Tuesday, February 16, 2016

പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങൾ : അനുഭവങ്ങൾക്ക് പറയാനുള്ളത് !

ഞ്ച് വർഷങ്ങൾക്ക് മുൻപ് പറഞ്ഞു  തീരാത്ത പ്രവാസ വിശേഷങ്ങള്‍.. എന്ന തലക്കെട്ടിൽ പ്രവാസികളെക്കുറിച്ചൊരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്  പലപ്പോഴായി പ്രവാസലോകത്ത് നേരിൽ കണ്ട് മുട്ടിയ ഒരു പാട് പേരുടെ അനുഭവങ്ങളായിരുന്നു.യാദൃച്ഛി   കമായി കടന്ന് വന്ന പല നിമിഷങ്ങളിൽ നിന്നും ഒരു കഥയുണ്ടാക്കിയാലോ എന്നുള്ള ആലോചനയുണ്ടായെങ്കിലും എല്ലാ അനുഭവങ്ങൾക്കും സാക്ഷിയായത് കൊണ്ട് തന്നെ അത് യാദാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാൻ ലേഖനമായിട്ട് തന്നെ എഴുതുകയായിരുന്നു. അതിൽ പരാമർശിക്കപ്പെട്ട, വിവിധ അനുഭവങ്ങളിലൂടെ കടന്ന് പോയ പ്രവാസികളെ  പല സന്ദർഭങ്ങളിലായി വീണ്ടും കാണാനുള്ള അവസരം വന്നണയുകയുണ്ടായി.അൽഭുതമെന്ന് പറയട്ടെ വ്യത്യസ്ഥമായ പല കാഴ്ചകളാണ് എനിക്ക് കാണാൻ കഴിഞ്ഞത്.ആ അനുഭവങ്ങളിലെക്കൊന്ന് സഞ്ചരിക്കുകയാണ് ഈ കുറിപ്പിലൂടെ.                                                                                         കുടുംബത്തിന് വേണ്ടി വർഷങ്ങളോളാം കഷ്ടപ്പെട്ട് അവസാനം ആരും വില കൽ‌പ്പിക്കാതിരിക്കുന്ന പരിഭവത്തോടെ ഗൾഫിൽ കാലാകാലം ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ട പ്രവാസികളെക്കുറിച്ചതിൽ പ്രതിപാദിച്ചിട്ടുണ്ട്. അത്തരക്കാരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. കുടുംബത്തിന് വേണ്ടി ചെയ്തത് തന്നതെല്ലാം നന്ദിയില്ലാതെ മറന്ന് കുടുംബം നോക്കിയവന്റെ കുറ്റം മാത്രം പറയുന്ന ഒരു വീട്ടുകാരുടെ സംസാരം കേട്ടപ്പോൾ ഈ വിലയില്ലായ്മ ശരിക്കും ബോധ്യമാവുകയായിരുന്നു.പുര നിറഞ്ഞ് നിൽക്കുന്ന സഹോദരിമാരെയും പട്ടിണിയും ദുരിതവും കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന കുടുംബത്തെയും ഓർത്ത് വയസ്സ് തിരുത്തി പാസ്പോർട്ട് എടുത്ത് കിട്ടിയ വിസക്ക് ഗൾഫിൽ പോയി വർഷങ്ങളോളം പണിയെടുത്ത് നാട്ടിലേക്കൊന്ന് വിശ്രമിക്കാൻ വന്ന മകന്റെ കരുതലില്ലായ്മയെപ്പെറ്റി പറയാൻ മാത്രമേ ഈ ഉമ്മാക്ക് സമയമുള്ളൂ... “ കുട്ട്യേ..എല്ലാം കൊണ്ട് പ്പൊ സുഖാ... കെട്ടിച്ചോട്ത്തെ  കുട്ട്യോൾക്കൊക്കെ പരമ സുഖാ... മക്കളൊക്കെ വലുതായി ഗൾഫിപ്പോയി ഓലൊക്കെ വീടും  വെച്ചു... എളയോനും ആള് ഉശാറാ..കാര്യ ബോധണ്ട് ..