക്കുന്നു.മാതൃകാധ്യാപകർ നല്ല കുറേ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്.
  @ ബിലാത്തിപട്ടണം.
  നന്ദി
  @ റാംജി.
  നന്ദി റാംജി.. ഗ്രാമം ഏറ്റെടുക്കുന്ന വ്യക്തികളുടെ ജീവിതം ഏല്ലാവരുടെയും ഓർമ്മകളിൽ നിന്നും മായാതെ നിൽക്കുന്നതാണ്.

  ReplyDelete
 8. ഇത്തരം സ്നേഹ സമ്പന്നരായ അദ്ധ്യാപകര്‍ ഇന്ന്
  വിരളമായിക്കൊണ്ടിരിക്കുന്നു. ഈ ഓര്‍മ്മക്കുറിപ്പ്‌
  വളരെ നന്നായി അവതരിപ്പിച്ചു.
  അടുത്തിടെ ഞാനും ഒരു പോസ്റ്റു, തികച്ചും അവിചാരിതമായി
  എന്റ് ഒരു അദ്ധ്യാപകനോടുള്ള ബന്ധത്തില്‍ കുറിച്ചിരുന്നു.
  "കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും എന്നാ തലക്കെട്ടില്‍
  സമയ ലഭ്യതയനുസരിച്ച് നോക്കുമല്ലോ.
  വീണ്ടും കാണാം

  ReplyDelete
 9. സ്മരണാഞ്ജലികള്‍...
  തികച്ചും ഹൃദയസ്പര്ശി ആയിരുന്നു കുറിപ്പുകള്‍... തൂത പുഴയോരം എന്റെ ജന്മ ദേശമായാത് കൊണ്ടാവാം.. കൂടുതല്‍ വായനാ സുഖം ലഭിച്ചു
  വര്‍ഷങ്ങള്‍ക്ക് മുന്പ് തൂതയെ കുറിച്ച് ഞാനും ഒന്ന് പോസ്റ്റിയിരുന്നു....
  http://entesathram.blogspot.com/2008/06/blog-post.html

  ReplyDelete
 10. ആദരാഞ്ജലികള്‍...
  ഇനിയും നല്ല പോസ്റ്റുകള്‍ പോരട്ടെ..
  ആശംസകള്‍...

  ReplyDelete
 11. അലി ഉസ്താതിനുള്ള ആര്‍ദ്രമായ സ്മരണിക. മദ്രസ്സ അദ്ധ്യാപകന്‍, ഒരു സമൂഹത്തെ നേര്‍ വഴിക്ക് നയിക്കാനുതകുന്ന പ്രഭാഷണങ്ങള്‍ നടത്തി, ഫുട്ബാളിനെ നെഞ്ചിലേറ്റിയ ഉസ്താദിന് ഉസ്താദിനെ നെഞ്ചിലേറ്റിയ തൂത്ക്കാരുടെ കൂടെ പ്രാര്‍ത്ഥനയോടെ....

  ReplyDelete
 12. അലി ഉസ്താദ് വായനക്കാരുടെയും പ്രിയപ്പെട്ടവനായി മാറി.
  ചൂരലുമായി വരുന്ന ഉസ്താദുമാര്‍ക്കിടയില്‍ ഈ വ്യത്യസ്തനായ ഉസ്താദിനെ ലഭിച്ച കുഞ്ഞുങ്ങളെത്ര ഭാഗ്യവാന്മാരാണ്..

  ReplyDelete
 13. ഇന്നാണിട്ടോ വായിച്ചത് ,ഉസ്താദിന്റെ സ്മരണകള്‍ ഈ ശിഷ്യനിലൂടെ ഇവിടെ പകര്‍ത്തിയത് തികച്ചും ഉചിതമായി ,ഇന്ന് വായിച്ച ബ്ലോഗുകളില്‍ മനസ്സു നിറഞ്ഞ ഒരു പോസ്റ്റ്‌ .

  ReplyDelete
 14. വളരെ വ്യത്യസ്തതയുള്ള പോസ്റ്റ്‌ !എല്ലാ ആശംസകളും.

  ReplyDelete
 15. SUPERB POST I EVER SEEN ... BEST OF LUCK ... AND NOW ALSO AM PROUD TO BE A THOOTHAKAARAN.......

  ReplyDelete
 16. ali usthathine oorkathavarayi thoothayil oralum undavilla .thanks muneer

  ReplyDelete