Sunday, June 4, 2017

മഴ നനഞ്ഞ് കാനന ഭംഗിയിൽ അലിഞ്ഞ് ചേർന്ന്

മഴ നനഞ്ഞ് കാനന ഭംഗിയിൽ അലിഞ്ഞ് ചേർന്ന് പ്രകൃതിയെ സ്നേഹിച്ച് നാടൻ വിരുന്നും കൂടി ഒരു മഴയാത്രക്ക് പോയാലോ ? വിളിക്കുന്നത് നമ്മുടെ സ്വന്തം വനം വകുപ്പ് .ക്ഷണം സ്വീകരിച്ച് ഡയൽചെയ്തപ്പോഴോ..ഒരു രക്ഷയുമില്ല.!ബിസിയോട് ബിസി..മഴയാത്ര ഒരു സ്വപ്നം മാത്രമായിഅവശേഷിക്കുമോ എന്ന് കരുതിയിരിക്കുമ്പോഴാണ് ഹൌസ്ഫുള്ളായ ഷോക്ക് ടിക്കറ്റുമായി ഓടി വരുന്നസുഹൃത്തിനെപ്പോലെ ഒരു  കൂട്ടം സുഹൃത്തുക്കൾ .പ്രീഡിഗ്രി കാലത്തേ കാടു കാണൽഹോബിയാക്കിയിരുന്നവർ നേരത്തേ മഴയാത്രക്ക് ബുക്ക് ചെയ്ത് വെച്ച ടിക്കറ്റുകളിലൊന്ന് എനിക്ക്ഡെഡിക്കേറ്റ് ചെയ്തതോടെ മനസ്സിൽ വീണ്ടും പുതുമഴ പെയ്ത് തുടങ്ങി.രാവിലെ 6 മണിക്ക്തൃശൂരിലെത്തണം.ഞങ്ങളെല്ലാവരും തലേദിവസം രാത്രി മണ്ണാർക്കാട് അലനല്ലൂരിൽ തമ്പടിച്ച്  പുലർച്ചെ4:30 ന് രണ്ട് ആൾട്ടോ കാറുകളിലായി തൃശൂരിലേക്ക് യാത്ര തിരിച്ചുഅവിടെ നിന്ന് D.T.P.C യുടെ എസിട്രാവലെറിലായിരുന്നു യാത്രതൃശൂരിൽ നിന്നും 7:10 നു 9 പേരെയും കൂട്ടി നേരെചാലക്കുടിയിലേക്ക്.ചാലക്കുടി D.T.P.Cയിൽ നിന്ന് 8:30 നാണ് ഔദ്യോഗികമായി യാത്രതുടങ്ങിയത്.ഇരുപത്തഞ്ച് പേർ വീതമുള്ള രണ്ട് വണ്ടികളിലാണ് ഒരു ദിവസത്തെ മഴയാത്ര.