ഓനെക്കുറിച്ച് ഇന്ക്ക് വെഷമല്ല.. പക്ഷേ ന്റെ മൂത്ത മകൻ ബാബൂന്റെ കാര്യാലോയിച്ചിട്ട് ഇപ്പളും ദെണ്ണം തീര്ണ് ല്ല. ഓൻ ഗൾഫീന്ന് വന്നാ പിന്നെ സെറ്റും കൂടീം ങ്ങനെ നടക്കും ...ഇത്ര കാലം ഗൾഫിൽ നിന്ന്ട്ട് ഒന്നൂല്ലത്രെ ഓന്റെ കയ്യില്! ഓന്കൂല്ലെ പെണ്ണും കുട്ട്യോളും...ഒരു പെരെക്കിത്  വരെ തറ പോലും ഇട്ട്ട്ടില്ല..എന്താപ്പോന്റെ വിചാരന്നാവോ...”                                                                                                                                  “ ങ്ങളെ മൂന്ന് പെൺകുട്ട്യോളേം കെട്ടിച്ചയച്ചത് ബാബു ഗൾഫീപ്പോയിട്ടല്ലേ....”  , വീടിന്റെ ആധാരം ബാങ്കിന്ന്ട്ത്തതും ഇത്രകാലം വീട്ട് ചെലവിന് പൈസ അയക്കുന്നതുമൊക്കെ ബാബു തന്നെയല്ലേ.. ”     ഞാനൊന്ന് ഓർമ്മപ്പെടുത്തി നോക്കി                                                                                        “ അതൊക്കെ ശരിയന്നെ.... ന്നാലും കുട്ട്യേ ഇത്ര കാലം ഗൾഫില് നിന്നിട്ട് സ്വന്തായിട്ട് ഓന്റെ കയ്യിലൊന്നുല്ലാന്ന് പറയ്ണതാ ഇൻക്ക് തിരിയാത്തത് ...”                                                                                                                   കാലങ്ങൾ മാറും തോറും ചെയ്ത ഉപകാരങ്ങൾ മറക്കുന്ന,കയ്യിലൊന്നുമില്ലാത്ത അവസ്ഥയെ പരിഹസിക്കുന്ന,വർഷങ്ങളായുള്ള പ്രവാസജീവിതം കൊണ്ട് , കയ്യയച്ചുള്ള സഹായവിതരണങ്ങൾ കൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് മറന്ന് പോകുന്ന പ്രവാസിയുടെ ജീവിത ശൈലിയെപ്പോലും കീറിമുറിച്ച് പരിശോധിച്ച് കുറ്റം പറഞ്ഞ് കൊണ്ടേയിരിക്കുന്ന ഇത്തരം ആളുകൾക്ക് എന്ത് പറഞ്ഞാലും മനസിലാകില്ല എന്നുറപ്പാണ്. കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്ന കുടുംബക്കാർ ഒരു പാടുള്ളത് കൊണ്ട് തന്നെ വിങ്ങുന്ന മനസ്സുമായിക്കഴിയുന്ന പ്രവാസികളുടെ കഥകൾക്കും അറ്റമുണ്ടാവില്ല!                                                                                                            ശമ്പളത്തേക്കാൾ കൂടുതൽ കിമ്പളം പറ്റുന്ന ,അറബികൾ വിശ്വസിച്ചേൽ‌പ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കാശടിച്ച് മാറ്റി അതിനെ ന്യായീകരിക്കുന്ന അതുമല്ലെങ്കിൽ ഒറ്റയടിക്ക് വലിയ സംഖ്യ അടിച്ച് മാറ്റി രാജ്യംവിട്ട് നാട്ടിൽ വലിയ പണക്കാരാവുന്നവരെക്കുറിച്ചൊരു വിവരണമുണ്ടായിരുന്നു. ഈ കൂട്ടത്തിൽ പെട്ട ഒരാൾ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വർഷങ്ങളോളം കാശ് അടിച്ച് മാറ്റി അത്യാവശ്യം സമ്പാദിച്ചു.