Sunday, June 4, 2017

വഫ്രയിലൊരു തണുത്ത വെളുപ്പാൻ കാലത്ത്

രു വർഷം മുമ്പ് സാൽമിയാ ഗാർഡനിൽ ഫേസ്ബുക്ക് സഞ്ചാരി കൂട്ടായ്മയുടെ അഡ്മിൻ ഷാമോന്റെ നേതൃത്വത്തിൽ കുവൈത്തിലെ യാത്രാസ്നേഹികൾ ഒത്ത് കൂടിയപ്പോൾ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന വലിയൊരു ചോദ്യം വിനോദയാത്രകൾ പോകാനും കണ്ട് രസിക്കാനും പ്രകൃതിയിൽ അലിഞ്ഞ് ചേരാനും കുവൈത്തിൽ സ്ഥലമുണ്ടോ എന്നതായിരുന്നു. ആദ്യ സമാഗമത്തിന് വാർഷികമായപ്പോൾ തന്നെ ആറ് യാത്രകൾ നടത്തി മലയാളികൾ ഒത്ത് പിടിച്ചാൽ മല മാത്രമല്ല വേണമെങ്കിൽ മലപ്പുറം തന്നെ കുവൈത്തിൽ ഫിറ്റ് ചെയ്യിക്കാൻ കെല്പുള്ളവരാണെന്ന് തെളിയിച്ചിരിക്കുകയാണ്.മലയാള മണ്ണിന്റെ പ്രകൃതി രമണീയത യാത്രകളിലൂടെ കണ്ടിട്ടും കണ്ടിട്ടും തീരാത്ത കഥ അയവിറക്കിയ സാൽമിയയിലെ തണുത്തുറഞ്ഞ പച്ചപ്പുൽത്തകിടിയിൽ നിന്ന് കുവൈത്തിന്റെ മരുഭൂ പുലി മല മുത്തലാ റിഡ്ജിലേക്ക് സൂര്യോദയം കാണാൻ പോയതോട് കൂടി സഞ്ചാരിക്കൂട്ടം വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങി.ഔപചാരികതകളില്ലാത്ത തനി നാടൻ മലയാളിക്കൂട്ടമാണെങ്കിലും സംഘടിത യാത്രകൾ ഗംഭീരമാക്കിയെടുക്കാൻ വിവിധ സോണുകളിൽ നിന്ന് കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.
വഫ്രയിലൊരു കുടുംബസംഗമവും അബ്ബാസിയയിലൊരു ഇഫ്താർ സംഗമവും സാഹസിക സഞ്ചാര പാത തുറന്നിട്ട കുബ്ബാർ ദ്വീപിലേക്കൊരു ബോട്ട് യാത്രയും അവസാനം മുത്തലാ റിഡ്ജിൽ തന്നെ വർഷാവസാനത്തിലെ സൂര്യാസ്തമയവും കണ്ട് തീർത്തപ്പോൾ ഒറ്റ വർഷം കൊണ്ട് തന്നെ നമ്മുടെ സഞ്ചാരി ഫേമസ് ആയി.ഷാമോന്റെ ഭാഷയിൽ പറഞ്ഞാൽ ‘ ഈ സഞ്ചാരി ഒരു സംഭവാട്ടാ..” :)
പുതുവർഷം സഞ്ചാരക്കഥ തുടങ്ങുന്നത് കുവൈത്തിന്റെ കൃഷിസ്ഥലവും പച്ചമരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന മരുപ്രദേശമായ വഫ്രയിൽ നിന്ന് തന്നെയാക്കിയത് വെറുതെയല്ല.ഈ തണുത്ത വെളുപ്പാൻ കാലത്ത് തീ കായാനും ചായ ഊതിയൂതി കുടിക്കാനും ആഗ്രഹമില്ലാത്ത മലയാളികളുണ്ടാവുമോ..<3 span=""> ഗൃഹാതുരത്വം നെഞ്ചിലേറ്റി നടക്കുന്നവർ അവസരം കിട്ടിയാൽ കഴിഞ്ഞ് പോയ കാലം വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തുമെന്ന് തീർച്ച .ജനുവരി 5 ന് വ്യാഴം വൈകുന്നേരം 6:30 ന് സാൽമിയയിൽ നിന്ന് കുടുംബസമേതം പുറപ്പെട്ടു.