Sunday, June 4, 2017

പുറത്താക്കപ്പെട്ടവരുടെ പുസ്തകം

ഒരു വെടിയുണ്ട കുരുന്നു സിറാജിന്റെ നെറുകയിൽ ഉമ്മ വെച്ച് ഓടി മറഞ്ഞിരുന്നു.ഗസ്സയിലെ ഒരു ചെറിയ ആശുപത്രിയിൽ അവനെത്തുമ്പോൾ വിളറിയിരുന്നെങ്കിലും അ കുഞ്ഞു മുഖത്ത് ജീവന്റെ പ്രസന്നതയുണ്ടായിരുന്നു.ഡോക്ടർ ടിഷ്യൂ പേപ്പർ കൊണ്ട് മുഖത്തെ ചോരപ്പാടുകൾ തുടച്ചു കൊണ്ടിരുന്നു.അവനൊന്നും സംഭവിച്ചിട്ടില്ല. പൊടുന്നനെ അയാൾ കണ്ടു.അവന്റെ തലയുടെ പിന്നാമ്പുറം വെറും ആവരണം മാത്രമായിരുന്നു.തലച്ചോറ് മുഴുവനും നഷ്ടപ്പെട്ട ഒരു കൊച്ചു ഗുഹ.ഇരുപത് വർഷങ്ങളോളമുള്ള തന്റെ ഭിഷഗ്വര ജീവിതത്തിൽ, ഹൃദയ ഭേദകമായ ഇത്തരമൊരു രംഗം, ഹൃദയമിടിപ്പ് നിശ്ചലമാകുന്ന അനുഭവം...
   ഡോക്ടർ തരിച്ചിരുന്നു പോയി....
                    സബീറാ ഉമ്മ...പൂന്തോട്ടത്തിൽ തുടുത്തു വിരിഞ്ഞ് നിൽക്കുന്ന കടും ചുവപ്പും , തൂവെള്ളയും കുങ്കുമനിറവുമൊക്കെയുള്ള പൂക്കൾ അലങ്കരിച്ച് നിൽക്കുന്ന കുഞ്ഞ് ചെടികൾക്ക് വേണ്ടി ജീവിതം പാകപ്പെടുത്തിയ സബീറാ ഉമ്മ,
          അന്നും അരുമ മകൾ കടും മഞ്ഞ ഫ്രോക്കിട്ട നാദിറ ഒരു മഞ്ഞ പൂമ്പാറ്റ പോലെ ഒപ്പമുണ്ടായിരുന്നു.പച്ച മുളക് ചെടികളുടെ ഇടയിൽ ഒരു കൌതുക വസ്തു വീണു കിടക്കുന്നത് നാദിറയുടെ കണ്ണിൽ പെട്ടു.ആകർഷകമായ ഒരു കളിപ്പാട്ടം.അവൾ അതെടുത്തു.അടഞ്ഞു കിടന്ന ആ ചെറിയ കളിപ്പാട്ടത്തിന്റെ അടപ്പ് ശക്തിയോടെ വലിച്ചെടുത്ത് തുറക്കാൻ അവൾ ശ്രമിച്ച് കൊണ്ടിരുന്നു.
    നാദിറയുടെ അലർച്ച കേട്ടാണ് സബീറാ ഉമ്മ ഓടിയെത്തുന്നത്. ബോധമറ്റു കിടക്കുന്ന നാദിറയെയുമെടുത്ത് ആശുപത്രിയിലേക്കോടി.
   മൂന്ന് ദിവസം അതേ കിടപ്പ് കിടന്നു.ഒടുവിൽ നാദിറയെന്ന മഞ്ഞപ്പൂമ്പാറ്റ കളിപ്പാട്ടങ്ങളില്ലാത്ത ലോകത്തേക്ക് ചിറകടിച്ച് പോയി.
            വായനക്കാരെ കണ്ണീരണിയിക്കുന്ന ഹൃദയഭേദകമായ ഒരു പാട് രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്  പ്രമുഖ എഴുത്തുകാരനായ പ്രേമൻ ഇല്ലത്ത്പുറത്താക്കപ്പെട്ടവരുടെ പുസ്തകംഎന്ന തന്റെ ആദ്യ നോവൽ എഴുതിയിരിക്കുന്നത്. 


