Friday, March 20, 2015

സോഷ്യൽ മീഡിയ

             
   “വലിയ ബിസിനസ്സ് മാനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം..സമാധാനം വേണ്ടേ..കിട്ടുന്ന കാശിനേക്കാൾ കൂടുതലാണ് പ്രശ്നങ്ങളുടെ ഭാരം! ഇത്തിരി വളഞ്ഞ് പിടിച്ചില്ലെങ്കിൽ ചീട്ട് കൊട്ടാരം പോലെ ഒറ്റയടിക്ക് തകർന്ന്  തരിപ്പണമാവും..അത് കൊണ്ടാണ് ഞാനൊന്ന് കളം മാറ്റി ചവിട്ടിയത്.ഇതൊക്കെപ്പറഞ്ഞാൽ നിങ്ങൾക്കൊക്കെ മനസ്സിലാകും എന്ന് ഞാൻ കരുതുന്നു..”                          
              മുണ്ട് മടക്കിക്കുത്തി അലപം അഹങ്കാരത്തോടെത്തന്നെ ജോസപ്പേട്ടൻ പറഞ്ഞ് തുടങ്ങിയപ്പോൾ ആരും എതിർത്തൊന്നും പറഞ്ഞില്ല.മറ്റുള്ള കച്ചവടക്കാരെപ്പോലെ കാര്യം നടക്കാൻ മാത്രം ഒപ്പം കൂട്ടുന്ന ആളല്ല  ജോസപ്പേട്ടൻ. എന്തിനും ഏതിനും എപ്പോഴും ഒരു കൈത്താങ്ങായി നിൽക്കുന്ന ആളാണ്. അടുത്ത് പണി കഴിപ്പിച്ച പടുകൂറ്റൻ ബംഗ്ലാവിലാണ് സൽക്കാരം നടക്കുന്നത്.  സാധാരണ വിരുന്നുകളിൽ വിഐപികളുടെ ഒരു പട തന്നെ ഉണ്ടാകാറുണ്ടെങ്കിലും ഇത് പ്രത്യേകം ക്ഷണിക്കപ്പെട്ട ഗസ്റ്റുകൾക്ക് മാത്രമാണ്. ജോസപ്പേട്ടന്റെ തിളക്കേത്തറ ഫാർമസ്യൂട്ടിക്കത്സ് ഇന്ന് മാർക്കെറ്റിൽ ഒന്നാം നിരയിൽ നിൽക്കുന്ന സ്ഥാപനമാണ്.    ബിസിനസ്സിന്റെ പരസ്യങ്ങൾക്ക് മാത്രമായി കോടികളാണ് വാരിയെറിയുന്നത്.എല്ലാ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന പരസ്യങ്ങൾ വേണമെന്ന് ജോസപ്പേട്ടന്  നിർബന്ധമാണ്.അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ആരോടും പക്ഷപാതം കാണിക്കാറുമില്ല. മീഡിയകൾ മാത്രമല്ല സ്ഥലത്തെ പ്രധാന പരിപാടികളുടെയെല്ലാം സ്പോൺസർഷിപ്പേറ്റെടുക്കാൻ എന്നും മുൻപിൽ തന്നെ നിൽക്കുന്നയാളാണ് ജോസപ്പേട്ടൻ.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിലാണെങ്കിൽ ബിസിനസ്സ്കാർക്കെല്ലാം മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് ദിനം തോറും ചെയ്ത് കൊണ്ടിരിക്കുന്നതും.എല്ലാം വളരെ വൃത്തിയായി പത്രങ്ങളിലും ചാനലുകളിലും വാർത്തകളായും പരസ്യങ്ങളായുമൊക്കെ മുടക്കം തട്ടാതെ വരാറുമുണ്ട്. പബ്ലിസ്റ്റി സ്റ്റണ്ടാണ് , പെയ്ഡ് ന്യൂസാണ് എന്നൊക്കെ കുറേ അസൂയാലുക്കൾ പറയുന്നുണ്ടെങ്കിലും ജോസപ്പേട്ടൻ അതിനൊന്നും ചെവികൊടുക്കാറില്ല.                                                               വിഭവ സമൃദ്ധമായ ഭക്ഷണവും പ്രത്യേകം തയ്യാറാക്കിയ സമ്മാനപ്പൊതികളും സ്വീകരിച്ച് കൊണ്ട് അതിഥികൾ പിരിഞ്ഞ് പോയപ്പോൾ ജോസപ്പേട്ടനൊന്ന്  ഊറിച്ചിരിച്ചു. ഇരിപ്പിടത്തിൽ നിന്നെണീറ്റ് നിന്ന് കണ്ണാടി നോക്കി ഒരു ഡയലോഗടിക്കാനും മറന്നില്ല. “ കളിക്കുമ്പോ വിസിലടിച്ച് കളിക്കണം..