നല്ല തണുപ്പുണ്ടാകുമെന്നും കമ്പിളിപ്പുതപ്പ് കൂടെക്കരുതണമെന്നും അഡ്മിൻ ആശാന്മാർ പ്രത്യേകം ഉണർത്തിയിരുന്നത് കൊണ്ട് കൊട്ടയും വട്ടിയും കൊറിക്കാനുള്ളതുമൊക്കെ കയ്യിൽ പിടിച്ച് യാത്രക്കുള്ള സർവ്വ സജ്ജീകരണങ്ങളോടെയുമായിരുന്നു പിക്നിക്കിന് തുടക്കം കുറിച്ചത്. സത്യം പറഞ്ഞാ പിക്നിക്കിന് വരാൻ കഴിയാതിരുന്നിട്ടും ഇടിവെട്ട് നിയമാവലി ഗ്രൂപ്പിലിട്ട് ഞെട്ടിപ്പിച്ച ശ്യാമേട്ടൻ സഞ്ചാരി പഴയ സഞ്ചാരിയല്ലാന്ന് ഓർമ്മപെടുത്താൻ മറന്നില്ല. സാൽമിയയിൽ നിന്ന് ഞങ്ങൾ മംഗാഫിലെത്തി അവിടെ നിന്ന് ഏഴരക്കാണ് വഫ്രയിലേക്കുള്ള വണ്ടി പുറപ്പെട്ടത്.വണ്ടി ഓടിച്ചിരുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നൊസ്റ്റാൾജിക് ക്യാമറാമാൻ മലപ്പുറത്തിന്റെ പൊന്നോമന പുത്രൻ മലപ്പുറം മഹാരാജാ നവാസ് മുഹമ്മദ്. മലപ്പുറത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്കെല്ലാം യാത്ര നടത്തി കിടിലൻ ഫോട്ടോകളെടുത്ത് ലൈക്കുകൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന, പ്രവാസികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന യാത്രാവിവരണങ്ങളും ഫോട്ടോഗ്രാഫിയും കൊണ്ട് ശ്രദ്ധേയനായ നവാസ് ഫോട്ടോഗ്രാഫി. ഞങ്ങൾ പണ്ടേ യാത്രകൾ നടത്തിയിരുന്നവർ ആണ് .ഓൺലൈൻ സിനിമാ ഫോറത്തിലൂടെ പരിചയപ്പെട്ട് ഗെട്ട്റ്റുഗെതറുകൾ നടത്തി നടന്നിരുന്ന ആ കാലമൊക്കെ ഓർമ്മ വന്നു.നവാസ് കട്ട മോഹൻലാൽ ഫാനും ഞാൻ കട്ട മമ്മൂക്കാ ഫാനും :P യാത്രയിൽ സിനിമാ റിലീസിങ്ങ് ദിവസത്തെ ഫാൻ ഫൈറ്റൊക്കെ സംസാരവിഷയമായി.ഇപ്പോൾ ഞങ്ങൾ രണ്ടാളും ഡീസന്റാണ്.സ്വസ്ഥം കുടുംബ ജീവിതം :) യാത്രകൾ പണ്ടേ ഹരമായത് കൊണ്ട് യാത്രാജീവിതത്തിന് ഒരു മാറ്റവുമില്ല.
വഫ്രയിലേക്കുള്ള റോഡാരാംഭിക്കുന്നതിനിരുവശവും കച്ചവടക്കാർ കാത്തിരിപ്പുണ്ട് .മംഗാഫിൽ നിന്നും 71 കിലോമീറ്ററുണ്ട് വഫ്രയിലേക്ക്. ആദ്യം എത്തിച്ചേർന്നവരിട്ട ലൊക്കേഷൻ മാപ്പും നോക്കിയൊരു നെടു നീളൻ യാത്ര.റോഡിനിരുവശവും പരന്ന് കിടക്കുന്ന മരുഭൂമി.ശൈത്യകാലമായത് കൊണ്ട് അറബികൾ ടെന്റുകളടിച്ച് രാത്രിയെ ആഘോഷമാക്കുന്നത് പതിവാണിവിടെ. ഒറ്റപ്പെട്ട് മരുഭൂമിയിൽ മാത്രം കാണുന്ന ചെറിയ ചില്ലകളുള്ള പച്ചില മരങ്ങൾ അങ്ങിങ്ങായി കാണാം.തെരുവ് വിളക്കുകൾ നിരയായി നിൽക്കുന്നത് കാഴ്ചക്ക് ഭംഗിയൂം യാത്രക്ക് സുഖവും നൽകുന്നുണ്ട്. ലൊക്കേഷൻ മാപ്പ് കാണിച്ച സ്ഥലത്തെത്തിയപ്പോൾ ആരെയും കാണുന്നില്ല. വഴി തെറ്റിപ്പോയോ എന്ന് സംശയിച്ച് കാർ തിരിച്ച് ഒന്ന് റൌണ്ടടിച്ചപ്പോൾ റോഡ് സൈഡിൽ ഒരു ടയറിൽ വെള്ള പോസ്റ്ററിൽ സഞ്ചാരി കുവൈറ്റ് പികിനിക്കിന്റെ വഴി ഒട്ടിച്ച് വച്ചിട്ടുണ്ട്.മിടുക്കന്മാർ 8-) .ടെക്നോളജിയൊക്കെ എത്ര വികസിച്ചാലും നോട്ടീസിന് നോട്ടീസ് തന്നെ വേണം.കാർ മെയിൻ റോഡിൽ നിന്നും നമ്മുടെ നാടൻ പഞ്ചായത്ത് റോഡ് പോലെ കുണ്ടും കുഴിയും നിറഞ്ഞ ഒരു പാതയിലേക്കിറക്കി.കുറച്ച് കൂടി പോയപ്പോൾ വീണ്ടും ഒരു പോസ്റ്റർ .അമ്പമ്പോ..സഞ്ചാരി ഒരു സംഭവാട്ടാ..:)