ഞങ്ങൾ ഏഴുപേർ അടങ്ങുന്ന കൂട്ടത്തോടൊപ്പം തന്നെ കുട്ടികളും കുടുംബവുമായും വന്നവരുമുണ്ട്.മഴയിങ്ങനെ ചന്നംപിന്നം പെയ്തു കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് യാത്ര തുടങ്ങുന്നത്.പറഞ്ഞ പോലെ മഞ്ഞയുംപച്ചയും ചുവപ്പും നീലയും കളറുകളിൽ മനോഹരമായ ഒരു കുട വീതം ഓരോരുത്തർക്കും സീറ്റിൽതൂക്കിയിട്ടുണ്ടായിരുന്നു.കൂടെ ഒരു ബാഗും മലയാള വാരികകളും.മഴയാത്രയെക്കുറിച്ച് ഗൈഡ് സുധിനടത്തിയ ആമുഖത്തിൽ നിന്നും വളരെയധികം വിശദമായും വ്യക്തമായും വിവരണം നടത്താൻ കഴിവുള്ള,വാക്കുകളിൽ പ്രകൃതി സ്നേഹം തുളുമ്പി നിൽക്കുന്ന ഒരു വ്യക്തിയെയാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്എന്നതിൽ ശരിക്കും സന്തോഷം തോന്നി.
                                                        ആദ്യം ചെന്നെത്തിയത് തുമ്പൂർമുഴി ഡാമിലാണ്.സമയം 9:15 അവിടെ നിന്ന്പ്രഭാതഭക്ഷണം കഴിച്ചിട്ടാണ് ബാക്കി പരിപാടികൾ. എക്‌സ്‌ സർവ്വീസ്‌ മെൻ സൊസൈറ്റി നടത്തുന്ന കാന്റീനിലാണ് ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നത്. ചക്കക്കുരു പുട്ടും നൂൽപ്പുട്ടും കടലക്കറിയും മരുന്നുണ്ടയും കാപ്പിയുമാണ് ബ്രേക്ക് ഫാസ്റ്റ് .കർക്കിടകമാസത്തിൽ മരുന്നു കഴിക്കുന്നതിന്റെ ഭാഗമായി തരുന്നതാണീമരുന്നുണ്ട. ആവശ്യമുള്ളവർക്ക് 7 ദിവസത്തിനുള്ള മരുന്നുണ്ട അവിടെ വിതരണം ചെയ്യുന്നുണ്ട് .കൂടാതെചക്കകൊണ്ടുണ്ടാക്കിയ ഒരു പാട് വിഭവങ്ങൾ അവിടെ വില്പനക്ക് വെച്ചിട്ടുണ്ട്.ചക്കസ്ക്വാഷ് ,ചക്ക അച്ചാർതുടങ്ങി വ്യത്യസ്ഥമായ ഒന്നു രണ്ട് ഐറ്റംസ് കയ്യിലെടുത്ത് കാശും കൊടുത്ത് തുമ്പൂർമുഴിയിലെ തൂക്ക്പാലത്തിലേക്ക് വെച്ചടിച്ചു.



                ചാലക്കുടിപ്പുഴക്ക് കുറുകെ കെട്ടിയിട്ടുള്ള തൂക്ക് പാലത്തിൽ നിന്നുള്ള കാഴ്ചകൾ നയനാനന്ദകരമാണ് .തുമ്പൂർമുഴി തടയണയുടെയും വലതും ഇടതും കരകളിലെ കനാലുകളിലൂടെയും തട്ടി നിരനിരയായിയൊഴുകുന്ന പുഴവെള്ളത്തിന്റെയിടയിൽ കുടപിടിച്ച് നിൽക്കുന്ന പുൽച്ചെടികളും പാറക്കെട്ടുകൾക്കിടയിൽ വിടർന്ന് നിൽക്കുന്ന പൂച്ചെടികളും മനോഹരമായ പ്രകൃതിഭംഗി സമ്മാനിക്കുന്നുണ്ട്.. പച്ചപ്പട്ടണിഞ്ഞ മലനിരകൾക്കും ഫലവൃക്ഷങ്ങൾക്കുമിടയിലായി ഉയർന്ന് നിൽക്കുന്ന പാലം  തുമ്പൂർമുഴി ഡാമിനെയും എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തെയും ബന്ധിപ്പിക്കുന്നു. ആപ്പിൾ, ഓറഞ്ച്ബദാം പിസ്തതുടങ്ങി നിരവധി പഴങ്ങളുടെ തൈകൾ ഒന്നര ഏക്കറിലായി നട്ട് പിടിപ്പിച്ചിട്ടുണ്ട്

പ്രകൃതി മനോഹരമായ പശ്ചാത്തലമായത് കൊണ്ട് തന്നെ വിനോദ സഞ്ചാരികൾ ഒരു പാട് വന്ന് കൊണ്ടിരിക്കുന്നുണ്ട് തൂക്ക് പാലത്തിലേക്ക്.148 ഇനം വ്യത്യസ്ഥ ചിത്രശലഭങ്ങളുള്ള ഒരു ബട്ടർഫ്ലൈ ഗാർഡനാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.അതോടോപ്പം കുട്ടികൾക്കായുള്ള ഒരു കിന്റർ ഗാർഡനുമുണ്ട്.
                                തുമ്പൂർമുഴിയിൽ നിന്ന് നേരെ അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനായിരുന്നു പോയത്.റോഡിനിരുവശത്തും തേക്ക് മരങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ട്.കുറച്ച് കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ എണ്ണപ്പനത്തോട്ടങ്ങൾക്കിടയിലൂടെയായി യാത്ര.10:30 ന് അതിരപ്പള്ളിയിലെത്തി.അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്കായിരുന്നു ആദ്യം ഇറങ്ങിയത്



