Sunday, June 4, 2017

കണ്ണീർ വറ്റാത്ത വയനാടൻ കുടിലുകൾ

താമരശ്ശേരി ചുരത്തിന്റെ ഒമ്പത് കൊടും വളവുകളും കയറി പ്രകൃതി പച്ചപ്പുതപ്പിട്ട മനോഹരിയായ വയനാടിന്റെ തണുത്തുറഞ്ഞ മണ്ണിലേക്ക് കാൽ കുത്തിയപ്പോൾ മനസ്സിനെ കുളിരണിയിക്കേണ്ടതായിരുന്നു.പക്ഷേ കണ്ണീരനുഭവങ്ങളുടെ നൊമ്പരക്കഥകൾ മനസ്സിൽ കണ്ണീർമഴ പെയ്യിക്കുകയായിരുന്നു.കുവൈത്തിൽ നിന്നും സുമനസ്സുകളുടെ കാരുണ്യത്താൽ യൂത്ത് ഇന്ത്യാ കുവൈത്ത് പിരിച്ചെടുത്ത സംഖ്യ സോളിഡാരിറ്റിയുടെ പ്രവർത്തകർ വയനാടൻ ഉൾപ്രദേശങ്ങളിലെ ദാരിദ്ര്യംചുറ്റിവരിഞ്ഞ കുടിലുകളിലേക്ക് ഭക്ഷണസാധനങ്ങളായി മാസം തോറും വിതരണം ചെയ്യുന്ന റേഷൻ പദ്ധതിയുടെ ഉദ്ഘാടനം കൽ‌പ്പറ്റയിലെ മുൻസിപ്പൽ ടൌൺഹാളിൽ വെച്ച് നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞതും ജീവിതയാത്രയിൽ തളർന്ന് വീണു പോയവരുടെ ദൈന്യതയാർന്ന മുഖങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞതും നൊമ്പരക്കാഴ്ചകളുടെ കരളലിയിപ്പിക്കുന്ന കഥകൾ ഓരോ പ്രാസംഗികരും വിവരിക്കുകയും ചെയ്തപ്പോൾ മനസ്സിൽ ബാക്കിയായത് ഒന്നു മാത്രം..
എത്ര ഭാഗ്യവാന്മാരാണ് നമ്മൾ ? 