ഇരു വശവും ഇടതൂർന്ന മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന വഴിയിലൂടെ ഒരു നൂറു മീറ്റർ സഞ്ചാരം കൂടി.രാത്രിയായത് കൊണ്ട് തെളിഞ്ഞ് കാണുന്നില്ലെങ്കിലും സംഗതി നാടിനെ ഓർമ്മിപ്പിക്കുന്ന റിസോർട്ട് തന്നെ.കണക്ക് കൂട്ടിയത് പോലെ ഒരു മണിക്കൂർ സമയമെടുത്ത് 8:45 ന് സംഗമ സ്ഥലത്തെത്തിച്ചേർന്നു.ബാർബിക്യൂ യുമായി ആദ്യമെത്തിയ സഞ്ചാരികൾ പണി തുടങ്ങിക്കഴിഞ്ഞു.നല്ല തണുപ്പുണ്ട് .റിസോർട്ട് അത്യാവശ്യം സൌകര്യമുണ്ട്.മൂന്നും റൂമുകളും രണ്ട് ഹാളും ഒരടുക്കളയും മൂന്നു ബാത്ത് റൂമും.കൂടാതെ മൂന്ന് ടെന്റുകളും പുറത്തുണ്ട്.വലിയൊരു നീന്തൽക്കുളവുമുണ്ട്.തണുപ്പിങ്ങനെ ശരീരത്തിലൂടെ തുളച്ച് കയറുമ്പോൾ തീക്കട്ടയിലിട്ട് കോഴിക്കഷ്ണങ്ങൾ ചുട്ട് തിന്നാൻ നല്ല രസമുണ്ടാകും.ചെമ്മീനും മത്തിയുമുണ്ട് ഒരു കൂട്ടായിട്ട്.കുറേ നേരം ചുറ്റിയടിച്ച് നിന്നെങ്കിലും സംഗതി പെട്ടെന്നൊന്നും കിട്ടാൻ പോണില്ലാന്ന് മനസ്സിലായി.തണുപ്പ് കൂടിക്കൂടി വന്നതോടെ ഏതാണ്ടൊരു ഒമ്പതേ മുക്കാലിന് ക്യാമ്പ് ഫയറിനുള്ള പണി തുടങ്ങി.തണുപ്പത്ത് തീ കായുന്ന സുഖം ഒന്ന് വേറെ തന്നെ 
<3 span="">


അഷറഫ് ബായ് ക്യാമറ ഓണാക്കിയാൽ പിന്നെ വെറുതെയിരിക്കില്ല..ചുമ്മാ ക്ലിക്കിക്കൊണ്ടിരിക്കും .ഓടി നടന്നെടുത്താലും ഫോട്ടോസെല്ലാം കിടുക്കിയിരിക്കും.ഇരുട്ടും വെളിച്ചവും തീപ്പൊരികളും കൊണ്ട് ക്യാമറാ വിരുന്നൊരുക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് നമ്മുടെ അനൂപേട്ടൻ.ക്യാമറക്ക് ഇമ്പോസിഷൻ കൊടുക്കലാണ് പ്രധാന പരിപാടി.പത്തരയായപ്പോഴേക്കും താരരാജാവ് ഷാനവാസ് അടക്കം പറഞ്ഞ് പറ്റിക്കാത്ത എല്ലാവരും സ്ഥലത്തെത്തിച്ചേർന്നു.ഫുഡ്ഡഡിയാണല്ലോ മൈൻ കലാപരിപാടി .കൂടുതൽ വൈകിക്കാതെ കുബ്ബൂസും ഹമ്മൂസും കോഴി ചുട്ടതും ചെമ്മീൻ കിടത്തിപ്പൊരിച്ചതും മത്തി മുളകിട്ട് കരിച്ചതുമൊക്കെയായി നല്ല തട്ട് പൊളിപ്പൻ അറേബ്യൻ സൽക്കാരം.വായിൽ വെള്ളമൂറി വരുന്നുണ്ടെങ്കിൽ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. :P. എന്തൊരു സ്വാദാണ്..." കാത്തിരുന്ന് കാത്തിരുന്ന് കോഴി ചുട്ട് മീൻ വറുത്ത് ..".പാട്ടൊക്കെ ചുമ്മാ വരുന്നുണ്ട്..

