Thursday, April 26, 2018

സുഡാനി ഫ്രം നൈജീരിയ

ഒറ്റവാക്കിൽ എന്താണ് സുഡാനി ഫ്രം നൈജീരിയ എന്ന് ചോദിച്ചാൽ പറയാനുള്ള ഒരേയൊരുത്തരം ഇതാണ്..”സ്നേഹം” .ഇത്രത്തോളം മനസ്സിനെ പിടിച്ചുകുലുക്കിയ
ഒരു ദൃശ്യാനുഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.അമിതമായ വൈകാരിക പ്രകടനങ്ങളിലൂടെയോ ആക്സ്മികമായി വരുന്ന കഥാസന്ദർഭങ്ങളിലൂടെയോ അല്ല സിനിമ പ്രേക്ഷകന്റെ 
കണ്ണിൽ വെള്ളം നിറക്കുന്നത്.കാരുണ്യം വറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് മാനുഷികതയുടെ ആള്രൂപങ്ങളായി മാതൃക കാണിക്കുന്ന ഒരു കൂട്ടം പച്ചമനുഷ്യരുടെ ജീവിതത്തിനു നേരെ ക്യാമറ
പിടിക്കുമ്പോൾ ഏത് കഠിനഹൃദയനും അറിയാതെ മനസ്സിലെങ്കിലും തേങ്ങിപ്പോകും.


മലപ്പുറത്തിന്റെ സ്നേഹത്തെക്കുറിച്ചും സൌഹാർദ്ധത്തെക്കുറിച്ചും മറ്റ് സ്ഥലങ്ങളിൽ നിന്ന് മലപ്പുറത്തേക്ക്
ചേക്കേറിയവർ ഒരു പാട് പറഞ്ഞിട്ടുള്ളതാണ്.കമേഴ്സ്യൽ സിനിമകളധികവും എരിവും പുളിവും കൂട്ടി മലപ്പുറത്തെക്കുറിച്ച് പറഞ്ഞതിതുവരെ കെട്ട്കാഴ്ചകളായിരുന്നു .മുഹ്സിൻ പാരാരി കെ.എൽ പത്തിലൂടെ വലിയൊരു തിരുത്തുമായി രംഗത്തുവന്നുവെങ്കിലും മലപ്പുറത്തിന്റെ ഖൽബ് മലയാളക്കരയിൽ ഒന്നടങ്കം അനുഭവേദ്യമാക്കിയ ഒരു മാസ്റ്റർക്ലാസ്സ് സിനിമയായി മാറിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.
ഫുട്ബാളിനോടുള്ള മലപ്പുറംകാരുടെ മൊഹബ്ബത്ത് ഇന്ത്യക്ക് പുറത്ത് പോലും പ്രശസ്തമാണ്.സെവൻസ് ഫുട്ബാളിന്റെ മൈതാനങ്ങളിൽ കാലങ്ങളായി പന്ത്
തട്ടിക്കൊണ്ടിരിക്കുന്ന സുഡാനികളുടെ ജീവിതത്തെക്കുറിച്ച് ആരും ഇത് വരെ പറഞ്ഞ് കണ്ടിട്ടില്ല.കാശ് വാങ്ങി കളിക്കാനിറങ്ങുമ്പോൾ കളി നന്നായിട്ടില്ലെങ്കിൽ കാണികൾ കൂക്കി വിളിക്കും.പൊതുജന
ത്തിന്റെ സ്വഭാവമറിയുന്നത് കൊണ്ട് തന്നെ കാരിരുമ്പിന്റെ കരുത്തുള്ളവരെന്ന പേരുണ്ടായിട്ടും എത്ര ഫൌളുകൾ കിട്ടിയാലും നിയന്ത്രണം വിട്ടുള്ള കാടൻ കളികൾക്ക് അവർ മുതിരാറില്ല.