കുത്തനെയുള്ള ഇറക്കമാണ്.കുറച്ച് സമയമെടുക്കുമെങ്കിലും വെള്ളം പാറയിലടിച്ച് ഉയർന്ന് പൊങ്ങി മഴ പോലെ പെയ്തിറങ്ങുന്ന ദൃശ്യം കണ്ടാൽ മതി എല്ലാം മറന്ന് നിന്ന് പോകും.പ്രശസ്തമായ പല സിനിമകളും ചിത്രീകരിച്ച സ്ഥലമായത് കൊണ്ട് തന്നെ സഞ്ചാരികളെല്ലാവരും ആർപ്പും വിളിയുമായി പൊരിഞ്ഞ ഡാൻസിലാണ്.മഴയാത്രയിലെ മഴക്കുളി ശരിക്കും ഇവിടെയായിരുന്നുപച്ചച്ചെടികൾക്കും മരങ്ങൾക്കുമിടയിൽ ഒളിച്ചിരിക്കുന്ന വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.മഴ പെയ്യുന്നതോടോപ്പം കാറ്റും വീശിയടിക്കുന്നത് കൊണ്ട് കുടക്ക് പോലും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.മഴയും മൂടൽമഞ്ഞും കാറ്റും വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവും  മരം കോച്ചുന്ന തണുപ്പും നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെ!
        വെള്ളത്തിൽ നനഞ്ഞ് കുതിർന്നത് കൊണ്ട് തിരിച്ചുള്ള കയറ്റം കയറാൻ നന്നായി ബുദ്ധിമുട്ടി.മരവേരുകളിലും മണ്ണിലും പിടിച്ചും ചവിട്ടിയും കിതച്ച് കയറിയും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തെത്തുമ്പോൾ കുരങ്ങന്മാരുടെ ഒരു നീണ്ട നിര വേലികളിൽ പിടിച്ച് കളിച്ചിരിക്കുന്നുണ്ടായിരുന്നു.

