Sunday, February 3, 2013

കാഴ്ച്ചക്കാരന്‍


തെരുവില്‍ ഒരു നാടോടി ബാലിക കയറിന് മുകളിലൂടെ നടന്ന് അഭ്യാസം കാ‍ണിക്കുകയാണ്. സാഹസികത മുറ്റി നില്‍ക്കുന്ന പ്രകടനം കാണാനായി ഒരു കൂട്ടം കാണികളും രംഗത്തുണ്ട്. കാഴ്ച് ഒപ്പിയെടുക്കാനായി അയാള്‍ മൊബൈല്‍ ക്യാമറയില്‍ മുറുകെപ്പിടിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആകാംക്ഷയും ബാലികയുടെ മുഖഭാവവും ഒരുമിപ്പിച്ചു കൊണ്ട് ആദ്യത്തെ ക്ലിക്ക്. ‘പട്ടിണിയുടെ വീര്യത്തിന് കാണികളുടെ കയ്യടി ’ അടിക്കുറിപ്പും  നാവിന്‍ തുമ്പില്‍ വന്നതോടെ അയാള്‍ക്കാവേശം മൂത്തു. ഒരു നിമിഷത്തെ അശ്രദ്ധയില്‍ ബാലന്‍സ് തെറ്റിയതോടെ ബാലിക താഴേക്ക് തല കുത്തി വീണു. ഞൊടിയിടയില്‍ ക്യാമറ മിന്നിയ്തോടെ മറ്റൊരു ഷോട്ട് അയാളുടെ കൈപ്പിടിയിലായി. ‘ദുരന്തത്തിലേക്കൊരു കൂപ്പ് കുത്തല്‍  ’ എന്നായിരുന്നു അതിനുള്ള കാപ്ഷ്യന്‍ . വീണു കിടക്കുന്ന കുട്ടിയുടെ കരച്ചില്‍ കാണികളെ പെട്ടെന്നപ്രത്യക്ഷരാകാനിടയാക്കി. ബാലികയുടെ ചോരയിറ്റുന്ന മുട്ടിന്‍ കാലുകളും നടന്നു നീങ്ങുന്ന ആളുകളെയും കൂട്ടിയിണക്കി ഒരു ഫ്രൈമിനായുള്ള ശ്രമത്തില്‍ കല്ലില്‍ കയ്യുരഞ്ഞ് മുറിവായെങ്കിലും പതിഞ്ഞ ദൃശ്യത്തിന്റെ ഭംഗിയില്‍ സംതൃപ്തനായി അയാളുടെ പേനയും വെറുതെയിരുന്നില്ല. ‘മനുഷ്യത്വം മരവിച്ച മനുഷ്യരേ..ലജ്ജിക്കുക ‘! എന്ന  അടിക്കുറിപ്പോടെ കളം വിടാനൊരുങ്ങിയ അയാള്‍ക്ക് അവിചാരിതമായി മറ്റൊരു ഷോട്ട് സമ്മാനമായി നല്‍കിയാണ് ആ ഭിക്ഷക്കാരന്‍ കടന്നു പോയത്. പരിക്കേറ്റ ബാലികയേയും താങ്ങിപ്പിടിച്ചു ആശുപത്രി ലക്ഷ്യമാക്കി ഓടുന്ന ഭിക്ഷക്കാരന്റെ ഫോട്ടോക്കടിയില്‍ “രക്ഷകന്‍ അവതരിച്ചപ്പോള്‍ ” എന്നെഴുതിച്ചേര്‍ത്തതോടെ തന്റെ ദൌത്യം സമ്പൂര്‍ണ്ണമായതില്‍ അയാള്‍ക്കഭിമാനം തോന്നി.കാറിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറി ഫര്‍സ്റ്റ് ഏയ്ഡ് ബോക്സ് തപ്പിപ്പിടിച്ച് മുറിവില്‍ പഞ്ഞിവെക്കുമ്പോള്‍ വേദന കൊണ്ടയാള്‍ പുളഞ്ഞു.വാട്ടര്‍ ബോട്ടില്‍ തുറന്ന് വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.ഏസി കൂടി ഓണ്‍ ചെയ്തതോടെയാണ് ശ്വാസം നേരെ വീണത്.സ്റ്റീരിയോയില്‍ നിന്നു പാട്ടും ഒഴുകിത്തുടങ്ങിയതോടെ ഏല്ല്ലാം മറന്ന് ആക്സിലറേറ്ററില്‍ കാലമര്‍ത്തി അടുത്ത കാഴ്ചയിലേക്കയാള്‍ കുതിച്ചുപാഞ്ഞു.