പിന്നീട് ജോലിയൊക്കെ രാജിവെച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങി.അവിടെയും വിജയം തന്നെ. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഇത്രകാലം പിടികൂടാതിരുന്ന മന:ക്ലേശവും ബുദ്ധിമുട്ടുകളും ഇപ്പോൾ വല്ലാതെ തളർത്തിക്കൊണ്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല. ബിസിനസ്സ്  നടക്കുന്നുണ്ടെങ്കിലും കാശ് കയ്യിലെത്തുന്നില്ല. താൻ എങ്ങിനെയായിരുന്നോ കാശ് അടിച്ച് മാറ്റിയിരുന്നത് അതിനേക്കാൾ സമർത്ഥമായി ഒപ്പമുള്ളവർ കീശ വീർപ്പിക്കുന്നുണ്ട്.എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ! എന്തെങ്കിലും ചോദിക്കാൻ ശ്രമിച്ചാൽ ഇപ്പോൾ ഉള്ളത് പോലും നഷ്ടപ്പെട്ട് പോകും എന്ന ഭയത്താൽ മാനസികമായി തളർച്ചയിലാണ് കക്ഷി! എന്തായാലും പണ്ട് പണം അടിച്ച് മാറ്റിയത് കൊണ്ടാണ് ഈ അവസ്ഥ വന്നത് എന്നൊരു ബോധമെങ്കിലും ആൾക്ക് ഉണ്ടായിട്ടുണ്ട്.ചിലരങ്ങിനെയാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത് വരെ സത്യസന്ധതക്കോ നന്മകൾക്കോ ഒന്നും കൂട്ട് നിൽക്കില്ല. വൈകിയ വേളയിലേ എല്ലാം മനസ്സിലാക്കൂ..പിന്നീട് തളർച്ചയുടെ ഘട്ടമായിരിക്കും. ഇതേ പോലെ തളർന്നിരിക്കുന്ന മറ്റൊരാളുടെ അനുഭവവുമുണ്ട്.പ്രവാസത്തിന്റെ ആദ്യഘട്ടത്തിൽ നല്ല നടപ്പിൽ ജീവിച്ചത് കൊണ്ട് കാര്യമായി സമ്പാദിക്കാൻ കഴിഞ്ഞില്ല എന്ന ദു:ഖത്താൽ അടുത്ത പ്രവാസത്തിൽ മറ്റൊരു രാജ്യത്ത് നല്ല പ്ലാനിങ്ങോടെയാണ് വന്നിറങ്ങിയത്. നാലഞ്ച് വർഷം നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ വലിയൊരു സംഖ്യ അടിച്ച് മാറ്റി ഒറ്റ മുങ്ങൽ ആയിരുന്നു.അതും പോലീസിന്റെ കണ്ണ് വെട്ടിച്ച് തല നാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.നാട്ടിലെത്തിയതോടെ പെട്ടെന്ന് തന്നെ പണക്കാരനെന്ന പേര് കിട്ടി.കുറച്ച് കാലം സമ്പത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലമായിരുന്നു. പല തരം ബിസിനസ്സുകളിലും കാശിറക്കി  . ബിസിനസ്സിനോടുള്ള ലഹരി മൂത്ത് കടം വാങ്ങിയും ലോണെടുത്തുമൊക്കെ കാശ് കൊണ്ട് കളിച്ചു, കട്ട കാശ് കയ്യിൽ നിൽക്കില്ല എന്ന പഴമൊഴി പോലെത്തന്നെ കഴുത്തറപ്പൻ പലിശക്കാരുടെ കെണികളിൽ വീണ് കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട് നിരാശനായിരിക്കേണ്ട ഗതികേടാണ് ഈ പ്രവാസക്കള്ളനും വിധിയുണ്ടായത്.