വിദേശികളും സ്വദേശികളുമായ ഒരു പാട് വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ എത്തിയിട്ടുണ്ട്.പണ്ട് ഒരു തവണ ഇവിടം സന്ദർശിച്ചപ്പോൾ ഒരു സായിപ്പ് പറഞ്ഞതാണോർമ്മ വരുന്നത്. “ ഇത്രയും മനോഹരമായ പ്രദേശത്താണ് ഞാൻ ജനിച്ചിരുന്നെങ്കിൽ എന്നും ഇവിടെ വന്നിരിക്കുമായിരുന്നു ” അതെചാലക്കുടിപ്പുഴയുടെ നീരൊഴുക്കും അതിരപ്പള്ളി വെള്ളച്ചാട്ടവും പച്ചപുതച്ച മലയും കാടും എല്ലാം കൂടിചേർന്നുള്ള പ്രകൃതിരമണീയതയിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.ബാക്ക്ഗ്രൌണ്ടിൽ വെള്ളം ചാടുന്ന ദൃശ്യവും പാറക്കെട്ടുകളുടെ ഭീകരതയും പച്ചിലകൊമ്പുകളുടെ ചാഞ്ചാട്ടവും ചേർത്തു വെച്ചൊരു ഫോട്ടോ ആരും കൊതിച്ച് പോകും.ക്യാമറാമാൻ ഞാൻ തന്നെയായത് കൊണ്ട് സുഹൃത്തുക്കൾക്കെല്ലാം അതിരപ്പള്ളി യാത്ര ഓർമ്മയിൽ കുറിച്ചിടാൻ വ്യത്യസ്ഥ പോസുകളിൽ ഒരോ ഫോട്ടോയും ഏടുത്ത് കൊടുത്തു.ഒരു ചിത്രകാരൻ പണ്ടിവിടെ വന്ന് പ്രകൃതിയുടെ കയ്യൊപ്പ് പതിച്ച ദൃശ്യം നോക്കിയിരുന്ന് മനസ്സിന് വിഭ്രാന്തി പിടിച്ച ഒരു നിമിഷത്തിൽ താഴേക്ക് എടുത്ത് ചാടി മരണക്കയത്തിൽ ഒലിച്ച് പോയതായ ഒരു വാർത്ത കേട്ടിരുന്നു.ആത്മഹത്യകളും അപകടമരണങ്ങളും തുടർക്കഥയാകുന്നത് കൊണ്ട് സെക്യൂരിറ്റിഗാർഡുകൾ ഇട്ക്കയ്ക്കിടെ വിസിലടിച്ച് സന്ദർശകരെ നിയന്ത്രിക്കുന്നുണ്ട്.പ്രവേശന കവാടത്തിൽ തന്നെ വലിയൊരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.മരച്ചില്ലകൾക്കിടെയിലൂടെ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും കുരങ്ങന്മാരുടെ ലീലാവിലാസങ്ങളും പാറക്കെട്ടുകൾക്കും പുൽമേടകൾക്കുമിടയിലൂടെ ഒഴുകുന്ന പുഴയുടെ ഭംഗിയുമൊക്കെ ക്യാമറക്ക് വിരുന്നായി.മഴയാത്രയിൽ ഇനിയും ഒരു പാട് സ്ഥലങ്ങൾ പിന്നിടാനുള്ളത് കൊണ്ട് 11:45 ന് അതിരപ്പള്ളിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങി.
                                പിന്നീട് പോയത് മൂന്ന് കിലോമീറ്റർക്കപ്പുറത്തുള്ള ചാർപ്പ വെള്ളച്ചാട്ടത്തിലേക്കാണ്.സിനിമക്കാരും സീരിയൽകാരുമൊക്കെ ചുറ്റിയടിക്കുന്ന സ്ഥലങ്ങളായത് കൊണ്ട് ഇവിടങ്ങളിൽ എപ്പോഴും ഷൂട്ടിങ്ങ് യൂണിറ്റുകളെ കാണാം.ചാലക്കുടി-വാൽപ്പാറ റൂട്ടിൽ റോഡരുകിലാണ് ചാർപ്പ വെള്ളച്ചാട്ടം.ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന ഒരു കൊച്ച് പുഴയുടെ സംഗമസ്ഥാനമാണ് ഈ വെള്ളച്ചാട്ടം.വെള്ളച്ചാട്ടത്തിനടുത്ത് ഒരു ചെറിയ പാലമുണ്ട്.മഴയുടെ ശക്തി കൂടിയാൽ പാലത്തിന് മുകളിൽ വരെ വെള്ളം എത്താറുണ്ടെത്ര.വേനൽക്കാലത്ത് പൂർണ്ണമായും വറ്റിപ്പോകുന്ന ചാർപ്പ വെള്ളച്ചാട്ടം മഴക്കാലയാത്രക്കാർക്കുമാത്രമുള്ള സമ്മാനമാണ്.
             ചാർപ്പ വെള്ളച്ചാട്ടത്തിൽ നിന്നും പോയത് പ്രശസ്തമായ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കാണ്.അതിരപ്പള്ളിക്ക് അഞ്ച് കിലോമീറ്റർ അകലെ കൊടും കാടിനോട് തൊട്ടൊരുമ്മിയാണ് വാഴച്ചാൽ വെള്ളച്ചാട്ടമെങ്കിലും അതിരപ്പള്ളിയെപ്പോലെ ഭീതിയുണർത്തുന്ന പശ്ചാത്തലമല്ല ഇവിടെ 

.മഞ്ഞ് കണങ്ങൾ പോലെ തണുത്തുറഞ്ഞ വെള്ളവും കൈതത്തോപ്പുകൾക്കും പടർന്ന് പന്തലിച്ച് കിടക്കുന്ന മരങ്ങൾക്കും ചെടികൾക്കുമിടയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും നിരന്ന് നിൽക്കുന്ന പാറക്കൂട്ടങ്ങളും വാഴച്ചാൽ വെള്ളച്ചാട്ടത്തെ ആകർഷണീയമാക്കുന്നു.യാത്രക്കാരെല്ലാവരെയും അണി നിരത്തി ഒരു ഗ്രൂപ്പ് ഫോട്ടൊയും ഇവിടെ വെച്ച് ഗൈഡ് സുധി എടുത്ത് തന്നു.