വിശിഷ്ടാതിഥികൾ എത്താൻ താമസിച്ചത് കൊണ്ട് അല്പം വൈകിത്തുടങ്ങിയ പരിപാടിയിൽ ഒരു കൂട്ടർ മാത്രം നേരത്തെ എത്തിയിരുന്നു.അവശരായ വൃദ്ധജനങ്ങൾ...ഒറ്റ നോട്ടത്തിൽ തന്നെ അർഹരായവർ എന്ന് തോന്നിക്കുന്ന ആ പാവപ്പെട്ടവരെക്കൊണ്ട് തന്നെ സദസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു.എന്റെയൊപ്പം ഭാര്യയും മോനും ഉമ്മയും ഈ കാരുണ്യ പ്രവർത്തനത്തിന് സാക്ഷികളായി ഉണ്ടായിരുന്നു.വയസ്സായവർക്ക് തന്നെയായിരിക്കും കഷ്ടപ്പെടുന്നവരുടെ മനോനിലയും നൊമ്പരവും കൂടുതൽ ഹൃദയത്തിൽ തട്ടുന്നത്.പല പ്രാസംഗികരും പറഞ്ഞ അനുഭവങ്ങൾ എന്നോട് പിന്നീട് ഉമ്മ വിവരിക്കുകയുണ്ടായി.അതിൽ ചിലത് ഞാൻ കുറിച്ചിടുകയാണ്.
·                                          ഭക്ഷണപ്പൊതിയുമായി പൊട്ടിപ്പൊളിഞ്ഞ ഒരു കൂരയിൽ ആരോരും സഹായമില്ലാതെ കഴിഞ്ഞിരുന്ന ഒരു വ്യക്തിയുടെ അടുക്കൽ ചെന്നപ്പോൾ അത് സ്വീകരിച്ച് കൊണ്ട് അയാൾ പൊട്ടിക്കരഞ്ഞുവത്രെ! അതി സമ്പന്നനായിരുന്ന അയാൾ അസുഖം പിടിപെട്ട് ഉള്ളതെല്ലാം വിറ്റ് പെറുക്കി ചികിത്സ തുടങ്ങിയതോടെ ബന്ധുക്കളെല്ലാം അകന്ന് പോയി .ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അയാൾ പൊട്ടിക്കരഞ്ഞത് മറ്റൊന്നും കൊണ്ടല്ല. പണ്ട് പാവങ്ങൾക്ക് ഇത് പോലെ കിറ്റ് വിതരണം അയാളും ചെയ്തിരുന്നുവത്രെ.അതേ അവസ്ഥ തനിക്കും ഉണ്ടായല്ലോ എന്ന ഞെട്ടലാണ് അയാൾക്ക് വേദനയുണ്ടാക്കിയത്.വിധി എത്ര ക്രൂരമായാണ് പെരുമാറുന്നതെന്ന് നോക്കൂ..
·                                            പെയിൻ & പാലിയേറ്റീവ് പ്രതിനിധികൾ ഒരു രോഗിയുടെ വീട്ടിൽ ചെന്ന് മൂത്രത്തിന്റെ ട്യൂബ് മാറ്റിക്കൊടുക്കാറുണ്ടായിരുന്നു.സ്ഥിരമായി ഇത് ചെയ്ത് കൊണ്ടിരുന്നപ്പോൾ ആ വൃദ്ധൻ ഒരു ദിവസം കിടക്കക്കടിയിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത് അവരുടെ കയ്യിൽ കൊടുത്തു.അത് വേണ്ടെന്ന് പറഞ്ഞ അവരോട് അയാൾ പറഞ്ഞത്രെ “ എന്റെ പേരക്കുട്ടി ഓരോ പ്രാവശ്യവും ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ ആയിരം രൂപ ഹോസ്പിറ്റൽ ചിലവും 600 രൂപ വണ്ടി വാടകയും പിന്നെ 400 രൂപ അവന് എന്റെ കൂടെ വരുന്നതിന്റെ കൂലിയും വേടിക്കാറുണ്ട്.എന്റെ സ്വന്തം കുട്ടിക്കില്ലാത്ത കരുണ നിങ്ങൾ കാണിക്കുകയാണല്ലോ..’ കാശിന് മാത്രം സഹായം ചെയ്യുന്ന ഇന്നത്തെ തലമുറയുടെ മനസ്ഥിതിയെക്കുറിച്ചെന്ത് പറയാൻ...!
·                                            ആശുപത്രിയിൽ ഒരു രോഗിയെ സന്ദർശിക്കാൻ ചെന്നപ്പോൾ തൊട്ടടുത്ത കിടക്കയിൽ ബാത്ത് റൂമിൽ പരസഹായമില്ലാതെ പോകാൻ കഴിയാതെ വിഷമിക്കുന്ന അമ്മയെ സഹായിക്കാതെ മകൾ പറയുകയാണെത്രെ...“ അമ്മ ചെയ്ത് കൂട്ടിയതിനാണ് ഇതൊക്കെ അനുഭവിക്കുന്നത്..അതനുഭവിച്ച് തന്നെ തീർത്തോ ..”
ശരീരം തളർന്നതിനോടോപ്പം മനസ്സിനെയും തളർത്തുന്നതാണ് ഇത്തരത്തിൽ സ്വന്തമെന്ന് പറയുന്നവരുടെ കുത്ത് വാക്കുകൾ..മനുഷ്യർക്ക് ഇത്ര കരുണയില്ലാത്തവരാകാൻ കഴിയുമോ ..?.