ഭക്ഷണത്തിന് താൽക്കാലിക വിരാമമായതോടെ ഒരു 11:30 ന് പിക്നിക്ക് തട്ടിൽ കയറി.ട്രിപ്പിന്റെ ആസ്ഥാന ആസൂത്രകനും അഡ്മിനുമായ പ്രസൂൺജി മൈക്ക് കയ്യിലെടുത്തതോടെ ആദ്യമായി സഞ്ചാരിയോടൊപ്പം വന്നവർക്കൊക്കെ എന്താണ് കുവൈത്ത് സഞ്ചാരി എന്നതിനെക്കുറിച്ചൊരു ചെറിയ വിവരണം കിട്ടി.മൈൻ അഡ്മിനും ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റുമായ ഷാമോൻ സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പ്രത്യേകതയെക്കുറിച്ചും സാമൂഹ്യസേവനങ്ങൾക്ക് കൂടി വേണ്ടിയുള്ളതാണ് ഈ ട്രാവൽഗ്രൂപ്പെന്നും സൂചിപ്പിക്കുകയുണ്ടായി.

2011 നവംബർ 11 ന് തുടങ്ങിയ സഞ്ചാരി ഗ്രൂപ്പ് 3 ലക്ഷം അംഗങ്ങളും 70ൽ പരം അഡ്മിന്മാരുമായി ജൈത്രയാത്ര തുടരുകയാണ്.“പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം” എന്ന ലക്ഷ്യവുമായി യാത്രകൾ നടത്തുന്ന സഞ്ചാരി കുവൈറ്റ് ചാപ്റ്റർ രാജസ്ഥാൻ മരുഭൂമിയിൽ ജലദൌർലഭ്യം കൊണ്ട് കഷ്ടപ്പെടുന്ന ഗ്രാമീണർക്ക് കിണർ നിർമ്മിക്കുന്ന പദ്ധതിയിലേക്ക് ഒരു കിണറിനുള്ള സംഭാവന നല്കിയ കാര്യം ഷാമോൻ ഓർമ്മപ്പെടുത്തി.യാത്രകളുടെ തമ്പുരാൻ പ്രസൂൺ ജി വീണ്ടും മൈക്കെടുത്ത് അടുത്ത ട്രിപ്പ് പ്രഖ്യാപിച്ചു.ഏഴു ദിവസമുള്ള ക്രോസ്കണ്ട്രി ട്രിപ്പിൽ കുവൈത്തിൽ നിന്നും ഒമാനിലേക്കാണ് യാത്ര പോകുന്നത്.പുതുതായി വന്നവരും പഴയ പടക്കുതിരകളും സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു അടുത്തത്. മൈക്ക് ഷാനവാസ് അണ്ണന്റെ കയ്യിലെത്തിയപ്പോൾ ആരാധകർ കയ്യടിച്ചും കൂവിയും കോമഡിയാക്കിക്കളഞ്ഞു :).സംസാരിക്കാൻ സമ്മതിക്കാത്ത ആരാധകരുടെ നടപടിയിൽ പ്രതിഷേധിച്ച് താരം പത്ര സമ്മേളനം ബഹിഷ്ക്കരിച്ചു എന്നാരും കരുതണ്ട :P അത്ര പെട്ടെന്നൊന്നും ഈ കുമാരൻ തളരില്ല.പരിചയ്പ്പെടുത്താനുള്ള പേര് വിളിച്ചപ്പോഴേ സദസ്സ് ചിരിയിൽ മുങ്ങിപ്പോയ ഒരേ ഒരാളായിരുന്നു അടുത്തത്. മൈക്ക് കയ്യിൽ പിടിച്ച് ഞാൻ ബാസിത് എന്ന് പറയേണ്ട താമസം “ നീ ബാസിതല്ല..കാണാതായ ആൺകുട്ടി അത്ര മതി കൂടുതൽ ഡെക്കെറേഷൻ ഒന്നും വേണ്ടാന്ന് കമന്റുയർന്നു.8| കുബ്ബാർ ഐലന്റ് ട്രിപ്പോടെയാണ് ബാസിത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്.അതൊരു വലിയ കഥ. ബാസിത് ദ്വീപ് മൊത്തം ചുറ്റിയടിച്ച് മണലിൽ മണ്ണപ്പം ചുട്ട് കളിച്ച് ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ദൂരെ ദൂരെ കുറേ തലകൾ മാത്രം കാണുന്നുണ്ട്.നമ്മളെ വിളിക്കാതെ പോകില്ലല്ലോ എന്ന വിചാരത്തിൽ വീണ്ടും മണലിൽ പുട്ടും പഴവുമൊക്കെ ഉണ്ടാക്കി.അവസാനം തിരിച്ച് ചെന്നപ്പോ കറുത്ത തലകൾക്ക് പകരം വെള്ളത്തലകൾ :)ഇംഗ്ലീഷുകാരുടെ ഒരു കൂട്ടമാണിരിക്കുന്നത്. പിന്നെയൊന്നും നോക്കാതെ പോലീസ് സ്റ്റേഷനിൽ ചെന്ന് 48 ഹിന്ദികളും ഒരു ബോട്ടും കാണാതായി എന്ന് റിപ്പോർട്ട് ചെയ്തു എന്നാണ് പറയപ്പെടുന്നത് :P നമ്മുടെ സഞ്ചാരി ടീം ആകട്ടെ പൂമരം കൊണ്ട് പെട്ടെന്നൊരു കപ്പലുണ്ടാക്കി പയ്യനെ രക്ഷപ്പെടുത്താൻ ദ്വീപിലേക്ക് വിട്ടു.ഇപ്പോൾ ബാസിതിനെ കണ്ടാൽ മതി സഞ്ചാരികൾ ചിരി തുടങ്ങും :) :)