വെള്ളച്ചാട്ടത്തിനിരികിലൂടെ വേലികെട്ടിത്തിരിച്ച  ഇടവഴിയിലൂടെ ഉച്ചയൂണും സ്വപ്നം കണ്ട് മഴയാത്രതുടർന്നു.
     ഉച്ചയൂൺ വെറുതേ സ്വപ്നം കണ്ടതല്ല.ഈ യാത്രയിലെ ഉച്ചയൂണിനെക്കുറിച്ച് ഗൈഡ് പറഞ്ഞ് കൊതിപ്പിച്ച് വായിൽ വെള്ളം വരാൻ തുടങ്ങിയിട്ട് കുറേ നേരമായി.മഴയത്തുള്ള നടത്തം കാരണം ക്ഷീണിച്ചത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥയിലാണ്.പെരിങ്ങൽകുത്ത് ഐബിയിലേക്കും ലോവർ ഷോളയാർ ഡാമിലേക്കുമാണ് ഇപ്പോൾ യാത്ര പോയിക്കൊണ്ടിരിക്കുന്നത്.ഡ്രൈവർ ഷിജു ചേട്ടൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി.തല പുറത്തിട്ട് നോക്കുമ്പോൾ മുന്നിലുള്ള പ്രൈവറ്റ് ബസ്സിലുള്ള ഡ്രൈവർ റോഡ് സൈഡിലുള്ള മരങ്ങൾക്കിടയിലേക്ക് കൈചൂണ്ടി കാണിക്കുന്നു.ഒരു പുലി ചാടിപ്പോയത്രേ!
എല്ലാവരുടെയും ശ്രദ്ധ പതുങ്ങിയിരിക്കുന്ന പുലിയെ കണ്ടുപിടിക്കലിലായി.ഇലയനങ്ങുന്നു,വാലു കാണുന്നുണ്ട് എന്നൊക്കെ ഓരോരുത്തർ വിളിച്ച് പറയുന്നുണ്ടെങ്കിലും കാട്ടിലെ പുലി നാട്ടിലെ പുലികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ മടി കാണിച്ചുകാടിനു നടുവിലൂടെയുള്ള യാത്രക്കിടയിൽ ഗൈഡ് സുധി അതിരപ്പള്ളിയെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങി .പശ്ചിമഘട്ടത്തിലെ മഴക്കാടുകളുടേയും വൈവിധ്യമാർന്ന ജീവജാലങ്ങളുടേയും കേന്ദ്രമായ അതിരപ്പള്ളിയിൽ പുതിയ ജലവൈദ്യുത പദ്ധതി വരുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതോടോപ്പം തീരദേശത്തുള്ള ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാക്കുമെന്നത് കൊണ്ടാണ് എതിർപ്പുകൾ ശക്തമാവുന്നത്.ഉച്ചക്ക് ഒരു മണിയായപ്പോഴേക്കും പെരിങ്ങൽകുത്ത് ഐബിയിൽ എത്തിച്ചേർന്നു.ചാലക്കുടിപ്പുഴയിൽ സ്ഥാപിച്ച ആദ്യത്തെ അണക്കെട്ടായ പെരിങ്ങൽകുത്തിന്റെ നിർമ്മാണ സമയത്ത് ബ്രിട്ടീഷുകാർ കനേഡിയൻ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതാണ് ഈ ഐബി.


 ഐബിയിലെ വിശാലമായ ഹാളിൽ ഉച്ചയൂൺ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു.ചാലക്കുടിപ്പുഴയിലെ മീൻ വറുത്തതും ചിക്കൻ കറിയുമടക്കം  എട്ടും കൂട്ടം കറികളോടെയുള്ള ഉഗ്രൻ ശാപ്പാട്യാത്രാക്ഷീണവും നനഞ്ഞൊട്ടിയ ശരീരത്തിന്റെ വിറയലും കൊണ്ട് നാവിൻ തുമ്പത്ത് കൊതികൂടിയത് കൊണ്ടായിരിക്കാം എല്ലാം വളരെ പെട്ടെന്നായിരുന്നു.മഴയാത്രക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലമായത് കൊണ്ട് തന്നെ ഇവിടം കാണാൻ കഴിഞ്ഞതും രുചിയേറിയ ഭക്ഷണം കഴിക്കാൻ കഴിഞ്ഞതും യാത്രയിൽ ഇരട്ടി മധുരം നൽകുന്നതായി.പെരിങ്ങൽകുത്ത് ഡാമിന്റെ പുറക് വശത്തെ വലിയൊരു മലക്ക് മുകളിലുള്ള ഈ ഐബിയുടെ മുൻവശത്തുള്ള വ്യൂപോയിന്റിൽ നിന്നും വിശാലമായ അണക്കെട്ടിന്റെ ദൃശ്യം കാണാം.