എളുപ്പത്തിൽ പണക്കാരായി  പാവപ്പെട്ട സത്യസന്ധരായ പ്രവാസികളുടെ കഷ്ടപ്പാടിന്റെ വില ഇല്ലാതാക്കുന്നുണ്ടെങ്കിലും അവസാനം സമാധാനമില്ലാത്ത ജീവിതത്തിലേക്കാണ് ഇവർ ചെന്നെത്തുന്നത്. എന്നാൽ നല്ലവരായി വർഷങ്ങളോളം അദ്ധ്വാനിച്ച് ബാധ്യതകൾ നിറവേറ്റി സമ്പാദിക്കുന്നവർക്കാകട്ടെ എന്നും സമാധാനവും ആത്മസംതൃപ്തിയും ജീവിതത്തിന്റെ അടയാളമായിത്തന്നെ നില നിൽക്കുന്നു.                                                                                                 നാട്ടിലെ 5000 രൂപ വരുന്ന ശമ്പളം കൊടുത്ത് വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്ന ഒരു പ്രവാസി മുതലാളിയെക്കുറിച്ചും കഷ്ടപ്പെടാൻ വിധിക്കപ്പെട്ട പ്രവാസിയെക്കുറിച്ചും ഒരു പരാമർശമുണ്ടായിരുന്നു ലേഖനത്തിൽ. ഒരു ബഖാലയിൽ ജോലി ചെയ്തിരുന്ന ആ പ്രവാസിയുടെ അളിയന് മറ്റൊരു ഗൾഫ് രാജ്യത്തിൽ നിന്ന് വലിയൊരു സമ്മാനത്തുക ഭാഗ്യ നറുക്കെടുപ്പിൽ ലഭിക്കുകയും അളിയൻ ഇവിടത്തെ ജോലി നിർത്തി നാട്ടിലേക്ക് ചെല്ലാൻ പറയുകയും ചെയ്തു.അങ്ങിനെ പേരിന്  ഗൾഫിൽ നിന്ന് നാട്ടിലെ ശമ്പളം വാങ്ങിയിരുന്ന ആ പാവത്തിന് നാട്ടിൽ തന്നെ സുഖമായി ജീവിക്കാനുള്ള അവസരം കൈവന്നു.വലിയ മുതലാളി ചമഞ്ഞ് നടന്നിരുന്ന പ്രവാസി മലയാളിക്കാകട്ടെ അയാൾ നടത്തിയിരുന്ന രണ്ട് ബഖാലകളും കോടതി ഉത്തരവ് വന്ന് പൊളിക്കേണ്ടി വരുകയുമുണ്ടായി!
                  ജോലിയിൽ അല്പം പ്രമോഷൻ കിട്ടുമ്പോഴേക്കും നില വിട്ട് തനിക്ക് താഴെയുള്ളവരെ തെറിവിളിച്ചും അവഹേളിച്ചും   ചവിട്ടി മെതിക്കുന്ന സ്വഭാവം കാണിക്കുന്ന കൂട്ടരെക്കുറിച്ചും ലേഖനത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ഒരറബിയുടെ ഇന്ത്യൻ ഹോട്ടലിൽ കച്ചവട പുരോഗതിക്കായി അതുവരെ എല്ലാവരെയും പോലെ ജോലിയെടുത്തിരുന്ന രണ്ട് പേരെ മാനേജർമാരായി നിയമിച്ചു. അതിൽ ഒരാൾ അഹങ്കരിക്കാതെ ക്ഷമയോടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ ജോലി തുടർന്നു.എന്നാൽ ഒരാളുടെ സ്വഭാവം പെട്ടെന്ന് മാറുകയും എല്ലാവരെയും ഭരിക്കാൻ തുടങ്ങുകയും ചെയ്തു.ഹോട്ടലിൽ യാതൊരു ബന്ധവുമില്ലാത്ത അയാളുടെ സഹോദരൻ പോലും വന്ന് പണിക്കാരോട് കയർക്കുകയും ദയയില്ലാതെ പെരുമാറുകയും ചെയ്യുന്നത് കാണാമായിരുന്നു.അവർ പിന്നീട് സ്വന്തമായി തുടങ്ങിയ ഹോട്ടൽ  പൂട്ടേണ്ടി വന്നു. വൈകാതെ തന്നെ ഗൾഫ് നിർത്തി നാട്ടിലേക്ക് മടങ്ങേണ്ട ഗതിയാണ് അയാൾക്ക് വന്നത്.