അതിന് ആരാവണം റഫ്രിയാവണം.. മ്മള് പറഞ്ഞാ നിക്കാനും ഓടാൻ പറഞ്ഞാ ഓടാനും കളിക്കാരുണ്ടാവുമ്പോ പിന്നെ ഈ തിളക്കേത്തറ ജോസപ്പിന്റെ പോസ്റ്റിൽക്ക് ഗോളടിക്കാന്ന് ആരും മനക്കോട്ട കെട്ടി നടക്കണ്ടട്ടാ.”                                                                                                                                  വിസ്തരിച്ചുള്ളൊരു കുളിയും കഴിഞ്ഞ് പതിവ് പോലെ ടിവിക്ക് മുൻപിലിരിക്കുമ്പോൾ ചെറിയൊരു ആകാംക്ഷ ജോസപ്പേട്ടനുണ്ടായിരുന്നു.ചാനലുകൾ മാറി മാറിയിട്ട് നോക്കി ഉറപ്പ് വരുത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. എല്ലാ ചാനലിലും തന്റെ വടിവൊത്ത മുഖത്തോട് കൂടിയുള്ള പരസ്യങ്ങൾ കണ്ടാലെ ജോസപ്പേട്ടന് ഉറക്കം വരൂ .   എന്നും ഇതൊന്ന് ഉറപ്പ് വരുത്തുന്നത് ശീലമായിപ്പോയി.മാർക്കെറ്റിൽ നിന്ന് ഔട്ടാകാതിരിക്കണമെങ്കിൽ സ്വയം ഒരു കരുതൽ വേണമെന്നാണല്ലോ..                                                                                                              മൊബൈൽ ഫോൺ നിർത്താതെ അടിച്ചപ്പോഴാണ് ജോസപ്പേട്ടൻ ചിന്തയിൽ നിന്നുണർന്നത് ..മറുതലക്കൽ മനേജർ സ്റ്റീഫൻ. കാലത്തിനൊത്ത് പിടിച്ച് നിൽക്കണമെങ്കിൽ മാർക്കെറ്റിന്റെ ഗതിയനുസരിച്ച് ചടുലമായി നീക്ക് പോക്കുകൾ നടത്താനറിയുന്ന വിരുതനെക്കൊണ്ട് മാത്രമേ കഴിയൂ എന്ന ബോധ്യം വന്നപ്പോഴാണ് മാനേജറായി പത്രമാധ്യമരംഗത്ത് അനുഭവപരിചയമുള്ള ഒരാളെത്തന്നെ നിയമിച്ചത്. പരമ്പരാഗത നാട്ട് വൈദ്യത്തിൽ പ്രഗൽഭന്മാരായിരുന്നെങ്കിലും അതിനെ കച്ചവടതന്ത്രങ്ങൾ ഉപയോഗിച്ച് കാശാക്കി മാറ്റാൻ അപ്പനപ്പൂപ്പന്മാരാരും തുനിഞ്ഞില്ല.അതിന്റെ ക്ഷീണം കുടുംബത്ത് കാണാനുമുണ്ടായിരുന്നു, ജോസപ്പേട്ടന്റെ കയ്യിൽ കിട്ടിയതോടെ എല്ലാം മാറി മറിഞ്ഞു.പരമ്പരാഗതമായി കിട്ടിയ കഴിവിന്റെയൊപ്പം കാലത്തിനൊത്തുള്ള മാറ്റങ്ങൾ വരുത്തി ആവശ്യക്കാരുടെ മനസ്സ് കണ്ടറിഞ്ഞ് തയ്യാറാക്കുന്ന മരുന്നുകളാണ് ജോസപ്പേട്ടനെ  ചുരുങ്ങിയ കാലം കൊണ്ട് ഉയരങ്ങളിലെത്തിച്ചത്. പ്രശസ്തിയും കാശും എല്ലാം കൊണ്ടും വെച്ചടി വെച്ചടി കയറ്റം തന്നെയായിരുന്നു തിളക്കേത്തറ ഫാർമസ്യൂട്ടിക്കത്സിന്. കാശ് കുമിഞ്ഞ് കൂടാൻ തുടങ്ങിയപ്പോൾ അപ്പനും അമ്മയും  ബന്ധുക്കളും  തറവാടുമായി പേരിനെങ്കിലും ബന്ധമുള്ളവരുമൊക്കെ തിളക്കേത്തറയെ തലയിൽ കയറ്റി വച്ച് നടക്കുന്നത് കാണുമ്പോൾ ജോസപ്പേട്ടന് സ്വയം അഭിമാനം തോന്നാറുണ്ട്.അത് കൊണ്ടാണ് ശ്രദ്ധ തെറ്റാതെ ഒരു വീഴ്ച്ചക്കും ഇട വരുത്താതെ കൃത്യമായ പ്ലാനിങ്ങോടെ ബിസിനസ്സുമായി ഓടിച്ചാടി നടക്കുന്നതും.                        