തലശേരിക്കടുത്ത് മൊകേരി സ്വദേശിയും ഇപ്പോൾ മുംബെയി സ്ഥിരതാമസക്കാരനും കുവൈത്ത് പ്രവാസിയുമായ പ്രേമൻ ഇല്ലത്ത്അധിനിവേശകാലത്തെ പ്രണയംഎന്ന കഥാസമാഹാരത്തിന് ശേഷം പ്രസിദ്ധീകരിച്ചിരിക്കുന്ന നോവലാണ്  പുറത്താക്കപ്പെട്ടവരുടെ പുസ്തകം . മലയാളത്തിലെ ആദ്യത്തെ പലസ്തീൻ നോവൽ എന്ന നിലയിൽ ശ്രദ്ധേയമായ ഈ കൃതി തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട്.നല്ല ഒഴുക്കുള്ള വായന സമ്മാനിക്കുന്നതോടൊപ്പം തന്നെ ഭാഷയുടെ സൌന്ദര്യവും ലാളിത്യവും ഒരിക്കൽ കൂടി വിളിച്ചോതുന്ന ശൈലിയിലാണ് നോവൽ പൂർത്തികരിച്ചിരിക്കുന്നതെന്ന് എടുത്ത് പറയേണ്ട കാര്യമാണ്. വായന മതിയാക്കിയവരെപ്പോലും തിരിച്ച് വിളിച്ച ബെന്യാമിന്റെ ആടു ജീവിതം  പ്രമേയത്തിലെ തീവ്രത കൊണ്ടാണ് ജനകീയമായത്. സൌദി അറേബ്യയിലെ മരുഭൂമിയുടെ പശ്ചാത്തലത്തിലുള്ള അവതരണമായത് കൊണ്ട് തന്നെ അവിശ്വസനീയത ഇല്ലാതാക്കാൻ നോവലിന്റെ പേരിനോടൊപ്പം തന്നെനാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ട് കഥകൾ മാത്രമാണ് എന്ന് ബെന്യാമിന് തന്നെ കുറിച്ചിടേണ്ടി വന്നിരുന്നു. പുറത്താക്കപ്പെട്ടവരുടെ  പുസ്തകത്തിന്റെ ആമുഖത്തിൽഇതിലെ കഥയും കഥാപാത്രങ്ങളുമെല്ലാം തികച്ചും സാങ്കൽപ്പികങ്ങളാണ്എന്ന് ഗ്രന്ഥകാരൻ എഴുതിയിട്ടുണ്ടെങ്കിലും അതിശയോക്തിപരമായോ അവിശ്വസനീയമായോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കാനുള്ള പ്രധാന കാരണം പലസ്തീൻ ജനത അനുഭവിച്ച് കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരന്തങ്ങളുടെയും നേർചിത്രം നിരന്തരമായി നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു എന്നത് കൊണ്ടാണ്.മരണം മൂടി നിൽക്കുന്ന പലസ്തീൻ ജീവിതങ്ങളുടെ മന:സംഘർഷങ്ങൾ സൂക്ഷ്മമായി ചിത്രീകരിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് കൃത്യമായി വിലയിരുത്താനാകും. ഇസ്രായേൽ, ഈജിപ്റ്റ്, ജോർദാൻ,സിറിയ ,തുർക്കി,ലബനോൺ,അമേരിക്ക ,ഇറാക്ക്,കുവൈറ്റ്, അഫ്ഘാനിസ്ഥാൻ ,ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൂടി അതിജീവന സ്വപനത്ത്ന്റെ, പുറത്താക്കപ്പെടലുകളുടെ കഥകൾ കൂടി നിറഞ്ഞതാണെങ്കിലും തൂലിക പലസ്തീനിന്റെ ചുടു ചോര മണക്കുന്ന മണ്ണിലേക്കെത്തുമ്പോൾ തീവ്രവും തീക്ഷ്ണവുമായ വായനാനുഭവം നൽകുന്നുണ്ട് .
     ഉഗ്രസ്ഫോടനങ്ങളുടെ പ്രകമ്പനം അലയടിക്കുന്ന ഗസ്സയുടെ ഭീതിജനകമായ അന്തരീക്ഷത്തിൽ സാദ് അബ്ദുള്ളക്കും ലൈലക്കും ദൈവം കനിഞ്ഞ് നല്കിയ പെൺകുഞ്ഞിന്റെ കരച്ചിലോടെയാണ് നോവൽ ആരംഭിക്കുനത്.സന്തോഷം കൊണ്ട് മതിമറക്കേണ്ട ആ സുന്ദര മുഹൂർത്തത്തിൽ പോലും ഗസ്സയിലെ കൊച്ച് വീട്ടിൽ നിന്ന് ഉയരുന്നത് കൂട്ടക്കരച്ചിലുകളായിരുന്നു. ആകാശത്ത് നിന്ന് ഏതു നിമിഷവും പൊട്ടി വീഴാൻ സാധ്യതയുള്ള ഷെല്ലുകളും ബോംബുകളും ദുരന്ത ചിന്തകൾ ഉയർത്തുമ്പോൾ എങ്ങനെയാണ് കണ്ണീർമഴയിൽ കുതിരാതിരിക്കുക!