48 comments:

  1. മിനിക്കഥ: കാഴ്ച്ക്കാരന്‍

    ReplyDelete
  2. അയാൾ ഷോട്ടുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു . . . മറ്റുള്ളവരോ . . . ? . . . അവർക്കും ഭിക്ഷക്കാരൻ ആകാമായിരുന്നു...!

    ReplyDelete
  3. ഇന്നത്തെ മലയാളിയുടെ മുഖം ഇതാണ്.എന്തും വാര്‍ത്തയാക്കും.മറ്റുള്ളവരുടെ മനുഷ്യത്വമില്ലായ്മയെ പറ്റി ഘോര ഘോരം പ്രസങ്ഗിക്കും.ഉള്ളൂ വെറും പൊള്ള.

    ReplyDelete
  4. കാഴ്ചകള്‍ കാണാനും, അതെക്കുറിച്ച് അല്പം വേദന കലര്‍ത്തി മറ്റുള്ളവരെ അത് അറിയിക്കാനും, ഞാനാണ് എല്ലാം ആദ്യമായി മാലോകരെ അറിയിച്ചതെന്ന ഗര്‍വ്വോടെ സുഖമായുണ്ട് എത്രയും വേഗം ഉറങ്ങാനും കൊതിക്കുന്ന നമ്മള്‍ മേത്തല്പം അഴുക്കാക്കാനോ അല്‍പസമയമെന്കിലും ഒരു സഹായത്തിനു മുതിരാനോ തയ്യാറാകാതെ വെറും സഹതാപം കൊണ്ട് എല്ലാം ചെയ്തു എന്ന് വരുത്തുന്നവരാണു. അല്ലെങ്കില്‍ അതായിരിക്കുന്നു ഇന്നിന്റെ രീതി.

    ReplyDelete
  5. കഥ നന്നായി മുനീര്‍.
    ഇന്നത്തെ കാഴ്ചകളിലേക്ക് നോക്കുന്ന എഴുത്ത് .
    ചറിയ കഥയില്‍ നന്നായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. മിനി കഥ ഇഷ്ട്ടമായി. ഇന്നത്തെ സമൂഹത്തിന്റെ നേര്‍ കാഴ്ച. എല്ലാവരും ബിസിയാണ്, അവനവന്റെ കാര്യത്തിന് മാത്രം. മാനുഷിക മൂല്യങ്ങള്‍ നഷ്ട്ടപെട്ട സമൂഹത്തിനു മുമ്പില്‍ അരുത് കാട്ടാളാ എന്ന് പറയാന്‍ ആരെയും കിട്ടിയെന്നു വരില്ല, തന്റെ വാര്‍ത്ത, തന്റെ ഫോട്ടോ ഇവയുക്ക് മുമ്പില്‍ മറ്റൊന്നും വരരുത്, അതെ മാധ്യമ പ്രവര്‍ത്തകരും ബിസിയാണ്...

    മുനീര്‍ജി ആശംസകളോടെ...

    ReplyDelete
  7. ഇന്ന് നമ്മള്‍ കാണുന്നത് ഇത് തന്നെയാണു, കയറില്‍ തൂങ്ങിയാടുന്ന ആളെ കയറരുത്ത് താഴെ ഇടാന്‍ മിനക്കെടാതെ രംഗം ക്യാമറയില്‍ പകര്‍ത്തുന്നവര്‍.അപകടം നടന്ന് ചോരവാര്‍ന്ന് കിടക്കുന്ന ആളെ വാരിയേടുത്ത് ആശുപത്രിയിലേക്കോടാന്‍ മിനക്കെടാത്തവര്‍...അങ്ങനെ... കഥ നന്നായി,ആശംസകള്‍.

    ReplyDelete
  8. ഉണരാത്ത പത്മതീര്‍ത്ഥങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  9. ഇന്നിന്റെ പച്ചയായ മുഖം.....മറ്റുള്ളവരുടെ ദുഃഖങ്ങള്‍ ആഘോഷിച്ചു ആനന്ദമടയുന്ന ഒരുപാടുപേര്‍ ഇന്നുണ്ട്....അവര്‍ക്ക് വിഷയം
    പ്രശസ്തി.....കഥ നന്നായിട്ടുണ്ട്...ആശംസകള്‍....