                                        “  ജോസപ്പേട്ടാ...ചെറിയൊരു പ്രശ്നംണ്ട്..പെട്ടെന്ന് തന്നെ പുറപ്പെടണം.സമയം  വൈകിയാൽ പിടിവിടുംട്ടാ...”                                                                                              സ്റ്റീഫൻ അങ്ങനെ കളി പറയുന്ന ടൈപ്പല്ല...സീരിയസ്സ് ആണെങ്കിൽ മാത്രമേ കൂടെ ചെല്ലാൻ പറയൂ.. അത് കൊണ്ട് തന്നെ ജോസപ്പേട്ടന് ഇത്തിരി ഭയം തോന്നാതിരുന്നില്ല.                                                                                                              സ്റ്റീഫൻ നേരിട്ട് കാര്യം വിശദീകരിച്ചതോടെയാണ് കാര്യങ്ങളുടെ പോക്ക് അപകടത്തിലേക്കാണെന്ന്  ബോധ്യമായത്.കുറഞ്ഞ സമയത്തിനുള്ളിൽ എന്തൊക്കെ ചെയ്ത് തീർക്കണമെന്ന് സ്റ്റീഫൻ വിശദമായി കണക്കുകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.മൊബൈൽ ഫോണിൽ കോളുകൾ നിർത്താതെ വന്നും പോയും കൊണ്ടിരുന്നു.ഉന്നതങ്ങളിലെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ ഗുണം ശരിക്കും അറിയുന്നത് ഇത് പോലുള്ള സന്ദർഭങ്ങളിലാണ്. ശ്വാസം വിടാൻ സമയമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം ചെയ്ത് തീർത്തപ്പോഴാണ് ജോസപ്പേട്ടന് കുറച്ചെങ്കിലും ആശ്വാസമായത്. ക്ഷീണവും പരിഭ്രാന്തിയും കൊണ്ട് വീട്ടിലെത്തിയതോടെ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.                                                                                                                                                                                    രാവിലെ പത്രക്കെട്ടുകളുമായി സ്റ്റീഫൻ  വന്ന് മുട്ടിവിളിച്ചപ്പോഴാണ് ഉറക്കത്തിൽ നിന്ന് എണീറ്റത് തന്നെ.ഉണർന്ന ഉടനെ തലേന്നത്തെ  നെഞ്ചിടിപ്പ് വീണ്ടും കൂടാൻ തുടങ്ങി.സ്റ്റീഫനാണെങ്കിൽ ഒന്നും മിണ്ടാതെയുള്ള നില്പാണ്. അരിച്ച് പെറുക്കി പരിശോധിച്ചപ്പോൾ തന്നെ ഒരു വിധം സമാധാനമായി.എല്ലാ പത്രങ്ങളിലുംമുഴുനീള പേജിൽ തിളക്കേത്തറ പ്രൊഡക്റ്റുകളുടെ കിടിലൻ പരസ്യം വന്നിട്ടുണ്ട്.ചാനലുകളിട്ട് നോക്കിയപ്പോഴാണെങ്കിൽ പതിവ് പോലെത്തന്നെ നിർത്താതെ  പരസ്യം കാണിച്ച് കൊണ്ടേയിരിക്കുന്നുമുണ്ട്                                                                                                 “ എല്ലാം നിന്റെ മിടുക്കാണ് സ്റ്റീഫാ..ആ സമയത്ത് നീ വന്നില്ലായിരുന്നുവെങ്കിൽ ഞാനാകെ പെട്ട് പോയേനെ.”                                                                                              മറുപടിയൊന്നും പറയാതെ  ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൂടി കൊടുത്തിട്ട് പുഞ്ച്ചിരിയോടെ സ്റ്റീഫൻ മടങ്ങിപ്പോയി.സ്റ്റീഫൻ അങ്ങിനെയാണ്,കാര്യ ഗൌരവമുള്ള പയ്യൻ,എല്ലാം സ്വയം ഏറ്റെടുത്ത് അച്ചടക്കത്തോടെ ചെയ്ത് തീർക്കും. സ്റ്റീഫനെ മാനേജറായിക്കിട്ടിയത് തന്റെ ഭാഗ്യം എന്ന് ജോസപ്പേട്ടൻ മനസ്സിലോർത്തു.                                             