                 തന്റെ കുരുന്നു സുന്ദരിയെ സുരക്ഷിതമായി വളർത്താൻ റാമൊല്ലയിലുള്ള അമ്മാവൻ ഖലീദ് മെഹ്റാന്റെ വീട്ടിലേക്ക് പലായനം ചെയ്യുകയാണ് സാദും കുടുംബവും. മരണത്തിന്റ്റെയും ജീവിതത്ത്ന്റെയും നൂൽപ്പാലത്തിനിടയിൽ അമ്പരന്ന് നിൽക്കുന്ന പലസ്തീനികളുടെ പ്രതിസന്ധി നോവലിൽ പലയിടങ്ങളിലായി അടയാളപ്പെടുത്തുന്നതായി കാണാം. “സുബ് ഹി നിസ്കാരത്തിന്റെ ബാങ്ക് വിളിയുടെ അലയൊലികൾ വിദൂരതയിലെ മിനാരങ്ങളിൽ നിന്നും ഒഴുകിയെത്തിയപ്പോൾ അവർ അൽഭുതപ്പെട്ടു. നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. ”  രാവാണോ പകലാണോ എന്ന് തിരിച്ചറിയാൻ പോലും മറന്ന് പോകുന്നത്ര മനോവേദനകൾ കീഴടക്കുന്ന ചിന്തകൾ അതിന് തെളിവ് നൽകുന്നുണ്ട്.യാത്രക്കിടയിൽ സാദിന്റെ ചിന്തകളിലും പ്രതിസന്ധിയുടെ ആഴം നിഴലിക്കുന്നുണ്ട് . “ഫലസ്തീനിക്ക് ജീവിതം ഒരവകാശമല്ല അതൊരു സ്വപന്മാണ്
        ഖലീദ് മെഹറാന്റെ കഴുത്തിന്റെ പിന്നിലുള്ള വെടിയേറ്റ അടയാളത്തെക്കുറിച്ച് പറയുമ്പോൾ വീണ്ടും പലസ്തീൻ ജീവിതങ്ങളുടെ സമാനത കുറിച്ചിടുന്നുണ്ട് നോവലിസ്റ്റ്. “ പോരാട്ടത്തിന്റെ ഒരടയാളമെങ്കിലും ശരീരത്തിൽ പേറാത്ത ആണുങ്ങൾ ഈ ഭൂപ്രദേശത്തുണ്ടാവില്ല. കാരണം അവർക്ക് ജീവിതം പോരാട്ടവും പോരാട്ടം ജീവിതവുമാണ്  ”
              വ്യത്യസ്ഥ കഥാപാത്രങ്ങളുടെ ചിന്തകളിലൂടെ ആഖ്യാനം
നടത്തുന്നുണ്ടെങ്കിലും എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാത്ത ശൈലി സ്വീകരിച്ചിരിക്കുന്നത് കൊണ്ട് വായനക്കാർക്ക് ഓരോ കഥാപാത്രങ്ങളെയും രംഗങ്ങളെയും എളുപ്പത്തിൽ മനസ്സിൽ കുറിച്ചിടാൻ കഴിയുന്നുണ്ട് എന്നത് പുറത്താക്കപ്പെട്ടവരുടെ പുസ്തകത്തിന്റെ വലിയൊരു പ്രത്യേകതയാണ്.   അത് കൊണ്ട് തന്നെ സാദ് അബ്ദുള്ളയുടെ മകൾ നോഷീന്റെ ജീവിതയാത്ര യോടൊപ്പം തന്നെ ദുരന്തങ്ങളിൽ ചിതറിത്തെറിക്കുന്ന ഓരോ മനുഷ്യ ജീവിതങ്ങളുടെ ചെറിയ കഥകൾക്ക് പോലും പ്രാധാന്യം ലഭിക്കുന്നുണ്ട്.
      മൂന്ന് വർഷത്തിലൊരിക്കൽ പൂക്കുന്ന അഫൈന ചെടിയോട് സ്വകാര്യം പറയുന്ന കുഞ്ഞു നൌഷീന്റെ ജീവിത സ്വപ്നങ്ങൾ കാല്പനിക സൌന്ദര്യം തുളുമ്പുന്ന വരികൾ കൊണ്ട് മനോഹരമായി വർണ്ണിക്കുന്നുണ്ട്.
           “ സുന്ദരിയായ നിന്നിൽ മരുഭൂമിയുടെ വസന്തങ്ങൾ അലിഞ്ഞു ചേർന്നിട്ടുണ്ട്.മധ്യധരണ്യാഴിയുടെ നീലിമയും സ്ടോബറിയുടെ ശോണിമയും നിനക്ക് തന്ന ദൈവത്തോട് നീ പറയുക; യന്ത്രത്തോക്കുകളുടെ പേടിപ്പിക്കുന്ന ശബ്ദങ്ങളില്ലാത്ത , പെട്രോൾ ബോംബുകളുടെ അഗ്നിച്ചിറകുകൾ പറന്ന് വരാത്ത,ഷെല്ലുകൾ ആകാശവർഷം നടത്താത്ത, ഒരു തുണ്ട് ഭൂമി ഞങ്ങൾക്കായും നിർമ്മിച്ച് തരിക എന്ന്’ .
   ഒറ്റത്തണ്ടിൽ ഏകാകിയായ നിന്ന ആ ചെടി പൊടുന്നനെ നീലിച്ച പച്ചയിലകൾ നീട്ടി തളിർക്കുകയും , അനേകം പൂക്കുലകൾ വിരിയിച്ച് ഒറ്റ നിമിഷത്തിൽ സർവ്വാഭരണവിഭൂഷിതയാവുകയും ചെയ്തു. ”
     മകൾക്ക് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം നിശ്ചയ ദാർഢ്യത്തിന്റെ കനൽ വഴികളിലൂടെ വർഷങ്ങൾ പിന്നിട്ടപ്പോൾ സമരവീര്യത്തിന്റെ കരുത്ത് പിന്നീട്  ഇസ്രായേൽ സൈന്യത്തിന്റെ കൊടുക്രൂരതകൾക്ക് നേരെയുള്ള ജീവിതപ്പോരാട്ടമാക്കി മാറ്റിയ അമേരിക്കയിൽ ജനിച്ച തെരേസ , നോവിന്റെ ഇന്നലെകൾ തളർത്തിയ ജീവിതം അടി തെറ്റാതിരിക്കാൻ ബർജിസ് കളിയിലെ വിജയങ്ങൾ കൊണ്ട് ആശ്വാസം കണ്ടെത്തുന്ന തമീമ അൻവർ , അപ്രതീക്ഷിത ദുരന്തം വിഴുങ്ങിയ ജീവിതത്തിൽ നിരാശയാകാതെ അനാഥരാകുന്ന പെൺകുട്ടികളെ സംരക്ഷിക്കുന്ന സംഘടനയുടെ രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഡോ.മറിയം അബ്ബാസ്. പലസ്തീന്റെ മണ്ണിൽ പുരുഷന്മാരില്ലാതാകുന്ന സാഹചര്യവും സ്ത്രീകളുടെ അതിജീവനവും നോവലിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
    പലസ്തീൻ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും ഇസ്രായേൽ സൈന്യത്തിന്റെ കൊടും ക്രൂരതകളും വിവിധ കഥാസന്ദർഭങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നുണ്ട്.