    ReplyDelete
  10. മുങ്ങിച്ചാവാന്‍ പോകുന്നവന്റെ ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരണ മുറിയിലേക്ക് ലൈവ് ആയി എത്തിക്കാം എന്നതല്ലേ ഇന്നത്തെ മാധ്യമ ധര്‍മ്മം !

    നന്നായി മുനീര്‍...

    ReplyDelete
  11. വളരെ നല്ല അവതരണം. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ എപ്പോഴും ഒന്നുമില്ലാത്തവര്‍ തന്നെയാണ്. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. ആളുകളെ കാണിക്കേണ്ട ആവശ്യവും ഇല്ല. ഇത്തരം സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ വന്നാലും ബ്ലോഗിലും ഫെയ്സ്ബുക്കിലും ഉള്ള അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എങ്ങനെ ഹീറോ ആകാം എന്നായിരിക്കുമല്ലോ നമ്മുടെ ചിന്ത. കഥ (മിനിക്കഥ എന്ന് കൊടുക്കരുതായിരുന്നു) വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  12. മുല്ലയും വില്ലെജു മാനും പറഞ്ഞതിനപ്പുറം
    ഒന്നും പറയാന്‍ ഇല്ല..നന്നായി എഴുതി..
    ആശംസകള്‍ മുനീര്‍..

    ReplyDelete
  13. ഇന്നിന്റെ മുഖം നന്നായി എഴുതി... നല്ലൊരു ചെറുകഥ...
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  14. എഴുത്ത് വളരെ നന്നായിട്ടുണ്ട്.
    അധികമെഴുതാതെതന്നെ എല്ലാമെഴുതി ഫലിപ്പിച്ചു.
    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  15. നല്ല ഷോട്ടുകളും അതിനൊത്ത
    അടിക്കുറിപ്പുകളുമായി
    നല്ലൊരു ഉൾക്കാഴ്ച്ച
    തരുന്ന കാഴ്ച്ചക്കാരനാണിത്...
    കേട്ടൊ മുനീർ

    ReplyDelete
  16. മുനീര്‍ കാണിച്ച കാഴ്ച വെറും കഥയല്ലെന്നും ജീവിതമാണെന്നും അറിയുന്നു.

    ReplyDelete
  17. കാലിക പ്രസക്തിയുള്ള വിഷയം, പോസ്റ്റ് നന്നായി.

    ReplyDelete
  18. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്.. ഇഷ്ടപ്പെട്ടു... എല്ലാം ക്യാമറ കണ്ണുകളില്‍ ഓര്‍മ്മിപ്പിച്ചു വച്ചു വീണ്ടും വീണ്ടും കാണാനുള്ള ഒരു വൃത്തികെട്ട സംസ്കാരം കൂടി വരുന്നു .... കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പബ്ളികില്‍ ഇനി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്ന പരിപാടി നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചത്... എല്ലാം പകര്‍ത്താനുള്ള വ്യഗ്രതയില്‍ നല്ല നിമിഷങ്ങള്‍ ആസ്വദിക്കാനും നമ്മള്‍ മറന്നു തുടങ്ങുന്നു എന്ന തിരിച്ചറിവാണ് എന്നെ ഇങ്ങനെ ഒരു തീരുമാനത്തിനു പ്രേരിപ്പിച്ചത്...

    ReplyDelete
  19. പ്രിയപ്പെട്ട മുനീര്‍,
    ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്ന സത്യം,ഉള്ളില്‍ തട്ടും വിധം എഴുതി!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  20. സമകാലീനജീവിതത്തിന്റെ നേര്‍കാഴ്ച!

    ReplyDelete
  21. നല്ല ഷോട്ടും നല്ല അടിക്കുറിപ്പും.പിന്നെ ഫ്രെയിമില്‍ എല്ലാം ഉള്‍പ്പെട്ടാല്‍ സായൂജ്യമായി!.മീഡിയക്കാരെപ്പോലെ ഇന്നു സാധാരണക്കാരനും വെറും കാഴ്ചക്കാരന്‍,കഴ ഒപ്പിക്കുന്നവന്‍!..കാലിക പ്രസക്തിയുള്ള കഥ,മുനീര്‍ അഭിനന്ദനങ്ങള്‍!.

    ReplyDelete
  22. ഇന്നിന്റെ നേര്‍ക്കാഴ്ച...!

    ReplyDelete
  23. എല്ലാം കാമറക്കാഴ്ചകളയി മാറിയ ഇന്ന്..!!

    ReplyDelete
  24. ‘മനുഷ്യത്വം മരവിച്ച മനുഷ്യരേ..ലജ്ജിക്കുക ‘! എന്ന അടിക്കുറിപ്പോടെ കളം വിടാനൊരുങ്ങിയ അയാള്‍....!!!