അടുത്തറിഞ്ഞ ഒരു വിവരമനുസരിച്ച് വ്യക്തി ജീവിതത്തിൽ വന്ന ഒരു ദു:ഖസംഭവത്തിൽ മനസ്സ് തളർന്നിരിക്കുകയാണ് അയാൾ. അയാളുടെ സഹോദരനെ അടുത്ത് കണ്ട് മുട്ടിയപ്പോഴാകട്ടെ നിവൃത്തിയില്ലാതെ കയറിയ  ജോലിയുടെ ബുദ്ധിമുട്ട് കൊണ്ടായിരിക്കണം വല്ലാതെ നിരാശനും ദു;ഖിതനുമാണ്.മനുഷ്യത്വം മറന്ന് കൊണ്ടുള്ള ഓരോ ശകാരങ്ങൾക്കും തിരിച്ചടിയായി സ്വയം ഉരുകേണ്ട അവസ്ഥ വരാനുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഈ സംഭവം. ക്ഷമയോടെ നീതിയോടെ നന്നായി പെരുമാറിയിരുന്ന രണ്ടാമത്തെ ആൾക്കാകട്ടെ വലിയ ജീവിത വിജയമാണ് കൈവന്നത്.അറബി ഇന്ത്യൻ ഹോട്ടൽ മാറ്റി വലിയൊരു അറബിക് ഹോട്ടൽ സ്ഥാപിക്കുകയും അതിന്റെ മാനേജറായി ഈ മലയാളിയെത്തന്നെ നിയമിക്കുകയും ചെയ്തു.ഇപ്പോൾ ഇരുന്നൂറിലധികം വ്യത്യ്സ്ഥ രാജ്യക്കാരായ ജോലിക്കാരുടെയെല്ലാം മാനേജറായി വലിയ പണക്കാരനായി മാറിക്കഴിഞ്ഞു അദ്ധേഹം.
               മൂന്ന് വർഷങ്ങൾക്ക് മുൻപ് എഴുതിക്കൊണ്ടിരിക്കുമ്പോൾ  എന്റെ സഹപ്രവർത്തകൻ ഉൾപ്പെടുത്താൻ പറഞ്ഞത് കൊണ്ടാണ് പ്രവാസികൾക്കിടയിലെ ബ്ലേഡ് പലിശക്കാരെക്കുറിച്ച് സൂചിപ്പിച്ചത്. അതിന്റെ വലിയ ഒരു ഇരയായിരുന്നു എന്റെ സുഹൃത്ത്.ബുദ്ധിമുട്ടിയ സമയത്തെടുത്ത കാശിന് അടച്ചു തീർത്ത പലിശക്ക് കണക്കില്ല.കുറേയധികം കടങ്ങളും പ്രാരാബ്ധങ്ങളുമായി മടുത്ത്   ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞ്  നാട്ടിലേക്ക്   പോയ ആ സുഹൃത്ത് ഒരു ദിവസം മരണപ്പെട്ടു എന്ന വാർത്ത വല്ലാതെ ഞെട്ടലോടെയാണ് കേട്ടത്.പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ഓടിയെത്തിയിരുന്ന പ്രചോദനം നൽകുന്ന ഉപദേശങ്ങൾ നൽകിയിരുന്ന വിശാലഹൃദയമുള്ള ആ സുഹൃത്തിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്നതായിരുന്നു.കുടുംബപ്രാരാബ്ദം സ്വയം ഏറ്റെടുത്ത് വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സഹോദരിയുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തെങ്കിലും കല്യാണത്തിനു ശേഷം ഒരു ബന്ധവും പുലർത്തുകയോ ഫോൺ വിളിക്കുകയോ പോലും ചെയ്യാത്ത സ്വന്തം പെങ്ങളുടെ നന്ദികേടിനെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു.ദാരിദ്ര്യത്തിൽ നിന്നും സമ്പത്തിലേക്ക് കൈപിടിച്ചുയർത്തിയ സഹോദരനോട് നന്ദി പ്രക്ടിപ്പിച്ചില്ലെങ്കിലും അവഗണിക്കാൻ പാടില്ലായിരുന്നു.പ്രവാസികളുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങൾ കാരണമാകുന്നുണ്ടെങ്കിലും അത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നതിന് പിന്നിൽ വേണ്ടപ്പെട്ടവരുടെ നന്ദികേടിന്റെയും അവഗണനയുടേയും കുറേ കഥകളുണ്ട്.