            “ അപ്പച്ചാ...ഞാനൊരു കാര്യം കാണിക്കട്ടെ”                                                                കൊച്ചു മോൾ പിന്നിൽ വന്ന്  വിളിച്ചപ്പോൾ  ജോസപ്പേട്ടൻ സന്തോഷത്തോടെ കൈ പിടിച്ചുയർത്തി.                                                                                           “ അപ്പച്ചനു കാണിച്ച് താടാ..വാവേ ”                                                           കൊച്ചുമോൾ കയ്യിൽ പിടിച്ച മൊബൈൽ ഫോണെടുത്ത് തിരിച്ചു കാണിച്ചു..                                                                  “ഇതാ.. കണ്ടോ അപ്പച്ചന്റെ ഫോട്ടോ..”                                                                            ജോസപ്പേട്ടൻ ഫോട്ടോ നോക്കി  ചിരിച്ചു. ഒന്ന് കൂടി അതിലേക്ക്  സൂക്ഷിച്ച്  നോക്കിയപ്പോഴാണ്  ഫോട്ടോക്ക് താഴെയുള്ള വാചകം ശ്രദ്ധയിൽ പെട്ടത്..                                   “തിളക്കേത്തറ ജോസപ്പ്..തട്ടിപ്പിന്റെ പുതിയ മുഖം ”  ,  ജോസപ്പേട്ടൻ നിന്ന നില്പിൽ വിയർത്ത് കുളിച്ചു. നടുക്കം മാറാതെ ഫോട്ടോയിൽ  ഒന്ന് ക്ലിക്ക് ചെയ്തപ്പോൾ ഒരു മുഴുനീള ലേഖനം നീണ്ട് കിടക്കുന്നു                                                                                                                                                                              “ സുഹൃത്തുക്കളേ..നമ്മളെയെല്ലാം പകൽക്കൊള്ള നടത്തി തട്ടിപ്പിന്റെ പുതിയ അധ്യായവുമായാണ് ഇത്രകാലം തിളക്കേത്തറ മെഡിക്കത്സും ജോസപ്പേട്ടൻ എന്ന ഷോമാനും ബിസിനസ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി ഉപയോഗിച്ചാൽ  മാരകാസുഖങ്ങൾ വരാൻ സാധ്യതയുള്ള പല മരുന്നുകളും ഇന്നലെ നടന്ന റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.  പക്ഷേ തന്റെ സ്വാധീനം ഉപയോഗിച്ച് ഈ വാർത്ത എവിടെയും വരാതിരിക്കാനുള്ള പണികളൊക്കെ നടത്തിയത് കൊണ്ടാണ് ഒരു പത്രത്തിലും ചാനലിലും പൊടിക്ക് പോലും ഈ വാർത്ത വരാതിരുന്നത്. പത്രമുത്തശ്ശിമാരും ചാനൽ രാജാക്കന്മാരും ഈ  മരുന്നു കച്ചവടത്തിന്റെ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ പരസ്യങ്ങൾ കൊണ്ട് ജനമനസ്സുകളെ കബളിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. ഈ വാർത്ത എല്ലാവരിലേക്കും എത്തിച്ച് ഇനിയെങ്കിലും ആരും ഈ കൊടും തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക..മുഖ്യധാരാമാധ്യമങ്ങൾ മുക്കിയ വാർത്ത വീണ്ടും മുങ്ങിപ്പോകാതിരിക്കാൻ മാക്സിമം ലൈക്കും ഷെയറും ചെയ്ത് എല്ലാവരിലേക്കുമെത്തിക്കുക നിങ്ങളുടെ ഓരോ ഷെയറും ഒരോ ജീവനെയാണ് രക്ഷപ്പെടുത്തുന്നത്. എന്ന് നിങ്ങളുടെ  സ്വന്തം സാമൂഹ്യ സ്നേഹി.                                                           3520..Like... ,1200 Comments...2216 Share.                                                                                    