    ReplyDelete
  25. സുഡാനി പൈതലിനരികിൽ ജീവൻ പോകാൻ കാത്തുനിൽക്കുന്ന കഴുകനെ ഒപ്പിയെടുത്ത കെൽവിൻ കാർട്ടറാണ് മനസ്സിലേക്കുവന്നത്.

    ReplyDelete
  26. kalika prasakthiyulla vishayam.... bhavukangal..... pinne blogil puthiya post.... EE ADUTHA KALATHU..... vayikkane...........

    ReplyDelete
  27. ഇന്നിന്റെ നേർകാഴ്ച.. നല്ല കഥ മുനീർ..!!

    ReplyDelete
  28. പണ്ടു പത്രങ്ങളിൽ വന്ന ഒരു വാർത്തയും ചിത്രവും ഓർമ്മിച്ചു പോയി തിരുവനന്തപുരത്താണെന്നു തോന്നുന്നു മാനസിക വിഭ്രാന്തിയുള്ള ഒരാൾ കുളത്തിലേക്ക് എടുത്തു ചാടിയപ്പോൾ, അയാളെ രക്ഷിക്കാൻ ശ്രമിച്ച സെക്ക്യൂരിറ്റി ഉദ്യോഗസ്ഥനെ അയാൾ മുക്കി കൊല്ലുകയാണ്.. അതിന്റെ ഫോട്ടോ എടുത്തും കൊണ്ട് കുളത്തിന്റെ കരയിൽ നിൽക്കുകയാണ് ആൾക്കൂട്ടം .. സെക്ക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ശവത്തിന്റെ ഫോട്ടോയും കൂടി ഭംഗിയായി എടുത്ത് പത്രങ്ങളിൽ കൊടുത്തപ്പോൾ അവരൊക്കെ ആത്മ നിർവ്രുതി അനുഭവിച്ചു കാണണം.. ആ നിമിഷം അയാളെ രക്ഷിക്കാൻ കുളത്തിലേക്ക് ചാടിയെങ്കിൽ ഒരു ജീവൻ തന്നെ രക്ഷപ്പെടുത്താമായിരുന്നു..

    -----
    നന്നായി അവതരിപ്പിച്ചു.. ഭാവുകങ്ങൾ നേരുന്നു..
    ----------------

    ReplyDelete
  29. മിനിക്കഥ നന്നായി ഇഷ്ടപ്പെട്ടു. ഓരൊന്നിനും അപ്പപ്പോള്‍ തന്നെ മനസ്സില്‍ കണക്കാക്കിയ അടിക്കുറിപ്പുകള്‍ ആകര്‍ഷണീയങ്ങളാണ്. ഞാനും ഈക്കൂട്ടത്തില്‍ ഒരാളാണ്‌ എന്ന് തോന്നിയത് കൊണ്ട് ഒന്നും പറയാനില്ല. രാവിലെ ഒരാള്‍ ബൈക്കില്‍ നിന്ന് വീണത് കണ്ടു. അല്പനേരം ഞാന്‍ മിണ്ടാതെ നിന്നതെ ഉള്ളു.. അടുത്ത് പോയില്ല ; ഒന്നും അന്വേഷിച്ചതും ഇല്ല. അപ്പോള്‍ തന്നെ അവിടെ എത്തിയ ചെറുപ്പക്കാരന്‍ അയാളെ എഴുനേല്പ്പിക്കുനതും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ പോവുകയും ചെയ്തു.{എന്തൊ ഒരു കുറ്റബോധം തോന്നിയത് കൊണ്ട് ഇത് വായിച്ചപ്പോള്‍ ഇവിടെ എഴുതി..}

    ReplyDelete
  30. ഇന്നിന്റെ മുഖം...നന്നായി മുനീര്‍.

    ReplyDelete
  31. .നല്ല സന്ദർഭോചിതമായ രംഗങ്ങൾ മനസ്സിൽ തട്ടുംവിധം അവതരിപ്പിച്ചു. മാനവധ്വനി പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ കാണുന്ന പല അപകടാവസ്ഥകളേയും കണ്ടില്ലെന്നു നടിക്കുന്ന നമ്മളെയോർത്ത് നമ്മൾ വ്യാകുലപ്പെടേണ്ടിവരുന്നു. ചുരുക്കം വരികളിൽ നല്ലതുപോലെ എഴുതി. അഭിനന്ദനം.....