                       കുടുംബത്തിനു വേണ്ടി കര കടന്നെത്തി ബദൽ കുടുംബത്തെ സൃഷ്ടിക്കുന്നവരെക്കുറിച്ചൊരു പരാമർശമുണ്ടായിരുന്നു. നാട്ടിലുള്ളവർക്കോ  അടുത്ത പരിചയക്കാർക്കോ പോലും ഒരിക്കലും ഒരു സൂചന പോലും കൊടുക്കാതെ തികഞ്ഞ മാന്യത പുലർത്തുന്നവർ.എന്നാൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ പരസ്ത്രീ ബന്ധം പുലർത്തുന്നവർ.ഇതുമായി ബന്ധപ്പെട്ട കക്ഷിയെ വീണ്ടും കണ്ട് മുട്ടുകയുണ്ടായി.ഒരു ബസ്സ് യാത്രക്കിടെയായിരുന്നു അവിചാരിതമായി അയാളെ കാണാനുള്ള അവസരമുണ്ടായത്.പരിചയം പുതുക്കിയപ്പോൾ തികഞ്ഞ മാന്യൻ തന്നെ.വർഷങ്ങൾ കഴിഞ്ഞതല്ലേ ,പഴയ സ്വഭാവത്തിനൊക്കെ മാറ്റമുണ്ടായിക്കാണും എന്ന എന്റെ മുൻവിധിയെയൊക്കെ തകിടം മറിച്ച് കൊണ്ട് അയാൾ മറ്റൊരു സ്ത്രീയോടൊപ്പം ഇറങ്ങിപ്പോകുന്ന കാഴ്ചക്കാണ് എനിക്ക് സാക്ഷിയാകേണ്ടി വന്നത്! ഗൾഫുകാരന്റെ ഭാരയെക്കുറിച്ചുള്ള വാർത്തകൾക്കും അപവാദങ്ങൾക്കും ഇപ്പോഴും യാതൊരു പഞ്ഞവുമില്ല.എന്നാലോ വളരെ സമർത്ഥമായി ഇരുണ്ടജീവിതം നയിക്കുന്ന കപടന്മാരായ ഇത്തരക്കാർ സുന്ദരമായി രക്ഷപ്പെടുകയും ചെയ്യുന്നു!
                   ‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂർ ഏയർപ്പോർട്ടിലെ ബാത്ത് റൂമിന്റെ വാതിലിൽ കോറിയിട്ട ഈ വാക്കുകൾ എടുത്ത് പറഞ്ഞ് കൊണ്ടാണ് ലേഖനം അവസാനിപ്പിച്ചത്.കഞ്ഞികുടിക്കാൻ വകയില്ലാത്ത കുടുംബത്തിന്റെ, കണ്ണീർ കാണാൻ ശേഷിയില്ലാതെ ഇളം പ്രായത്തിൽ തന്നെ ബാധ്യതകൾ ഏറ്റെടുത്ത് സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റിവെച്ചവരാണ് പ്രവാസികൾ.ദാരിദ്ര്യത്തിൽ ആണ്ട് പോയ കുടുംബത്തെ വിശപ്പകറ്റിയും ചോരാത്ത കൂരയുണ്ടാക്കിക്കൊടുത്തും കൂടെപ്പിറപ്പുകൾക്ക് ജീവിതമുണ്ടാക്കിക്കൊടുത്തും ഒരു വൻവൃക്ഷം പോലെ തണലേകിയവരാണ് പ്രവാസികൾ.ഒന്നും പ്രതീക്ഷിച്ചില്ല സ്വന്തക്കാർക്ക് വേണ്ടി മരുഭൂമിയിൽ ജീവിതം ഹോമിക്കുന്നതും! ഉറ്റവർക്ക് താങ്ങും തണലായി മാറുന്നവർക്ക് കഠിനമായ മനസ്സുണ്ടാവില്ല.കണക്കെഴുതി വെച്ച് എണ്ണിയെണ്ണിപ്പറയാനുള്ള ത്രാണിയുണ്ടാവില്ല.