      “ പട്ടാളത്തിന്റെ പിടിയിലായാൽ പ്രാപ്പിടിയന്റെ കാൽനഖങ്ങൾക്കിടയിൽ കുരുങ്ങിയ പക്ഷിക്കുഞ്ഞിന്റെ ഗതിയാണ്.ഇരകൾ അന്തർധാനം ചെയ്യപ്പെടുന്നത് നിഗൂഡമായ മരുന്ന് പരീക്ഷണ ശാലകളിലോ കൂട്ടക്കുഴിമാടങ്ങളിലൊ ആണ്. ”
    രാത്രി കാലങ്ങളിൽ പട്രോൾ ചുറ്റുന്ന പട്ടാള വണ്ടികൾ ഒറ്റപ്പെട്ട് നടക്കുന്ന വൃദ്ധരെയും കുട്ടികളെയുമെല്ലാം രാജ്യത്തേക്ക് കടത്തി മരുന്നു പരീക്ഷണങ്ങൾക്കുപയോഗിക്കുന്നതായി ആരോപണമുണ്ട് .
റവ്ദഎന്നൊരു ഗ്രാമം .ആ ഗ്രാമത്തിന്റെ പ്രത്യേകത ആരെയും അമ്പരപ്പിക്കും.കാരണം അവിടെ പുരുഷന്മാരായി ആരുമില്ല. നിസ്സാരകാരണങ്ങൾ കൊണ്ട് പട്ടാളം പിടിച്ച് കൊണ്ട് പോകുന്ന ചെറുപ്പക്കാർ പിന്നീട് പുറം ലോകം കാണില്ല.ചെറുപ്പക്കാരായ തടവുകാർക്ക് മസ്തിഷ്ക മാന്ദ്യത്തിനുള്ള മരുന്ന് ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നു.വർഷങ്ങൾ കഴിഞ്ഞ് ജയിൽ അധികൃതർ പുറത്ത് വിടുന്ന ലിസ്റ്റിൽ പേരില്ലെങ്കിൽ ഉറപ്പിക്കാം.രോഗബാധിതരായി മരണപ്പെട്ടവരുടെ ലിസ്റ്റിൽ അവരുടെ പേരുണ്ടാകും.
മരണത്തിനും തോൽപ്പിക്കാനാവാത്ത പലസ്തീൻ ജനതയുടെ പോരാട്ടവീര്യത്തെ ജ്വലിക്കുന്ന വാക്കുകളിലൂടെ നിരീക്ഷണങ്ങളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്.                                                                                 “ പ്രതിഷേധത്തിൽ ഇരമ്പിയാർത്ത യുവരക്തം കുങ്കുമപ്പുഴകളായി ഒഴുകി
പലസ്തീനിക്ക് ദു:ഖവും ദുരന്തവുമെല്ലാം കൂടെപ്പിറപ്പാണ്.ഖബറിലെത്തുന്നതുവരെ അതിന്റെ കരിനിഴൽ അവനെ അനുധാവനം ചെയ്ത് കൊണ്ടിരിക്കും.
കലാപങ്ങളുടെ ഇടവേളകളിൽ വീണ് കിട്ടുന്ന ജീവിതം അതിവേഗം അവർ ജീവിച്ചെടുക്കും.അത് കൊണ്ടാണ് ഓരോ കലാപങ്ങൾക്ക് ശേഷവും നൂറ് കണക്കിന് മനുഷ്യർ പിടഞ്ഞ് വീണാലും ധൃതഗതിയിൽ ഗ്രാമവും നഗരവും സാധാരണഗതിയിൽ ചലിച്ച് കൊണ്ടിരിക്കുന്നത്.
ഗസ്സയിൽബുറൈജ് ”  എന്ന പേരുള്ള ഒരു ശ്മശാനത്തെക്കുറിച്ച്  പറയുന്നുണ്ട്.കുട്ടികൾക്ക് മാത്രമുള്ള ശ്മശാനം .കുട്ടികൾ പോലും ഏത് സമയവും മരിക്കാൻ തയ്യാറായി നിൽക്കുന്ന പ്രദേശം ലോകത്ത് വേറെ എവിടെ കാണാനാവും? വലിയ കുട്ടികൾ പ്രതീകാത്മകമായി കൂട്ടുകാരന്റെ ശവമഞ്ചം ചുമലിലേറ്റിജനാസ കളിയിൽവ്യാപൃതരാകുന്നു. കുട്ടികളുടെ കളിയിൽ പോലും മരണം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റ് കളിക്കിടെ സിക്സറടിച്ച പന്ത്  ഉയർന്നു പോയി പോലീസ് ക്യാമ്പിൽ ചെന്ന് വീണുവെന്ന ഒറ്റക്കാരണത്തിന് ഇസ്രായേൽ പോലീസ് പിടിച്ച് കൊണ്ട് പോയ സഹപാഠിക്ക് വേണ്ടി പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങുന്ന കുട്ടികൾ .കല്ലും സോഡാകുപ്പികളുമായി ഇസ്രായേൽ പട്ടാളവുമായി ഏറ്റുമുട്ടാൻ ഇറങ്ങുന്ന കുട്ടികളെ ഉപദേശിച്ച് പിന്തിരിപ്പിക്കാൻ നോക്കുന്ന ലൈല ടീച്ചറുടെ വിഫലമായ ശ്രമത്തെ പ്രതിപാദിക്കുമ്പോൾ ഫലസ്തീൻ കൌമാരത്തിന്റെ പോരാട്ടവീര്യത്തെ ഒറ്റവാചകത്തിൽ കൊളുത്തിവിടുന്നുണ്ട്. “ഉപദേശങ്ങളുടെ വഴിയിൽ തിരിഞ്ഞൊഴുകുന്നതല്ല ഫലസ്തീൻ ചോരയുടെ കുത്തൊഴുക്ക് .”