·                                              ഒരു ഗൾഫുകാരൻ കിട്ടുന്ന കാശിനൊക്കെ സ്ഥലങ്ങൾ വാങ്ങുകയും മകളുടെ കല്യാണത്തിന് കാശൊരുക്കി കൂട്ടി തയ്യാറായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടക്ക് ലീവിന് നാട്ടിൽ വന്ന സമയത്ത് വയറ് വേദന വന്ന് ആശുപത്രിയിൽ പോയി.അവിടെ നിന്ന് വാർഡിലേക്ക് മാറ്റാൻ പറഞ്ഞ് വാർഡിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ആ പേരിലേക്കൊന്ന് നോക്കിയത് “ ക്യാൻസർ വാർഡ് ! ”. ഇത് കണ്ട് പരിഭ്രാന്തനായ അയാൾ ഭാര്യയുടെ നെഞ്ചത്ത് ഇടിക്കുകയും അളിയനെ അടിക്കുകയും ചെയ്ത് പൊട്ടിക്കരഞ്ഞുവത്രെ! എത്ര പെട്ടെന്നാണ് അപ്രതീക്ഷിത രോഗങ്ങൾ ജീവിതത്തെ കീറിമുറിക്കുന്നതെന്ന് നോക്കൂ.. !






                                                കൊടും ദുരിതത്തിലകപെട്ടവരെ കണ്ടെത്താൻ സോളിഡാരിറ്റി പ്രവർത്തകർ വിഷവള്ളി പോലെ ദാരിദ്ര്യം ചുറ്റിവരിഞ്ഞ കുടിലുകളിൽ കയറിയിറങ്ങിയപ്പോൾ കണ്ടെത്തിയവർ ഒരു പാട് പേരുണ്ട്.







ഭക്ഷണത്തിനുള്ള വകയെങ്കിലും എത്തിക്കാൻ കഴിയുക എന്നത് അവരോട് നാം ചെയ്യേണ്ട കുറഞ്ഞ ബാധ്യതയാണ് .ഇനിയും ഒരുപാട് പേർക്ക് സഹായങ്ങൾ എത്തിക്കുക തന്നെ വേണം. 