94 മുതൽ യാത്ര ഹരമാക്കിയ ജോബിഷ് ഭായിയുടെ യാത്രാനുഭവങ്ങൾ ചങ്കിടിപ്പോടെയാണ് എല്ലാവരും കേട്ടിരുന്നത്.കാശിയിലെ അഗോരാസിലേക്ക് നിരോധിത മേഖലയാണെന്നറിയാതെ പോയതും മനുഷ്യ മാംസം കഴിക്കുന്നവരിൽ നിന്ന് കഷ്ടിച്ച് ഓടി രക്ഷപ്പെട്ട അനുഭവമൊക്കെ അദ്ധേഹം പങ്ക് വെച്ചു.എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളും കണ്ട് തീർത്ത ജ്യോബിഷ് ഭായിയുടെ അടുത്ത ഉന്നം ജോർജിയയാണ്.പരിചയപ്പെടുത്തലൊക്കെ കഴിഞ്ഞതോടെ സഞ്ചാരി ടീ ഷർട്ടും സ്റ്റിക്കറും വിതരണം ചെയ്യാൻ വേദിയെ ഉപയോഗിച്ചു.ഗൈംസ് നടത്താൻ അവതാരകൻ രതീഷ് ഭായി തയ്യാറായിരുന്നുവെങ്കിലും ഉറങ്ങാനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞത് കൊണ്ട് തൽകാലം പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ചു.ഉറങ്ങാനുള്ളവർ പുതപ്പുമെടുത്ത് ടെന്റുകളിലും ഹാളിലും റൂമുകളിലുമൊക്കെയായി കിട്ടിയ സഥലത്ത് ചുരുണ്ട് കൂടി.സമയം 1:25 .നിർത്താതെ കത്തിക്കൊണ്ടിരിക്കുന്ന തീയ്യിന് ചുറ്റും നിന്നും ഇരുന്നും ഉറങ്ങാതെ നേരം വെളുപ്പിക്കും എന്ന പ്ലാനോടെയും കുറേ പേർ രംഗത്തുണ്ട്.
5 മണിക്ക് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.ഹാളിൽ തലങ്ങും വിലങ്ങും കുറേ പേർ ഉറങ്ങിക്കിടക്കുന്നുണ്ട്.പതുക്കെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.ടെന്റിനുള്ളിലുള്ളവരും ഗാഢ നിദ്രയിലാണ്.ക്യാമ്പ് ഫയറിനടുത്തുള്ള ഇരിപ്പിടത്തിൽ ചൂടും കൊണ്ടാസ്വദിച്ചൊരു സഞ്ചാരി ഇരിക്കുന്നു.കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ മണലിൽ സ്റ്റാന്റിലുറപ്പിച്ച ക്യാമറയിൽ സൂര്യോദയം പകർത്താനുള്ള തയ്യാറെടുപ്പിലാണ് അനൂപേട്ടൻ.ഒന്നു കൂടി റൌണ്ടടിച്ചതോടെ റിസോർട്ടിന്റെ വരാന്തയിൽ മെഷീൻ ഗണ്ണുമായി നിലയിറുപ്പിച്ച് നിൽക്കുന്ന പട്ടാളക്കാരനെപ്പോലെ ക്യാമറയും നീളൻ ലെൻസുമായി ശ്രീജിത്തണ്ണൻ നെഞ്ചും വിരിച്ച് നിൽക്കുന്നു.കരസേനാ മേധാവി ശ്രീജിത്ത് എന്നൊക്കെ വിളിക്കാം.ആ ഡ്രസ്സും നടപ്പും ഫോട്ടോയെടുപ്പും.എന്റ്മ്മോ ..ഈ ഫോട്ടോഗ്രാഫർ അണ്ണന്മാരുടെ ഡെഡിക്കേഷൻ സമ്മതിച്ചേ മതിയാവൂ..:O മുള്ളൻ പന്നിയുടെ ഫോട്ടോ പിടിക്കാൻ ശ്രമിച്ച് കിട്ടാത്തതിന്റെ നിരാശയിൽ വഫ്രയിലെ പുലരിയെ കമ്പ്ളീറ്റ് ഒപ്പിയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് നിൽക്കുകയാണ് അനൂപേട്ടൻ.സത്യത്തിൽ ഈ പിക്നിക്കിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ പിന്നിട്ട് കൊണ്ടിരിക്കുന്നത്.