മസ്ജിദുൽ അക്സയിലേക്കുള്ള നോഷീന്റെ യാത്രയിൽ ജറുസലേമിന്റെ തെരുവുകളെക്കുറിച്ചും അറബ് മണ്ണിലെ ഇതിഹാസ നായകൻ സലാഹുദ്ധീൻ അയ്യൂബിയുടെ വീര ചരിത്രത്തെക്കുറിച്ചും വർണ്ണിക്കുന്നുണ്ട്.സർവ്വായുധഭൂഷിതരായ കുരിശ് പടയെ തൌഹീദിന്റെ ഊർജ്ജം കൊണ്ട് നേരിട്ട് ഇതിഹാസ നായകനായ സലാഹുദ്ധീൻ അയ്യൂബിന്റെ പേരിൽ ചരിത്ര സ്മാരകമായി സലാഹുദ്ധീൻ തെരുവ് തന്നെ ജറുസലേമിൽ നില നിൽക്കുന്നു.
ചരിത്ര പശ്ചാത്തലത്തിലൂടെയുള്ള നോവലിന്റെ സഞ്ചാരം കാമ്പുള്ള വായന സമ്മാനിക്കുന്നുണ്ട്. പ്രേമൻ ഇല്ലത്തിലെ ചരിത്രാന്വേഷകൻ സങ്കീർണ്ണമായ ചരിത്ര വസ്തുതകൾ പോലും സംഭാഷണ രൂപത്തിൽ വായനക്കാരിലേക്കെത്തിച്ച് വ്യത്യസ്ഥത പുലർത്താൻ ശ്രമിക്കുന്നുണ്ട്.
കഅബ മിനാരത്തെ ആക്രമിക്കാൻ വന്ന പരദേശി സൈന്യത്തെ എങ്ങ് നിന്നോ പറന്ന് വന്ന പക്ഷികൾ വർഷിച്ച കല്ലുകൾ പരാജയപ്പെടുത്തിയ അൽഭുതം  വിവരിക്കുന്ന ഖുർആൻ  സൂക്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത് കൊണ്ടാണ്  ഫലസ്തീൻ ജനത പോർമുഖങ്ങളിൽ കല്ല് പ്രധാന ആയുധമാക്കുന്നതെന്ന് ഗ്രന്ഥകാരൻ കുറിച്ചിടുന്നു.
വെടിയൊച്ചകളും രക്തപ്പുഴകളും അശാന്തമാക്കിയ പലസ്തീനിൽ നിന്ന് കുവൈത്തിന്റെ സമൃദ്ധിയിലേക്ക് നോവൽ പറിച്ച് നടുമ്പോൾ വരണ്ടുണങ്ങിയ വേനലിൽ പുതുമഴ പെയ്യിക്കാൻ നോവലിസ്റ്റ് ശ്രമം നടത്തുന്നുണ്ട്..രാജീവ് മേനോനെന്ന മലയാളി ബിസിനസ്സുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ ലബനോൻ സ്വദേശി ജാക്ലിനും ശ്രീലങ്കക്കാരി നസ്രിയയും ഇരുൾ മൂടിയ ഭൂതകാലചരിത്രവുമായി രംഗത്തെത്തുന്നുണ്ട്.വംശീയകലാപങ്ങൾ കത്തിച്ചാമ്പലാക്കിയ ബെയ് റൂത്തിന്റെ തെരുവുകളിൽ നിന്നുയർന്ന മുദ്രാവാക്യം ചരിത്രത്തെപ്പോലും ഭീതിയിലാഴ്ത്തുന്നതായിരുന്നെന്ന് ജാക്ലിന്റെ സഹോദരൻ അദീബ് പറയുന്നുണ്ട്. “ ഞങ്ങൾക്ക് നഷ്ടപരിഹാരമോ, സമാധാന സന്ദേശങ്ങളോ അല്ല വേണ്ടത്.ഞങ്ങൾക്ക് വേണ്ടത് എ.കെ 47 റൈഫിളുകളാണ്...”പ്രതികാരവും കുടിപ്പകയും ജനജീവിതം നരകതുല്യമാക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വർത്തമാന സാഹചര്യങ്ങൾക്കും കാരണങ്ങൾ വേറെ തേടേണ്ടതില്ല!
            നസ്രിയയുടെ ദുരന്ത കഥയിലൂടെ ശ്രീലങ്കൻ പട്ടാളവും എൽ.ടി.ടിയും തമ്മില്ലുള്ള ആഭ്യന്തരയുദ്ധത്തിനിടയിൽ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ വേദനകളിലേക്ക് സഞ്ചരിക്കുമ്പോഴും രാഷ്ട്രീയപരമായ പക്ഷം പിടിക്കാതെ ഇരകളുടെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയാണ് ശബ്ദമുയരുന്നതെന്ന് ശ്രദ്ധേയമാണ്.   .