ബംഗ്ലാവിനു ചുറ്റം പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.റോസാപൂക്കളും ബുഷ് ചെടികളും ചുറ്റിപ്പടർന്ന് കിടക്കുന്ന മുല്ലവള്ളികളും കൊണ്ട് മനോഹരമായ മുറ്റത്ത് മഴത്തുള്ളികൾ വന്ന് വീഴുന്നത് മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം സൃഷ്ടിക്കും.


ഐബിക്ക് ചുറ്റുമുള്ള കാട്ടിലൂടെ കുറച്ച് നേരം മഴനടത്തത്തിനിറങ്ങി.ഒരു മരത്തിന് മുകളിൽ ചാടിക്കളിക്കുന്ന കരിങ്കുരങ്ങിനെ യാത്രക്കിടയിൽ കാണാൻ പറ്റി.രണ്ടരയോടെ പെരിങ്ങൽകുത്ത് ഐബിയിൽ നിന്നും ലോവർ ഷോളയാറിലേക്ക് യാത്രയായി.
      കിലോമീറ്ററുകൾ ഒരു പാട് കാടിലൂടെ സഞ്ചരിച്ചാണ് വണ്ടി ലോവർ ഷോളയാർ ഡാമിലെത്തിയത്.വൈകുന്നേരം നാലുമണിയായി ഡാമിലെത്തിയപ്പോൾ.1965ൽ സ്ഥാപിച്ചതാണ് ലോവർ ഷോളയാർ ജലവൈദ്യുത പദ്ധതി.പെരിങ്ങൽ കുത്ത് ഐബിയിലെപ്പോലെ ഇവിടെയും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.D.T.P.C യുടെ നേതൃത്വത്തിൽ നടത്തുന്ന ടൂർ ആയത് കൊണ്ട് തന്നെ ഇവിടെ ഞങ്ങൾക്ക് സന്ദർശിക്കാനുള്ള അനുവാദം കിട്ടി.ഡാം കാണാനിറങ്ങുന്നതിനു മുൻപേ ഗൈഡ് ഓർമ്മപ്പെടുത്തിയിരുന്നു.ഫോട്ടോ എടുക്കാൻ പറ്റില്ലമാവോയിസ്റ്റ് ഭീഷണിയുള്ളത് കാരണം ഫോട്ടോഗ്രാഫി പൂർണ്ണമായും നിരോധിച്ചിരിക്കുന്ന മേഖലയാണിത്.ഡാമിനപ്പുറത്തെ വിശാലമായ മലഞ്ചെരിവുകളിലൂടെയും മരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന കാടിലൂടെയുമൊക്കെ ഒന്നു ചുറ്റിയടിക്കാൻ തോന്നും.അതിനിടക്ക് ഡ്രൈവർ ഷിജുചേട്ടൻ ദൂരെ ചൂണ്ടിക്കാണിച്ച് അവിടെ കാട്ട് മൃഗങ്ങൾ പോലെ എന്തോ പോകുന്നുണ്ടെന്ന് പറഞ്ഞു.ഷിജു ചേട്ടൻ ഡ്രൈവർ മാത്രമല്ല അത്യാവശ്യം ഗൈഡിന്റെ പണിയൊക്കെ അറിയുന്ന കക്ഷിയുമാണെന്ന് ഇടയ്ക്കിടെ വണ്ടി നിർത്തിയുള്ള വിവരണങ്ങൾ കേട്ടാൽ തന്നെ മനസ്സിലാകും.ക്യാമറയെടുത്ത് വിദൂരതയിലെ കഥാപാത്രങ്ങളെ സൂം ചെയ്ത് നോക്കിയപ്പോഴല്ലേ സത്യം മനസ്സിലായത്.ഒരു സ്ത്രീയും കുട്ടിയും നടന്ന് പോവുകയാണ്.ആദിവാസികൾ ഒരു പാട് താമസിക്കുന്ന സ്ഥലമാണ് ഷോളയാർ.ലോവർ ഷോളയാർ നമ്മുടെ സ്വന്തം കേരളാ സർക്കാരിന്റെ അധീനതയിൽ പെട്ടതാണ്.മഴയാത്രയുടെ അവസാനത്തെ സ്വീകരണസ്ഥലമായത് കൊണ്ട് തന്നെ കുറച്ച് നേരം അവിടെ ചിലവഴിച്ചതിനു ശേഷമാണ് വണ്ടി തിരിച്ചത്.
                       നാലുമണിച്ചായയും കടിയുമൊക്കെ നമ്മൾ മലയാളികളുടെ ഫേവറൈറ്റ് ഐറ്റം ആണല്ലോ.യാത്രാക്ഷീണമൊക്കെ പമ്പകടക്കാൻ മഴ പെയ്ത് തണുത്തുറഞ്ഞ് നിൽക്കുന്ന അന്തരീക്ഷത്തിൽ നല്ലൊരു ചൂടൻ കാപ്പി കിട്ടിയാലോ.കാപ്പി മാത്രമല്ല ..നാടൻ കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും

മടക്ക യാത്ര 5:30ന്  വാഴച്ചാലിലെത്തിയപ്പോഴായിരുന്നു  നാടൻ തട്ടുകടയിൽ നിന്ന് നാലുമണി സൽക്കാരം കിട്ടിയത്.കാപ്പി വെറും കാപ്പിയല്ല..കരിപ്പെട്ടി കാപ്പി.ശർക്കര കൊണ്ടുണ്ടാക്കിയ കാപ്പിയെന്നാണ് അവർ പറഞ്ഞത്.അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ മനസ്സിലായി പനംചക്കര കൊണ്ടുണ്ടാക്കുന്ന കാപ്പിയാണിത്.മഴയാത്രയിൽ കിട്ടിയ ഒരു കിടിലൻ സൽക്കാരം തന്നെയായിരുന്നു അത്.ചായ കുടി കഴിഞ്ഞതിന് ശേഷം നേരെ ചാലക്കുടിയിലേക്ക്പിന്നീടുള്ള യാത്ര പാട്ട് പാടി അനുഭവങ്ങൾ പങ്ക് വെച്ച് കഥകൾ പറഞ്ഞ് വിനോദയാത്ര മൂഡിലായിരുന്നു.വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് വന്നവരായിരുന്നെങ്കിലും സഞ്ചാരസ്നേഹികളായത് കൊണ്ട് യാത്ര സന്തോഷകരമായിരുന്നു.ഗൈഡിന്റെ സേവനം,സ്വാദിഷ്ടമായ ഭക്ഷണങ്ങൾയാത്രയിലെ സുരക്ഷിതത്വം,പ്രകൃതിരമണീയമായ സ്ഥലങ്ങൾ തുടങ്ങി എന്ത് കൊണ്ടുംമഴയാത്ര ഓർമ്മകളിൽ ഇടം പിടിക്കുന്നതായി മാറി.



NB:  മഴയാത്ര ജൂൺ 16 ന് തുടങ്ങി സെപ്റ്റംബർ പകുതി വരെ മാത്രമേ ബുക്കിങ്ങ് സ്വീകരിക്കുകയുള്ളൂ. യാത്ര ബുക്ക് ചെയ്യുന്നതിന് അതിരപ്പിള്ളി ഡിഎംസി ഓഫീസിന്റെ ഫോണ്‍ നമ്പറിൽ വിളിക്കാം 0480-276 9888,9497069888.. രാവിലെ യാത്ര പുറപ്പെടുന്നത് കൊണ്ട് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ചാലക്കുടിPWD ഗസ്റ്റ് ഹൌസിൽ തലേ ദിവസം താമസിക്കാനുള്ള സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.ഫോണ്‍:  0480-2702686.
അതിരപ്പള്ളി ഡി.എം.സിയുടെ കീഴിൽ തന്നെ നടത്തുന്ന മലക്കപ്പാറ ജംഗിൾ സഫാരിനെല്ലിയാമ്പതിഫാം ടൂർവാൽപ്പാറ ഹിൽ സഫാരി തുടങ്ങിയ ടൂർ പാക്കേജുകൾക്ക് സമയ പരിധിയില്ല.എപ്പോഴും ബുക്ക്ചെയ്യാവുന്നതാണ്http://www.athirappillydmc.com/

1 comment:

  1. ഞങ്ങളുടെ നാട്ടിലെ കിഴക്കൻ
    മലകളിളിലൂടെയുള്ള മഴയാത്രയുടെ
    അതിമനോഹരമായ ഒരു വിവരണം

    ReplyDelete