    ReplyDelete
  32. കഥ മികച്ചു നില്‍ക്കുന്നു.. ചെറുവാടി പറഞ്ഞത് പോലെ ചെറുതില്‍ ഭംഗിയായി തന്നെ ആ കാഴ്ചകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു

    ReplyDelete
  33. ഷെയർ ചെയ്യുന്ന കാഴ്ചകളുടെ വിർച്വൽ സഹാനുഭൂതിയിൽ അഭിരമിക്കുന്നവർക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് ആയി കഥ. കൈയ്യടക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. ആശംസകൾ.

    ReplyDelete
  34. ഇന്നിന്റെ നേര്‍ കാഴ്ച....
    ഈ മിനിക്കഥ ഇഷ്ടായി മുനീര്‍. ഇവിടെ എത്തിച്ച ഇരിപ്പിടത്തിനു നന്ദി.

    ReplyDelete
  35. നന്നായി എഴുതിയിരിക്കുന്നൂ,,,മിനിക്കഥയല്ലാ...ഇത് കഥയാണു...എല്ലാവരും പറഞ്ഞുകഴിഞ്ഞു..എന്നാലും വളരെ നന്നായി എന്ന എന്റെ അഭിപ്രായം ഇവിടെ കുറിക്കറ്റെ....എല്ലാ ഭാവുകങ്ങളും...

    ReplyDelete
  36. ഇവിടെ എന്തെഴുതി വെച്ചാലും അതീ കഥയിലെ നായകന്റെ ശീലം പോലെ ആവില്ലേ മുനീര്‍!!!ദുരന്ത മുഖത്ത് നിന്നുകൊണ്ടും ത്രെഡ് മെനയുന്ന കഥാകാര്‍ ..എഴുത്തുകാര്‍ ...മനുഷ്യന്റെ മനസ്സിനിതെന്തു സംഭവിച്ചു ??എല്ലാം പ്രഹസനം അല്ലെ ?
    എഴുത്ത് കൊള്ളാം ..നല്ല ഫീല്‍ ഉണ്ട് ..ആശംസകള്‍
    പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete
  37. സൊണറ്റിന്റെ സംശയം എനിക്കും. എഴുത്തുകാരന് എവിടെയിരുന്നാണ് മുറിവൊപ്പുന്നത് ?

    ReplyDelete
  38. പയ്യന്‍സേ! ഇദ്ദ് കലക്കി മോനേ!...ആയിരമായിരം അഭിനന്ദനങ്ങള്‍.

    ReplyDelete
  39. ഇവിടെ ഇതാദ്യം
    ഇരിപ്പിടത്തില്‍ നിന്ന്
    ഇവിടെയത്തി.
    ഇന്നിന്റെ കഥ
    തികച്ചും കാലോചിതം
    ആശംസകള്‍

    ReplyDelete
  40. നല്ല വൃത്തിയായി തന്നെ കാര്്യങ്ങളെ പറഞ്ഞു..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  41. വളരെ കുറച്ച് എഴുതി......ശക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
  42. Harinath,Vettathan,ചെറുവാടി,ഏലയോടന്‍,മുല്ല,നിശാസുരഭി,വില്ലേജ്മാന്‍,T.P ഷുക്കൂര്‍,Blessy Rony,ente lokam,Prabhan,khaadu,മുരളീമുകുന്ദന്‍,സലാം,കുമാരന്‍,യാത്രക്കാരന്‍,അനുപമ,മിനി.എം.ബി,കുഞ്ഞൂസ്,മുഹമ്മദ്കുട്ടി,സഹയാത്രികന്‍,ലീല,മെഹദ്മഖ്ബൂല്‍,ഏചുമുകുട്ട്യ്,ചന്തുനായറ്,റിയാസ്,വി.എ,P V Ariel,ഷെറീഫ് കൊട്ടാരക്കര,ഒരു ദുബായ്ക്കാരന്‍,ആയിരങ്ങളില്‍ ഒരുവന്‍,മാനവധ്വനി,ജയരാജ്.