കമ്മ്യൂണിസ്റ്റുകാരനായ കല്പറ്റ മുൻസിപ്പിലാറ്റി കൌൺസിലർ കെ.ടി ബാബു പറയുകയുണ്ടായി.വരുമ്പോൾ മുൻസിപ്പാലിറ്റി നൽകുന്ന സഹായമാണെന്ന് കരുതി ഒരു പാട് കിഡ്നി രോഗികൾ വിളിച്ചുവത്രെ.. അപേക്ഷ കൊടുത്ത് അർഹരായവർക്കാണ് ഇപ്പോൾ കൊടുക്കുന്നതെന്നും സംഘാടകരോട് പരിഗണിക്കാൻ ആവശ്യപ്പെടാം എന്നും അദ്ധേഹം അറിയിച്ചത്രെ..ഗവണ്മെന്റ് സഹായങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. സോളിഡാരിറ്റി ചെയ്യുന്നത് മാതൃകയാക്കി കുടിലുകളിൽ കയറിച്ചെന്ന് അർഹരായവരെ കണ്ടെത്തി സഹായം നൽകാൻ സന്നദ്ധ സംഘടനകളും യുവജനങ്ങളും തയ്യാറായാൽ മാത്രമേ പൂർണ്ണമായും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയൂ എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
ഉമ്മ ഒന്ന് കൂടി പറഞ്ഞു. സഹായം ഏറ്റ് വാങ്ങാൻ വന്ന ഒരു വയസ്സായ സ്ത്രീ ചോദിച്ചത്രെ..നിങ്ങളും ഇതിനായി വന്നവരാണോന്ന് ..? അല്ലെന്നും സഹായം വിതരണം ചെയ്യാനായി എത്തിയതാണെന്നും ഒരു വർഷത്തിനുള്ള ഭക്ഷണ സാധനങ്ങൾ മാസം തോറും നൽകുന്നുണ്ടെന്നും അറിയിച്ചപ്പോൾ അവരുടെ കണ്ണുകൾ വല്ലാതെ തിളങ്ങിയത്രെ..അവർ കരുതിയിരുന്നത് ഒറ്റത്തവണ മാത്രമേ കിട്ടൂ എന്നായിരുന്നു! വിശപ്പിന്റെ തേങ്ങൽ അടങ്ങുമ്പോഴുള്ള സന്തോഷം അത് അനിർവചനീയമാണ്..ദാരിദ്ര്യം നീങ്ങുന്നതോടൊപ്പം മനസ്സും സന്തോഷിക്കേണ്ടതുണ്ട്. താങ്ങായും തണലായും ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും പ്രതീക്ഷകൾ നൽകാനും സ്വപ്നങ്ങൾ കാണാനും അവസരമുണ്ടാക്കിക്കൊടുക്കുക എന്നത് ജീവിതം പാതിവഴിയിൽ വീണുടഞ്ഞവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ്.സ്വന്തക്കാർ കാണിക്കാത്ത മഹാമനസ്കത ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്.
                                              വയനാടൻ കാഴ്ചകളിൽ നിന്നും ചുരമിറങ്ങി ഞാൻ നേരെ പോയത് ഒരമ്മയെക്കാണാനായിരുന്നു.പണ്ട് ദാരിദ്ര്യം പൊതിഞ്ഞ പഠനകാലത്ത് ഭക്ഷണം തന്ന് സ്നേഹവിരുന്നൊരുക്കി സ്വന്തം മകനെ അതിരറ്റ് സ്നേഹിച്ച് മകന്റെ വിജയങ്ങളിൽ ആഹ് ളാദവതിയായിരുന്ന അമ്മ.സുഖവിവരങ്ങളന്വേഷിക്കാനും അമ്മയുടെ സന്തോഷമുഖം കാണാനും പോയെയെന്നെ അവരുടെ കണ്ണീരൊലിക്കുന്ന വിഷാദം പെയ്തിറങ്ങുന്ന അവസ്ഥ വല്ലാതെ നൊമ്പരപ്പെടുത്തി.മകൻ കാശുകാരനായതോടെ അമ്മയാരെന്നും അമ്മയുടെ വിലയെന്തെന്നുമൊക്കെ മറന്ന് കഴിഞ്ഞു.കൂടെ ആശ്വാസമായുണ്ടായിരുന്ന ഭർത്താവ് കൂടി മരിച്ചതോടെ വല്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു.സമ്പത്തിനെ പുൽകിയപ്പോൾ സ്വന്തം അമ്മയെ സ്നേഹിക്കാനും മനസ്സിലാക്കാനും പരിചരിക്കാനും മറന്ന് പോയ അവനോടൊക്കെ ഞാനെന്ത് പറയാൻ..എനിക്ക് പരിചയമുണ്ടായിരുന്നത് എന്നും സ്നേഹവും സന്തോഷവും അച്ചന്റെയും അമ്മയുടെയും സംസാരവും കൊണ്ട് നിറഞ്ഞിരുന്ന മനോഹരമായി ജീവിച്ചിരുന്ന അവരുടെ കുഞ്ഞ് വീടായിരുന്നു.കരയുന്ന അമ്മയുടെ ,മകനെയോർത്ത് വേദനിക്കുന്ന ആ അമ്മയുടെ മുഖം കാണാനുള്ള വിധിയുണ്ടായല്ലോ എന്നോർത്താണ് എനിക്കിപ്പോൾ സങ്കടം 

1 comment:

  1. ഒരിക്കലും കണ്ണ്നീർ വറ്റാത്ത
    വയനാടൻ കുടിലുകൾക്കുള്ളിലെ നൊമ്പരങ്ങൾ

    ReplyDelete