സുഡാനിയെന്നാൽ ഗോൾ വലകുലുക്കാൻ വേണ്ടി മാത്രമുള്ളവരാണെന്ന മുൻ ധാരണയുള്ളത് കൊണ്ട് തന്നെ ഒരു പെനാൾട്ടിയെങ്ങാനും മിസ്സാക്കിയാൽ അതോടെ തീർന്നു അവന്റെ ഭാവി.തുടക്കത്തിൽ ഫുട്ബാൾ മത്സരത്തിന്റെ വീറും വാശിയും പാട്ടും ആഘോഷവുമൊക്കെയായി കളർഫുളായി പോകുന്ന സിനിമയെ സഡൻ ബ്രേക്കിട്ട് നിർത്തി നിറങ്ങളില്ലാത്ത, സ്വപ്നലോകത്തിന്റെ മായകളില്ലാത്ത, തനി നാടൻ ജീവിതത്തിന്റെ യാദാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുകയാണ് സംവിധായകൻ സക്കരിയ.മലപ്പുറത്തിന്റെ മനസ്സിനൊരു പ്രത്യേകതയുണ്ട്.അത് ഉമ്മമാരായലും യുവാക്കളായാലും വയസ്സായവരായും അന്യനെ സഹായിക്കുന്ന കാര്യത്തിൽ എന്നും ഒരടി മുന്നിൽ നിൽക്കും.അസാധ്യമെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ലക്ഷ്യങ്ങൾക്ക് പോലും
കാല് ചലിപ്പിക്കാൻ ആരും മടികാണിക്കാറില്ല.മജീദെന്ന മാനേജറും സാമുവൽ എന്ന സുഡാനിയും തളർച്ചകളിൽ തകരാതിരിക്കുന്നത് ഒപ്പം കൂടി ആത്മധൈര്യം നൽകുന്ന കൂട്ടുകാരുടെയും
കുടുംബത്തിന്റെയും സ്നേഹം കൊണ്ട് മാത്രമാണ്.സ്വന്തം തലയിലായ സുഡാനിയോട് മാനേജറിന്റെ ഉത്തരവാദിത്വം ഉള്ളത് കൊണ്ട് സർവ്വ പിന്തുണയും നൽകുന്ന മജീദ്
ചില സാഹചര്യങ്ങളിൽ സ്വയം മറന്ന് പെരുമാറുമ്പോൾ അവിടെ കരുണയുടെ , മാനുഷികതയുടെ നിലക്കാത്ത പ്രവാഹമായി രംഗത്ത് വരുന്ന ഉമ്മമാരാണ് സിനിമയുടെ ഹൃദയം.മലപ്പുറം ശൈലിയിലുള്ള
സംഭാഷണങ്ങളിലേക്ക് പ്രേക്ഷകൻ പെട്ടെന്ന് എത്തിപ്പെടുന്നത് അഭിനേതാക്കളുടെ സൂക്ഷ്മമായ ഭാവ പ്രക്ടനങ്ങൾ കൊണ്ടാണ്.കെ.എൽ പത്ത് എന്ന സിനിമ മലപ്പുറം സംഭാഷണ ശൈലിയും സംസ്കാരവും
പരിചിതമാക്കിയത് കൊണ്ടും പ്രേക്ഷകന് വളരെ എളുപ്പത്തിൽ സുഡാനി ദഹിക്കുന്നുണ്ട്.
“ ഞങ്ങളുടെ ജീവിതം നിങ്ങൾക്ക് മനസ്സിലാകില്ല ..മജീദ് “ കണ്ണീർ വാർത്തു കൊണ്ട് സാമുവൽ തന്റെ ജീവിതപ്പോരാട്ടത്തിന്റെ കഥ പറഞ്ഞ് തുടങ്ങുമ്പോൾ ആഫ്രിക്കൻ ദാരിദ്ര്യത്തിന്റെയും അഭ്യന്തര സംഘർഷങ്ങളുടേയും ജീവിത ചിത്രങ്ങൾ സ്കീനിൽ മാറി മറിയുമ്പോൾ അറിയാതെയെങ്കിലും മനസ്സ് വിതുമ്പിപ്പോവാത്തവരുണ്ടാവില്ല.പ്രമേയത്തിലും അവതരണത്തിലും ലോകസിനിമാനിലവാരത്തിലേക്ക് സഞ്ചരിക്കുന്ന സുഡാനിഫ്രം നൈജീരിയയെ പതിവ് മലയാളം സിനിമാ തലങ്ങളിൽ നിന്നും മാറ്റി നടത്തുന്ന ശ്രദ്ധേയമായ രംഗങ്ങളായിരുന്നു അതെല്ലാം.ഒരു കാലത്ത് കേരളീയ കുടുംബങ്ങളിൽ സ്നേഹത്തിന്റെയും സഹനത്തിന്റേയും പാഠപുസ്തകങ്ങളായി മാറിയിരുന്ന സിനിമകളിൽ നിന്നും ന്യൂ ജനറേഷൻ സിനിമകളിലേക്കുള്ള മാറ്റം കാരണം കുടുംബങ്ങളിൽ സ്നേഹം വിതറുന്ന അമ്മമാരുടെ