25 comments:

  1. നവമാധ്യമങ്ങളുടെ അനന്തസാദ്ധ്യതകള്‍!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ‍... വായനക്കും അഭിപ്രായത്തിനും. നവ മാദ്ധ്യമങ്ങൾ സാധ്യതകളുടെ വലിയൊരു വാതിലാണ് തുറന്നിട്ടിരിക്കുന്നത്. പല വിഷയങ്ങളിലും വാർത്തകളിലും യദാർത്ഥ സത്യം മനസ്സിലാക്കാൻ നവ മാധ്യമങ്ങൾ ഉപയോഗപ്പെടുന്നുണ്ട്

      Delete
  2. ഈ കഥയ്ക്ക്‌ സൂപ്പർ ലൈക്‌ അടിക്കട്ടെ...!
    സോഷ്യൽ മീഡിയ ശരിയായ വിധത്തിലുപയോഗിച്ചാൽ ഒരനുഗ്രഹം തന്നെയാണ്..!
    പത്രത്തിനെക്കാളും ടിവിയെക്കാളും വേഗത്തിൽ ജനമനസ്സിൽ സ്വാധീനം ചെലുത്താനും എത്തിപ്പെടാനും നവയുഗത്തിന്റെ ഈ സംഭാവനയ്ക്ക്‌ കഴിവുണ്ട്..

    ReplyDelete
    Replies
    1. നന്ദി. mayflowers . വായനക്കും അഭിപ്രായത്തിനും. സോഷ്യൽ മീഡിയയെക്കുറിച്ച് പരാതികൾ ഒരു പാടുണ്ടെങ്കിലും അത് സ്വതന്ത്രമായ, ഏവർക്കും എത്തിപ്പെടാനും അഭിപ്രായപ്പെടാനും കഴിയുന്ന ഒരു മാദ്ധ്യമമാണ്. പത്രങ്ങളും ചാനലുകളും വിവിധ തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ , സോഷ്യൽ മീഡിയയിൽ എവിടെയെങ്കിലുമായി സത്യം വായിച്ചെടുക്കാനുള്ള സാധ്യതകളുണ്ട്. മൂടിവെയ്ക്കപ്പെടുന്ന വാർത്തകളിൽ പ്രത്യേകിച്ചും!

      Delete
  3. പല കാര്യങ്ങളും മനുഷ്യര്‍ ഇന്ന് മനസ്സിലാക്കുന്നത് സോഷ്യല്‍ മീഡിയ വഴി തന്നെയാണ്. ഒരുപക്ഷെ നുണകളും കെട്ടുകഥകളും കേള്‍ക്കുന്നതിനു മുന്പ് തന്നെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ നുണകള്‍ പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. ഈ മീഡിയയുടെ ഉപയോഗം മുഴുവന്‍ ജനങ്ങളിലും എത്തണം എന്നതാന്നു ഇപ്പോള്‍ പ്രധാനം.