     സദ്ധാം ഹുസൈന്റെ പട്ടാളം കുവൈത്ത് കീഴടക്കിയ കാലത്തെ ഭീതിജനകമായ രംഗങ്ങളും ഇരുപത് ലക്ഷത്തോളം  വരുന്ന പ്രവാസി സമൂഹത്തിന് നേരിടേണ്ടി വന്ന പ്രയാസങ്ങളും നോവലിൽ വിശദമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.. സദ്ധാം കുവൈത്തിൽ അധിനിവേശം നടത്തിയതിനെ നിശിതമായി വിമർശിക്കുന്നുണ്ട് നോവലിസ്റ്റ്.
നിരപരാധികളായ കുവൈത്ത് ജനതയുടെ നെഞ്ചിൽ ബൂട്ടുകളമർത്തി നിന്ന് , ഫലസ്തീനിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന ഗീർവാണം നടത്തുന്ന സദ്ധാമിന്റെ ഇരട്ടത്താപ്പും വിമർശിക്കപ്പെടുന്നു.അതേസമയം അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയ കാലഘട്ടത്തിലും സദ്ധാംവിമർശനം അവസാനിപ്പിക്കാത്തത് ചരിത്രത്തോട് ചെയ്ത അനീതിയായിപ്പോയി.സാമ്രാജ്യത്തിനെതിരെ സദ്ധാം ഹുസൈന്റെ നേതൃത്വത്തിൽ നടന്നഅവികസിത ചെറുത്ത് നിൽപ്പിനെ, അതൊരു പരാജയമായിരിക്കുമ്പോഴും എഴുതിത്തള്ളാനാവില്ലെന്നും തോൽവികൾ കൊണ്ടും വീഴ്ചകൾ കൊണ്ടും ഒരു ചെറുത്ത് നിൽപ്പും ചരിത്രത്തിൽ നിന്ന് തിരസ്കൃതമാവുന്നില്ലെന്നും അവതാരികയിൽ ശ്രീ .കെ..എൻ സൂചിപ്പിക്കുന്നുണ്ട്. കെ..എൻ നോവലിന്റെ ശക്തി കേന്ദ്രമായി സ്ത്രീ നേതൃത്വത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്.എങ്കിലും ചില പുരുഷ കഥാപാത്രങ്ങൾ പോലും നൊമ്പരങ്ങളും വേദനകളും വായനക്കാരിൽ കോറിയിട്ട് കടന്ന് പോകുന്നുണ്ട്.അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കാലിൽ വെടിയേറ്റ യജമാനനേയും കൊണ്ട് ഡോ.നൌഷീന്റടുത്ത് ചികിത്സക്കെത്തുന്ന റമീസ് പഠാൻ യജമാനന് ബോധം വരാതെ പോകാനാകില്ല എന്ന് പറയുന്നുണ്ട്.സഹജീവി സ്നേഹം കൊണ്ടല്ല മറിച്ച് പണി ചെയ്തതിന് കൂലി കിട്ടിയിട്ടേ പോകൂ എന്ന റമീസ് പഠാന്റെ സ്വാർത്ഥ മനോഭാവത്തോട് ഒരേ സമയം ഡോക്ടർക്കും വായനക്കാർക്കും അവജ്ഞ തോന്നുക സ്വാഭാവികം.എന്നാൽ ഭാര്യയെയും കുട്ടികളെയും കുറിച്ചുള്ള ചോദ്യത്തിന് പഠാന്റെ മറുപടി അദ്ധേഹത്തെക്കുറിച്ചുള്ള മുൻ ധാരണകളെല്ലാം തെറ്റിക്കുന്നതായിരുന്നു.
      ‘അതെ ഡോക്ടർഎനിക്ക് ഭാര്യയും നാല് മക്കളും ഉണ്ടായിരുന്നു.മൂത്തവൻ ഷേർ മുഹമ്മദ്, രണ്ടാമത്തവൾ റൈഹാൻ,മൂന്നാമൻ സിക്കന്ദർ,ഏറ്റവും ഇളയവൾ എന്റെ...’ അതൊരു വിങ്ങിപ്പൊട്ടലായിരുന്നു.’ അവൾ മോണ കാട്ടി ചിരിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.’ ഷേർമുഹമ്മദും, റൈഹാനും മദ്രസയിലെ താലിബാൻ ആക്രമണത്തിലും , ഭാര്യ സുൽഫത്തും പൊന്നുമോൾ അനയും , കുഞ്ഞുമോൻ സിക്കന്ദറും,കാബൂളിലെ മാർക്കറ്റിൽ നടന്ന ബോംബ് സ്ഫോടനത്തിലുമാണ് പോയത്.’ അയാളുടെ സ്വരം ഇടറിത്തെറിച്ചു.
        മാനവികത തമസ്കരിക്കപ്പെട്ട ഈ രണഭൂമികളിൽ 'ജീവിക്കുക' എന്ന 'സ്വപ്നം' മുറുകെ പിടിച്ചവരുടെ വിസ്മയകരമായ ജീവിത വഴികളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നതെന്ന നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രതിഫലിക്കുന്നതാണ് ഓരോ കഥാപാത്രങ്ങളുടേയും ജീവിതനോവുകൾ.അദ്ധ്യായങ്ങൾക്ക് നൽകിയ ആകർഷകമായ തലക്കെട്ടുകൾ, ആകാംക്ഷാഭരിതമായ ആവിഷ്കരണം, കഥാപാത്രങ്ങളോടൊട്ടി നിൽക്കുന്ന പേരുകൾ എല്ലാം പുറത്താക്കപ്പെട്ടവരുടെ പുസ്തകത്തെ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്.