നന്ദി ചെയ്യേണ്ടതെങ്ങിനെയെന്നറിയാത്തവരുള്ള ലോകത്ത് നന്ദി പ്രതീക്ഷിച്ചിരുന്നിട്ടും കാര്യമില്ല. എങ്കിലും എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്ത് തീർത്ത സംതൃപ്തി മാത്രം നേട്ടമായിക്കണ്ട് പിറന്ന നാടിൽ സ്വസ്ഥ ജീവിതം നയിക്കാനുള്ള ആഗ്രഹം മാത്രം നടപ്പിലാക്കാനുള്ള ശ്രമത്തെ യാതൊരു വിലയും കൽ‌പ്പിക്കാതെ അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കൂട്ടിലിട്ട് ശിക്ഷിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്.ആരും സമാധാനം തന്നില്ല, സ്വന്തം മക്കളും സമാധാനം തരുന്നില്ല എന്നതാണ് അവസ്ഥയെങ്കിൽ പിന്നെ  ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്? പ്രവാസത്തിലേക്ക് തന്നെ തിരികെയുള്ള മടക്കം ജീവിതത്തിലേക്കുള്ള മടക്കമല്ല. അത് മരണത്തിലേക്കുള്ള തുടക്കമാണ്.മനസ്സ് മടുക്കുന്നതോടെ പതിയെ പതിയെ മരണം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കും പ്രവാസികളുടെ കദനകഥകൾ വർഷങ്ങൾക്കിപ്പുറവും തുടർന്ന് കൊണ്ടേയിരിക്കുന്നു എന്ന് മാത്രമല്ല അപ്രതീക്ഷിത മരണങ്ങൾ അധികരിച്ച് കൊണ്ടിരിക്കുന്നതാണ് ഞെട്ടിപ്പിക്കുന്നതും!

4 comments:

  1. "അവനവന്‍ ചെയ്യുന്നതിന്‍റെ ഫലം അവനവന്‍തന്നെ അനുഭവിക്കേണ്ടിവരും"എന്നചോല്ലിന്‍റെ
    പൊരുള്‍ എത്ര അര്‍ത്ഥവത്താണ്‌...
    ആശംസകള്‍

    ReplyDelete
  2. അനുഭവങ്ങൾ വായിച്ചപ്പോൾ പത്തേമാരി സിനിമ ആണോർമ്മ വന്നത്. നീതിയോടെയും ധർമ്മത്തോടെയും ജീവിക്കുകതന്നെയാണു മഹത്തായ കാര്യം

    ReplyDelete
  3. ‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള
    ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും
    യാത്ര തിരിക്കുന്നു.’
    ഏത് പ്രവാസിയുടെ പ്രയാസങ്ങൾ ഇല്ലാതാകണമെങ്കിൽ അവർ
    വീണ്ടും പ്രവാസിയായാലെ ഇല്ലാതാകു എന്നതാണ് ഏതൊരു പ്രവാസാനുഭങ്ങളും
    നമ്മെ ബോധിപ്പിച്ച് കൊണ്ടിരിക്കുന്നത് അല്ലേ ഭായ്.
    കൊല്ലത്തിൽ ഒരു തവണയെങ്കിലും ഇതുപോൽ നല്ല ആലേഖനങ്ങളുമായി വരുന്നത് , ഒന്നും എഴുതിയിടാത്തവരേക്ക്‍ാളും നല്ലൊരു കീഴ് വഴക്കമായി പല ബൂലോകരും കരുതിയെങ്കിൽ എന്ന് ചുമ്മാ ആശിച്ച് പോകുന്നു ...!

    ReplyDelete
  4. ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് പോകുന്നു.

    ReplyDelete