    എന്നിരുന്നാലും മായങ്ങളെയോ തട്ടിപ്പുകളെയോ ഒഴിവാക്കി ജീവിക്കുക എന്നത് ഇന്നത്തെ സ്ഥിതിയില്‍ മനുഷ്യര്‍ക്ക് കഴിയാതെ ആയിരിക്കുന്നു എന്നത് വസ്തുതയുമാണ് . പമാവുധി ഒഴിവാക്കുക ഇന്നത്തെ നടക്കു.

    ReplyDelete
    Replies
    1. നന്ദി റാംജി. സോഷ്യൽ മീഡിയ വഴി ഇന്ന് പല സത്യങ്ങളും പുറത്ത് വരുന്നുണ്ട്.ആ സത്യം മനസ്സിലാക്കി രാഷ്ട്രീയക്കാരും മുഖ്യധാര മാധ്യമങ്ങളും പ്രശസ്തരായവരുമൊക്കെ സജീവമായി സോഷ്യൽ മീഡിയകളിൽ ഇടപെടാൻ തുടങ്ങിയിട്ടുമുണ്ട്. മായങ്ങളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടൽ എളുപ്പമല്ല എങ്കിലും പല മുന്നറിയിപ്പുകളും അറിയുന്നത് കാരണം നിയന്ത്രണമില്ലാതെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതിനെ കുറക്കുന്നുണ്ട്.

      Delete
  4. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ നവമാധ്യമങ്ങളുടെ ശക്തി ഒന്നു വേറെ തന്നെയാണ്.മുനീര്‍ നല്ല കയ്യടക്കത്തോടെ എഴുതി.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി. സീരിയസ്സായും സൂക്ഷ്മതയോടെയും ഉപയോഗിച്ചാൽ നവ മാധ്യമങ്ങൾക്ക് നല്ല ഭാവിയുണ്ട്.

      Delete
  5. പത്രധര്‍മ്മം അനുഷ്ഠിക്കുന്നത് ഇന്ന് സോഷ്യല്‍ മീഡിയകളാണ്‌.
    സത്യസന്ധമായിരിക്കട്ടെ ചുവടുവയ്പ്പ്!!
    സന്ദേശം ഉള്‍ക്കൊള്ളുന്ന കലാമേന്മയുള്ളൊരുകഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ ചേട്ടാ.. വായനക്കും അഭിപ്രായത്തിനും. പത്ര ധർമ്മം എന്താണെന്ന് ഓർമ്മിപ്പിക്കുന്നു ഇന്ന് പല സംഭവങ്ങളിലും സോഷ്യൽ മീ‍ഡിയ.സോഷ്യൽ മീഡിയയുടെ കരുത്ത് പ്രക്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.വിമർശനങ്ങൾ ഒരു പാട് വരുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ സാധ്യതകൾ അമ്പരപ്പിക്കുന്നതാണ്.

      Delete
  6. അതാണ് സോഷ്യല്‍മീഡിയ. നന്നായി എഴുതി മുനീര്‍ ഭായ്.

    ReplyDelete
    Replies
    1. നന്ദി സുധീർ ദാസ്, ബ്ലോഗ് സന്ദർശനത്തിനും വായനക്കും അഭിപ്രായത്തിനും.

      Delete
  7. പത്രങ്ങളേക്കാള്‍ ഇപ്പോള്‍ ജനങ്ങള്‍ സോഷ്യല്‍ മീഡിയകളെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.... മുനീര്‍ അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. നന്ദി Mubi. വാ‍യനക്കും അഭിപ്രായത്തിനും. പത്രങ്ങൾ പരസ്പര വിരുദ്ധമായി വിവിധ വാർത്തകളെ കൈകാര്യം ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിലെവിടെയെങ്കിലുമായി സത്യം കണ്ടെത്താൻ കഴിയുന്ന സാഹചര്യമുള്ളത് കൊണ്ട് ജനങ്ങൾക്ക് സോഷ്യൽ മീഡിയകളിൽ വിശ്വാസം കൂടി ക്കൊണ്ടിരിക്കുകയാണ്.

      Delete
  8. നവമാധ്യമ ശക്തി ഇനിയുള്ള കാലം ആര്‍ക്കും തടുത്തു നിര്‍ത്താന്‍ സാധിക്കില്ല .. കറപ്ഷന്‍ ഇല്ലാതാക്കാന്‍ ഇത് തന്നെയാണ് ഏറ്റവും വലിയ മരുന്നും ... കഥയില്‍ കൂടി കാര്യമായി പറഞ്ഞു ,,,ആശംസകള്‍ .