പ്രകൃതി ഇത്രയധികം സുന്ദരമായ മറ്റൊരു സമയമില്ലെന്ന് തന്നെ പറയാം <3 span=""> <3 span=""> <3 span=""> കിളികളുടെ കളകളാരവം കൊണ്ട് പൊട്ടി വിടരുന്ന നമ്മുടെ നാടൻ സുപ്രഭാതത്തെ അനുസ്മരിപ്പിക്കും വിധം പൂവൻ കോഴികളുടെ കൂവൽ കേൾക്കുന്നുണ്ട്.ആകാശം ചുവന്ന് തുടുത്തിരിക്കുന്നു.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴിമാറിയപ്പോഴാണ് പച്ചിലക്കാടുകളും പച്ച പുതച്ച പുൽത്തകിടികളും കൊണ്ട് അനുഗ്രഹീതമായ വഫ്രയുടെ യദാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിയുന്നത്.തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വരുന്നുണ്ട്.അവസാനത്തെ തീക്കനലും കെട്ടടങ്ങാൻ പോവുകയാണ്.യുദ്ധഭൂമിയിൽ മൂന്ന് യോദ്ധാക്കൾ പുതപ്പിൽ മൂടിക്കിടക്കുന്നുണ്ട്. 

പച്ചമണ്ണിൽ അതും ഈ കൊടും തണുപ്പത്തെങ്ങനെ ഈ മൂന്ന് പോരാളികൾ ഒറ്റപ്പെട്ടു ? ഗൃഹാതുരത്വം തലക്ക് പിടിച്ച് മറ്റൊരു സഞ്ചാരി രാവിലെത്തന്നെ റേഡിയോ ഓൺ ചെയ്തു. റേഡിയോ മാങ്കോയിൽ നിന്ന് പാട്ട് ഒഴുകി വന്നു. “വിഷുക്കിളി കണി പൂ കൊണ്ടു വാ... മലർക്കുടന്നയിൽ തേനുണ്ണാൻ വാ... ” ചിത്രയുടെ മാധുര്യമുള്ള ശബ്ദത്തിൽ പാട്ട് പാടിത്തുടങ്ങിയപ്പോൾ മണ്ണിൽ ഉറങ്ങിക്കിടന്ന ഒരു യോദ്ധാവ് പുതപ്പ് പൊക്കി ഞെട്ടിയെഴുന്നേറ്റ് ചുറ്റുപാടും നോക്കി ഒറ്റക്കരച്ചിൽ “ എനിക്കിപ്പം നാട്ടീപ്പോണം ”. പാവം പാട്ട് കേട്ടപ്പോ നാട്ടിലാണെന്ന് കരുതിക്കാണും.സാരമില്ല സഹദേവാ..പുതുതായി നാട്ടിൽ നിന്ന് വന്നതിന്റെ പ്രശ്നമാ ..എല്ലാം ശരിയാകും:) .സോറി..എല്ലാം ശീലമാകും :P
8 മണിയായതോടെ എല്ലാവരും പതുക്കെ പതുക്കെ ഏണീറ്റ് വരാൻ തുടങ്ങി.ആകാശത്തിതുവരെ നടന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല..നീലാകാശം വെള്ളത്തൂവലുകളുമായ് പീലി വിടർത്തി നിൽക്കുന്നു.കൊടും തണുപ്പത്ത് ഊതിയൂതിക്കുടിക്കാൻ ചായയും കാപ്പിയും തയ്യാറായിട്ടുണ്ട്.എനിക്കപ്പോഴാണ് തലേ ദിവസം കൊണ്ടു വന്ന അരിമണി വറുത്തിടിച്ച് ശർക്കരയും തേങ്ങയും ചേർത്തുണ്ടാക്കിയ അരിപ്പുട്ടിന്റെയും പഴം പൊരിയുടേയും ഓർമ്മയുണ്ടായത്. പെട്ടെന്ന് കൊണ്ട് വന്ന് ചായയുടെ കൂടെ പലഹാരമാക്കി.കറക്റ്റ് ടൈമിങ്ങായിരുന്നു.ബാല്യകാലത്ത് വിരുന്നു പോയി രാവിലെ എണീറ്റിരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ഫീലിങ്ങ്. രാത്രി കിളികൾ കൊത്തി ചാടിച്ച പഴുത്ത മാമ്പഴങ്ങൾ പെറുക്കിയെടുക്കാനും എറിഞ്ഞ് വീഴ്ത്താനും ഒറ്റ മാവ് പോലും ഇവിടെയില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കിയായി.നമ്മുടെ പയ്യൻ ഡൂഡുമോൻ ഇതിനിടക്ക് എണീറ്റ് വന്നു.അവനെയും കൂട്ടി പറമ്പിന്റെ ഒരു മൂലയിൽ കൂട്ടിലിട്ടിരിക്കുന്ന കോഴികളെ കാണിക്കാൻ കൊണ്ട് പോയി.ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ.കൂടുകൾ മൂടിയിരിക്കുന്നത് കാരണം ഒന്നിനെയും കാണാൻ കഴിഞ്ഞില്ല.