അണയാനായ് തെളിഞ്ഞ വെളിച്ചം’ , ‘അഫൈന പൂക്കുന്നു’ , ‘ദുരന്തം വിഴുങ്ങിയ വീട് ’, ‘സൌഹൃദം പൂക്കുന്ന പോരാട്ട വഴികൾ ’ , ‘മുല്ലൈത്തീവിലെ ജമന്തിപ്പൂക്കൾ ’, ‘പൂക്കൾ കൊണ്ട് യുദ്ധത്തെ നേരിടാം ’ , ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ ’ , ‘ദർവീഷ് യാഖൂബിന്റെ പ്രതികാര വഴികൾ’ , ‘ ഒലീവ് മരങ്ങളിലെ കാറ്റ് വീഴ്ച ’ , ‘മരുഭൂമിയുടെ മായാജാലങ്ങൾ’ , ‘ഇരകളുടെ മരുപ്പാതകൾ ’, ‘ഇടത്താവളങ്ങളിലെ മരുപ്പച്ചകൾ’ . കഥകളുടെ ആഴങ്ങളിലേക്ക് ഊഴിയിടാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകളോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ സ്വഭാവവും പശ്ചാത്തലവും സംസ്കാരവും വേറിട്ട് മനസ്സിലാക്കാൻ ഉതകുന്ന വ്യത്യസ്ഥമായ പേരുകൾ തെരഞ്ഞെടുത്തതും നോവലിസിറ്റിന്റെ മികവിനെ സാക്ഷ്യപ്പെടുത്തുന്നു.
   നാലു പതിറ്റാണ്ടിനിടെ ലോക ചരിത്രത്തിൽ സംഭവിച്ച ദുരന്തങ്ങൾക്കിടയിൽ ചിതറിത്തെറിച്ച മനുഷ്യജീവിതങ്ങളുടെ അതിജീവനപ്പോരാട്ടത്തെ വൈകാരികതയുടെ അഗ്നിച്ചൂളയിൽ ചുട്ടുപൊള്ളിക്കുന്ന വാക്കുകൾ കൊണ്ട് വായനക്കാരുടെ ഉള്ളകങ്ങളിലേക്ക് കോരിയിടാൻ പ്രേമൻ ഇല്ലത്തിലെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഭൂമിയിൽ കൊടും പീഡനങ്ങളുടെ ദുരിത പർവ്വം താണ്ടിയിട്ടും ജൂത സമൂഹം വേട്ടക്കാരന്റെ വന്യതയിലേക്ക് കൂടുമാറിയതിലെ വൈരുദ്ധ്യത്തെ നോവലിൽ പലയിടങ്ങളിലായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ആദ്യം റോമൻ കൂലിപ്പടയെക്കൊണ്ട് യേശുക്രിസ്തുവിനെ അവമതിപ്പിക്കുകയും പീഡിപ്പിച്ച് കുരിശിൽ തറക്കുകയും ചെയ്തതിന്റെ പാപഫലമായി ദൈവ കോപം ഏറ്റുവാങ്ങി യഹൂദർക്ക് സ്വന്തം മണ്ണ് നഷ്ടമായി.ലോകം മുഴുവൻ അലഞ്ഞത് 2000 വർഷങ്ങൾ.ഒടുവിൽ ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പുകളിൽ ചത്തൊടുങ്ങിയത് ദശലക്ഷക്കണക്കിന് മനുഷ്യ ജന്മങ്ങൾ.ഇതെല്ലാം സഹിച്ചിട്ടും പീഡിതന്റെ ദൈന്യത മാനിക്കാനും അന്യസമൂഹത്തെ ഉന്മൂലനം ചെയ്യാതിരിക്കാനും അവർ പഠിച്ചിട്ടില്ല.സിറിയയുടെ ഗോലാൻ കുന്നുകളും ലെബനോനിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളും ഈജിപ്റ്റിന്റെ സിനായ് മേഖലകളും , ജോർദാന്റെ മരുഭൂമി പ്രദേശങ്ങളും ആയുധവും ആൾബലവും കൊണ്ട് കയ്യടക്കിയിട്ടും പലസ്തീനികളുടെ കൊച്ചു പ്രദേശമായ ഗസ്സയുടെ അതിരുകൾ ഇപ്പോഴും ചുരുക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ മാനവികതക്ക് നേരെയുള്ള കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
     മാറിൽ വെടിയുണ്ട ഏറ്റ് വാങ്ങി രക്തത്തിൽ കുളിച്ച്കിടക്കുമ്പോഴും അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന ഗസ്സയിലെ സ്ത്രീമുന്നേറ്റപ്പോരാളിയുടെ അന്ത്യ വാക്കുകളിൽ ഇസ്രായേലിന്റെ  അന്ത്യം പ്രവചിക്കുന്നുണ്ട്
  “ഇസ്രായേൽ എന്ന പാപികളുടെ ദേശം ,ചാവുകടലിൽ തന്നെ ചേരുമെന്ന് എന്റെ വരും തലമുറകൾ അറിയും ., ഒരിക്കൽ കൂടി അവൻ വരിക തന്നെ ചെയ്യും...അൽ അക്സയുടെ വിശുദ്ധി വീണ്ടെടുക്കാൻ, ജറുസലേമിന്റെ പുണ്യവീഥികൾ മരുഭൂമിയുടെ മക്കൾക്ക് യദേഷ്ടം പ്രാർത്ഥനാ നിരതമാക്കാൻ, തീയുണ്ടകൾ തുപ്പിയും , ബോംബുകൾ വർഷിച്ചും, നിരായുധരും നിസ്സഹായരുമായ മണ്ണിന്റെ മക്കളെ ചുട്ടു ചാമ്പലാക്കുന്ന ബുദ്ധി രാക്ഷസന്മാരെ തുരത്തിയോടിക്കുവാൻ..”