    നന്ദി

    ReplyDelete
  43. @ ബെഞ്ചാലി
    അഭിപ്രായത്തിന് നന്ദി. എന്റെ ഒരു സുഹൃത്തും കെവിന്‍ കാര്‍ട്ടറിനെക്കുറിച്ചു പറയുകയുണ്ടായി.
    ഒരു വിമര്‍ശനത്തില്‍ ഇങ്ങനെ പറയുന്നുണ്ട് . "The man adjusting his lens to take just the right frame of her suffering, might just as well be a predator, another vulture on the scene."
    @ അനശ്വര
    അഭിപ്രായത്തിനു നന്ദി അനശ്വര. പലപ്പോഴും നമുക്ക് ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യാന്‍ മറന്ന് മറ്റുള്ളവര്‍ അത് ചെയ്തു കാണുമ്പോള്‍ സ്വയം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്.
    @ സോണറ്റ്
    താങ്കള്‍ എഴുതിയത് അങ്ങ്ങ്ങിനെയായില്ലല്ലോ..ഞാന്‍ ഉദ്ദേശിക്കുന്നതും അത് തന്നെയാണ് . ഒരു കഥ ഉള്‍ക്കൊണ്ട് അഭിപ്രയമാവുംമ്പോള്‍ ആ കഥയില്‍ ഉദ്ദേശിക്കുന്ന ആശയവുമായി ബന്ധപ്പെട്ടിട്ടാവും. മിക്ക അഭിപ്രായവും ആ രീതിയില്‍ തന്നെയാണ് വന്നിരിക്കുന്നതും .മനസ്സില്‍ വന്ന ഒരു ആശയം കഥയാക്കി എന്നല്ലാതെ ഒരനുഭവത്തില്‍ നിന്നും ഉള്‍ക്കൊന്ടതെല്ല ഇത്.എന്നാല്‍ വായിച്ചവര്‍എല്ലാം ഇന്ന് കാണുന്ന കാര്യമാണ്ന്നഭിപ്രായപ്പെടുമ്പോള്‍ വിമര്‍ശിക്കേണ്ട കാര്യമാണ്ന്നത് ശരി തന്നെയല്ലേ.

    @ വെട്ടത്താന്‍
    അതെ..തനിക്ക് കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ബ്ലോഗ്ഗ് സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    @ മുല്ല്ല
    അഭിപ്രായത്തിനു നന്ദി. ക്യാമറയില്‍ ഇതൊക്കെ പകര്‍ത്തി പുറം ലോകത്തെത്തിച്ച് സഹതപിച്ചാല്‍ എല്ലാം ആയെന്ന് വിശ്വസിക്കുന്നവരുടെ കാലമാണിന്ന്.
    @ റാംജി
    അതെ..റാംജി അതുള്‍ക്കൊണ്ട് പറഞ്ഞിരിക്കുന്നു.വാര്‍ത്തകള്‍ പറഞ്ഞ് വെറുതെ സഹതപിക്കുകയല്ലാതെ തന്നെക്കൊണ്ടെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കില്ല.അഭിപ്രായത്തിനു വളരെ നന്ദി

    @ ഏലയോടന്‍
    അഭിപ്രായത്തിനു നന്ദി ഏലയോടന്‍. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് ആരെങ്കിലും മനുഷ്യത്വപരമായി വല്ലതും ചെയ്യുന്നത് കാണുമ്പോള്‍ വന്‍ പ്രാധാന്യം ലഭിക്കുന്നത്.ഓരോരുത്തരും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാതെ അതൊക്കെ ചിലര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുനതാണെന്ന് വിശ്വസിച്ചിരിക്കുന്നത്.

    ReplyDelete
  44. ഇപ്പോള്‍ 'ചാകര' കടപ്പുറത്തല്ല

    'വല'യെറിയുന്നത്‌ മുക്കുവരുമല്ല!

    ReplyDelete
  45. ഇന്നിന്റെ നേർകാഴ്ച..!!
    വളരെ കുറച്ച് എഴുതിയ നല്ല കഥ മുനീർ..!!

    ReplyDelete
  46. നല്ല ഷോട്ടും നല്ല അടിക്കുറിപ്പും.പിന്നെ ഫ്രെയിമില്‍ എല്ലാം ഉള്‍പ്പെട്ടാല്‍ സായൂജ്യമായി!.മീഡിയക്കാരെപ്പോലെ ഇന്നു സാധാരണക്കാരനും വെറും കാഴ്ചക്കാരന്‍,കഴ ഒപ്പിക്കുന്നവന്‍!..കാലിക പ്രസക്തിയുള്ള കഥ,മുനീര്‍ അഭിനന്ദനങ്ങള്‍!.

    ReplyDelete
  47. നിത്യ ജീവിതത്തിലെ കാഴ്ചകള്‍ !! ഇത് കഥയല്ല ഒരു സാധാരണ കാഴ്ച്ച .. നന്നായി പറഞ്ഞു.

    ReplyDelete