അടുക്കളയിൽ വിപ്ളവം സൃഷ്ടിക്കും എന്ന് പറഞ്ഞിരുന്ന സ്ത്രീജനങ്ങളെയൊന്നും നേരം പരപരാ വെളുത്തിട്ടും അടുക്കളയിലേക്ക് കാണാനില്ല. പിന്നെ നമ്മുടെ പുരുഷ കേസരികൾ തന്നെ ഉപ്പുമാവ് യജ്ഞം ഏറ്റെടുത്തു. ആണുങ്ങളോടാ കളി 8-)
നല്ല പച്ചപ്പുതപ്പിട്ട് മൈതാനം പോലെ വിശാലമായി കിടക്കുന്ന സ്ഥലമുള്ളത് കൊണ്ട് ഒരു പന്ത് കിട്ടിയതോടെ ഒരാളെ നടുവിൽ നിർത്തി പന്ത് കൊടുക്കാതെ കളിപ്പിക്കുകയാണ് കുറച്ച് പേർ.

പാവം നമ്മുടെ കൂടെയുള്ള ശ്രീലങ്കക്കാരാൻ ബയ്യയെയാണ് കളിപ്പിക്കുന്നത്.മലയാളികളല്ലേ ഐറ്റം 8-) മലപ്പുറം സഞ്ചാരികൾ പെട്ടെന്ന് കളി സീരിയസ്സാക്കി പോസ്റ്റൊക്കെ വെച്ച് റിയൽ ഫുട്ബാളിനു തന്നെ കളമൊരുക്കി.അഞ്ച് മിനിറ്റ് കളിയും പത്ത് മിനിറ്റ് വിശ്രമവും:) 90 മിനിറ്റൊക്കെ എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ കളിക്കുന്ന മെസ്സിയെയും റൊണാൾഡോയെയുമൊക്കെ എത്ര കയ്യടിച്ചാലും മതിയാകില്ല.എന്തൊരു കിതപ്പാണ് അഞ്ച് മിനിറ്റ് കളിക്കുമ്പോൾ തന്നെ.പതിവ് പോലെ അർജെന്റീനയെ തോല്പിച്ച് ബ്രസീൽ കിരീടം നേടി.3-3ൽ സമനിലയിൽ നിൽക്കുമ്പോൾ അവസാന നിമിഷത്തിൽ മഞ്ഞകുപ്പായമിട്ട ബ്രസീലുകാരന്റെ ഷോട്ട് തടുക്കാൻ അർജെന്റീനയുടെ ഗോളിക്ക് കഴിഞ്ഞില്ല.ബ്രസീലിന്റെ കട്ട ആരാധകനായ എന്നെ അർജെന്റീനയുടെ ഗോളിയാക്കിയതിന്റെ ശിക്ഷ അത് ഞാനങ്ങ് തീർത്ത് കൊടുത്തു :)
9:40 ന് ഉപ്പു മാവ് റെഡി. നല്ല് സ്വാദുള്ള കിടിലൻ ഉപ്പുമാവ്.കൂടെ ആമ്പ്ളൈറ്റുമുണ്ട് .ആമ്പ് ളൈറ്റിന് ഡിമാന്റ് കൂടി ത്തുടങ്ങി. ആംബ്ളൈറ്റ് വാങ്ങാൻ ക്യൂ വായി.ക്യൂവാണല്ലോ ഇപ്പോൾ നമ്മുടെ ഇന്ത്യൻ ട്രെന്റ്. ജഹാൻ ബ്രോ, അനുബ്രോ , സലാംബ്രോ , സൽമാൻ ബ്രോ എല്ലാ ബ്രോകളും ചേർന്ന് ആംബ്ളൈറ്റ് ആവേശത്തോടെ താളാത്മകമായി അടിച്ച് കലക്കി പൊരിച്ച് കൊടുത്തു8-) .ബാക്ക് ഗ്രൌണ്ടിൽ മ്യൂസിക്ക് ബാൻഡ് തകരയുടെ ഫേമസായ പുട്ട് പാട്ട് “ പണവും പ്രതാപവും നമുക്കെന്തിനാ..പുട്ടുണ്ടല്ലോ പുട്ടിൻ പൊടിയുണ്ടല്ലോ ..വാവാ..പുട്ടേ വാ..പുട്ടിന്റെ പൊടിയേ വാ...” <3 span=""> <3 span=""> <3 span="">