    ReplyDelete
    Replies
    1. നന്ദി ഫൈസൽ ബാബു.വായനക്കും അഭിപ്രായത്തിനും. നവ മാധ്യമങ്ങൾക്ക് ശക്തമായ രീതിയിൽ പ്രതികരിക്കാൻ കഴിയുന്നുണ്ട്.കുഴിച്ച് മൂടപ്പെടുന്ന പല അഴിമതിക്കഥകളും സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വരുന്നുണ്ട്.

      Delete
  9. നമ്മൾ എന്നും കാണുന്നതല്ലേ തമസ്കരിക്കപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയ വഴി കത്തിക്കയരുന്നത് ..സോഷ്യൽ മീഡിയയുടെ ശക്തി തിരിച്ചരിഞ്ഞിട്ടെങ്കിലും പത്രങ്ങള സമൂഹത്തിനു ഒപ്പം നിന്നിരുന്നെങ്കിൽ ..

    നല്ല പോസ്റ്റ്‌ ..അഭിനന്ദനങ്ങൾ മുനീർ ഭായ്

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി വില്ലേജ് മാൻ. പത്രങ്ങളും മീഡിയകളൂം മാറേണ്ടിയിരിക്കുന്നു.ജനങ്ങൾ അറിയാതിരിക്കാൻ എത്രയൊക്കെ പത്ര മാധ്യമങ്ങൾ ശ്രമിച്ചാലും സോഷ്യൽ മീഡിയ വഴി പുറം ലോകമറിയുന്നുണ്ട്.

      Delete
  10. കഥയല്ലയിത് അസ്സൽ കാര്യം തന്നെയാണ്..
    അപ്ലിക്കേഷൻ മുതൽ ജോലി സംബന്ധമായ എല്ലാ
    കാര്യങ്ങളും. വികസനം ഉണ്ടാക്കൽ, ക്രൈ തടയൽ , ട്രാവൽ ,
    പർചേസിങ്ങ്,...എന്നിങ്ങനെ ഇന്ന് ഇവിടെ പാശ്ചാത്യനാടുകളിലൊക്കെ
    സോഷ്യൽ മീഡിയയിലൂടെ മാത്രമെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കാനാകുന്നുള്ളൂ..
    ദോഷങ്ങളേക്കാൾ കൂടുതൽ അനേകം ഗുണഗണങ്ങളുള്ള നവ മാധ്യമ ലോകം തന്നെയാണ്
    ഇനി നമ്മൾക്ക് മുന്നിലും തുറന്ന് കിടക്കുന്നത്...

    ReplyDelete
    Replies
    1. നന്ദി. മുരളിയേട്ടാ ,വായനക്കും അഭിപ്രായത്തിനും. ദോഷങ്ങളേക്കാളേറെ സോഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ ഒരു പാടാണ്.ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ നിന്നും വളരെ സീരിയസ്സായി ജനം കേൾക്കുകയും കാണുകയും അറിയുകയും ചെയ്യുമ്പോൾ അതുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്

      Delete
  11. റോജിയുടെ മരണം പൂർണ്ണമായും മുക്കിക്കളയാൻ കിംസുകാർക്ക്‌ കഴിയാതിരുന്നതിൽ നവമാധ്യമങ്ങളുടെ പങ്ക്‌ പ്രശംസനീയമാണു.ആർക്കും ഇപ്പോൾ ഒന്നും രഹസ്യമാക്കി വെക്കാൻ കഴിയില്ലെന്നായിരിക്കുന്നു.

    നല്ലൊരു കഥക്ക്‌ നല്ല ഭാവുകങ്ങൾ!!!

    ReplyDelete
  12. നല്ല ഭാവന ....നല്ല എഴുത്ത്....നവ മാധ്യമങ്ങൾ കൂടുതൽ കൂടുതൽ ശക്തിയായി മാറിന്നതിനുള്ള കാരണം ഇത് തന്നെയാണ്...... ആശംസകൾ.....

    ReplyDelete
  13. Excellent Narration Well done Muneer. A story with real Truth.

    ReplyDelete