    ചാവു കടലിന്റെ കരയിലൂടെയുള്ള യാത്രയിൽ നോഷീന്റെ ചിന്തകളും     ചാവുകടലിന്റെ ചരിത്രവും കൂട്ടിയിണക്കി വിഭ്രമാത്മകമായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത് വായനക്കാർക്ക് വേറിട്ട അനുഭവം നൽകുന്നുണ്ട്. ഇസ്രായേലിന്റെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നവരെ മൊസാദിന്റെ ചാരക്കണ്ണുകൾ പിന്തുടരുന്നതും വ്യാജക്കഥകളും തെളിവുകളുമുണ്ടാക്കി തീവ്രവാദികളായും ഭീകരവാദികളായും മുദ്രകുത്തി ജയിലറകളിലേക്ക് തള്ളിയിടുന്നതിനും നോവൽ സാക്ഷ്യമാവുന്നുണ്ട്.           
അവതാരികയിൽ പറയുന്ന പോലെപുറത്താക്കപ്പെട്ടവരുടെ പുസ്തകംഅസാധാരണങ്ങളിൽ അസാധാരണമായൊരു പ്രവാസ ജീവിതത്തിന്റെ സങ്കട സംഗ്രഹം തന്നെയാണ്.വായന അവസാനിപ്പിച്ചാലും മനസ്സിൽ നിന്ന് മാഞ്ഞ് പോവാത്ത കഥാപാത്രങ്ങൾ, അണയാനായ് തെളിയുമ്പോഴും ആഞ്ഞു കത്തുന്ന തീജ്വാലകളാകാൻ വെമ്പുന്ന മനുഷ്യ ജന്മങ്ങൾ, പിറന്ന മണ്ണിൽ നിന്ന് പുറന്തെള്ളപ്പെട്ടാലും ജീവിതമെന്ന പോരാട്ട ഭൂമിയിൽ പതറാതെ പൊരുതുന്നവർ,പരീക്ഷണങ്ങളിൽ അടിതെറ്റി വീഴാതെ പുതിയ സ്വപ്നങ്ങളിലേക്ക് ചിറകടിച്ച് പറക്കുന്നവർ..

       ‘കെടുത്തിയാലും , കെടുത്തിയാലും തീരാത്തത്ര വിളക്കുകൾ താൻ കൊളുത്തി വെച്ചിട്ടുണ്ട് . വെളിച്ചത്തെ ഭയപ്പെടുന്ന ലോകത്തോട് ദർവീഷ് യാക്കൂബ് ധീരതയോടെ വിളിച്ച് പറയുന്നത് തന്നെയാണ് ശരി . ‘ജീവിക്കുകഅതു തന്നെയാണ് നോവൽ നൽകുന്ന പുതു വെളിച്ചം.

നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ മൊബൈൽ നമ്പർ
: +965 60733440
Email id : aishwaryaintl@rediffmail.com 
------------------------------------------------------------------------------
കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് . വില 140 രൂപ.

3 comments:

  1. ജീവിക്കുക!! ജീവിക്കാന്‍ അനുവദിക്കുക!! അതാണ്‌ മഹത്തായ സന്ദേശം

    ReplyDelete
  2. വ്യത്യസ്ഥ കഥാപാത്രങ്ങളുടെ ചിന്തകളിലൂടെ
    ആഖ്യാനം നടത്തുന്നുണ്ടെങ്കിലും എഴുത്തിന്റെ
    ഒഴുക്ക് നഷ്ടപ്പെടാത്ത ശൈലി സ്വീകരിച്ചിരിക്കുന്നത്
    കൊണ്ട് വായനക്കാർക്ക് ഓരോ കഥാപാത്രങ്ങളെയും രംഗങ്ങളെയും
    എളുപ്പത്തിൽ മനസ്സിൽ കുറിച്ചിടാൻ കഴിയുന്നുണ്ട് എന്നത് പുറത്താക്കപ്പെട്ടവരുടെ
    പുസ്തകത്തിന്റെ വലിയൊരു പ്രത്യേകതയാണ്. അത് കൊണ്ട് തന്നെ സാദ് അബ്ദുള്ളയുടെ
    മകൾ നോഷീന്റെ ജീവിതയാത്ര യോടൊപ്പം തന്നെ ദുരന്തങ്ങളിൽ ചിതറിത്തെറിക്കുന്ന ഓരോ
    മനുഷ്യ ജീവിതങ്ങളുടെ ചെറിയ കഥകൾക്ക് പോലും പ്രാധാന്യം ലഭിക്കുന്നുണ്ട്....
    വളരെ നന്നായി തന്നെ 'പുറത്താക്കപ്പെട്ടവരുടെ പുസ്തകത്തിനെ' പരിചയപെടുത്തിയിരിക്കുന്നു കേട്ടോ മുനീർ ഭായ്

    ReplyDelete
  3. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അവരാകും ശരി.പാലസ്തീനികളെ സംബന്ധിച്ചിടത്തോളം അവരും....പുസ്തകപരിചയം നന്നായി.

    ReplyDelete