10 : 30 ന് വീണ്ടും ഗൈം സെക്ഷൻ സ്റ്റാർട്ടായി. രതീഷ് ബായ് ഫുൾ ഫോമിലാണ്.കുട്ടികൾക്കുള്ള സ്വീറ്റ് ഗാതറിങ്ങായിരുന്നു ആദ്യം .വ്യത്യസ്ഥങ്ങളായ ഒരു പാട് ഗൈമുകൾ ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.സഞ്ചാരി ടീം ഒരുക്കിയ കലക്കൻ സമ്മാനങ്ങളുമുണ്ടായിരുന്നു.സമ്മാനങ്ങൾ വാരി വിതറുകയായിരുന്നു. സ്വിമ്മിങ്ങ് പൂളിൽ വെള്ളം നിറഞ്ഞ് കവിഞ്ഞതോടെ നീന്തി രസിക്കാനും ചാടിത്തിമിർക്കാനും നീന്തൽ വശമുള്ളവരുടെ അടിപിടിയായിരുന്നു.വിശാലമായ കെട്ടിടത്തിനുള്ളിലെ നീന്തൽക്കുളം ശരിക്കും മുതലാക്കി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ഗൈം സെക്ഷൻ സ്റ്റാർട്ട് ചെയ്തു.മൂന്ന് മണിക്ക് ശേഷം സഞ്ചാരി ടീ ഷർട്ടുമിട്ട് കലിപ്പ് ലുക്കിൽ ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ.8-) 

ഫോട്ടോ ഗ്രാഫർക്ക് അവസരം വിട്ട് കൊടുത്ത് പോസ് ചെയ്യാൻ മത്സരിക്കുന്ന സഞ്ചാരിക്കൂട്ടം.പ്രസൂൺ ജി ഫാമിൽ നിന്ന് കൊണ്ട് വന്ന പച്ചക്കറികളുടെ വിതരണവുമുണ്ടായിരുന്നു.തക്കാളിയും കോളീഫ്ലവറും ഇലകളുമൊക്കെയായി ഫാമിൽ നിന്ന് പൊട്ടിച്ചെടുത്ത ഫ്രെഷ് പച്ചക്കറികൾ. “പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം” എന്ന വാക്ക് അന്വർത്ഥമാക്കി പരിസരം മൊത്തം ക്ളീൻ ചെയ്ത് പച്ചമരത്തണലിൽ ഒരിക്കൽ കൂടി ഒത്ത് കൂടി 4:30 ന് ഒന്നൊന്നായി വണ്ടികൾ തിരിച്ച് തുടങ്ങി.പ്രവാസമണ്ണിൽ സൌഹൃദത്തിന്റെയും ഗൃഹാതുരമായ ഓർമ്മകളുടെയും നിമിഷങ്ങൾ പങ്കിട്ട് മനോഹരമാക്കിയ രാവും പകലിനും വിരാമമായി.വീണ്ടും ഒത്തു കൂടുമെന്ന പ്രതീക്ഷയോടെ സഞ്ചാരികളുടെ മടക്കയാത്ര <3 span="">
‌‌‌‌‌‌‌‌‌‌‌‌---------------------------

1 comment:

  1. കുവൈറ്റിലെ വഫ്രയുടെ മനോഹാരിതകൾ
    മുഴുവൻ വാരി ചൊരിഞ്ഞിരിക്കുകയാണല്ലോ ഈ കുറിപ്പുകളിൽ കൂടി
    അവസാനം ഫോട്ടോ ഗ്രാഫർക്ക് അവസരം വിട്ട് കൊടുത്ത് പോസ് ചെയ്യാൻ മത്സരിക്കുന്ന സഞ്ചാരിക്കൂട്ടം,
    പ്രസൂൺ ജി ഫാമിൽ നിന്ന് കൊണ്ട് വന്ന പച്ചക്കറികളുടെ വിതരണവുമുണ്ടായിരുന്നു.തക്കാളിയും കോളീഫ്ലവറും
    ഇലകളുമൊക്കെയായി ഫാമിൽ നിന്ന് പൊട്ടിച്ചെടുത്ത ഫ്രെഷ് പച്ചക്കറികൾ. “പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം”
    എന്ന വാക്ക് അന്വർത്ഥമാക്കി പരിസരം മൊത്തം ക്ളീൻ ചെയ്ത് പച്ചമരത്തണലിൽ ഒരിക്കൽ കൂടി ഒത്ത് കൂടി 4:30 ന്
    ഒന്നൊന്നായി വണ്ടികൾ തിരിച്ച് തുടങ്ങി.പ്രവാസമണ്ണിൽ സൌഹൃദത്തിന്റെയും ഗൃഹാതുരമായ ഓർമ്മകളുടെയും നിമിഷങ്ങൾ
    പങ്കിട്ട് മനോഹരമാക്കിയ രാവും പകലിനും വിരാമമായി.വീണ്ടും ഒത്തു കൂടുമെന്ന പ്രതീക്ഷയോടെ സഞ്ചാരികളുടെ മടക്കയാത്ര ..

    ReplyDelete