വേഷങ്ങൾക്ക് പ്രാധാന്യം കിട്ടാത്ത ഒരു അവ്സ്ഥ ഉണ്ടായിട്ടുണ്ട്.എന്നാൽ സിനിമയുടെ ആത്മാവായി ത്യാഗത്തിന്റെയും മാനുഷികതയുടെയും മാലാഖമാരായ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ പ്രേക്ഷകഹൃദയം കീഴടക്കുകയാണ്.മമ്പുറവും നേർച്ചയും മുസ്ലീം തറവാടും പർദ്ധയുമൊക്കെ ഇതിന് മുമ്പ് മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടത് ഷാജികൈലാസും രഞ്ജിത്തും സൃഷ്ടിച്ചെടുത്ത തികച്ചും ദുരുദ്ധേശപരമായ ചില രംഗങ്ങളുടേയും കഥാപാത്രങ്ങളിലൂടെയുമായിരുന്നു.വല്യേട്ടൻ എന്ന സിനിമയിൽ പ്രധാന വില്ലൻ തൊപ്പി ധരിച്ച മമ്പുറം തറവാട്ടിലെ പ്രധാനിയായ മമ്പുറം ബാവയായതും നേർച്ച നടക്കുന്നതിനിടയിൽ പർദ്ധക്കിടയിൽ ഒളിച്ചിരുന്ന കൊലയാളിയെ പിടിക്കുന്നതുമൊക്കെ കണ്ട പ്രേക്ഷകർക്ക് എന്താണ് മമ്പുറമെന്നും വെള്ളക്കാച്ചിയും പെങ്കുപ്പായവും ഇട്ട വയസ്സായ സ്തീകൾ
വീടകങ്ങളിൽ “ചായന്റള്ളം” ഉണ്ടാക്കാൻ മാത്രം വിധിക്കപ്പെട്ടവരെല്ലെന്നും പേരിനു പോലും ബന്ധമില്ലാത്ത തീർത്തും ഒറ്റപ്പെട്ട ഒരു മനുഷ്യനു വേണ്ടി അയാളുടെ വിഷമങ്ങളിൽ പങ്കു ചേരാനും തങ്ങളുടേതായ വിശ്വാസങ്ങളിൽ നിന്ന് കിട്ടുന്ന ആശ്വാസങ്ങളും പ്രാർത്ഥനകളും നൽകി സമാധാനിപ്പിക്കുവാനും തയ്യാറാകുന്ന സ്നേഹത്തിന്റെ പര്യായങ്ങളാണെന്നും കാണിച്ച് തരുന്നു.മലപ്പുറത്തെ ഉമ്മമാരുടെ ഉപ്പമാരുടെ
നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥകൾ സലാം കൊടിയത്തൂരിന്റെ ഹോം സിനിമകളിൽ ഒട്ടേറെ വിഷയമായിട്ടുണ്ട്.സക്കരിയ തന്റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്ത വളരെ ലളിതമായ ഒരു ഉമ്മ-ഉപ്പ-മകൻ
ബന്ധത്തിന്റെ പരസ്പരം നീറിപ്പുകയുന്ന മനസ്സുകളുടെ കഥയുടെ ചിട്ടയായുള്ള അവതരണവും മനോഹരമായ പര്യാവസാനവും സുഡാനിയെ വേറിട്ട് നിർത്തുന്നതിലെ പ്രധാന ഘടകമാണ്.
അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ പെർഫക്ഷൻ അത് സിനിമയുടെ നിലവാരമുയർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്..
ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന മജീദെന്ന മലപ്പുറത്തുകാരനെ അതി സൂക്ഷ്മമായ ഭാവ ശബ്ദ ചലനങ്ങളിലൂടെ ഗംഭീരമായി പകർന്നാടിയ സൌബിൻ , വിധിയുടെ ക്രൂരതയിൽ അന്യദേശത്ത് ഒറ്റപ്പെട്ട്പോയ നിസ്സഹായനായ ആഫ്രിക്കൻ ഫുട്ബാൾ കളിക്കാരനായി പ്രേക്ഷകരുടെ പ്രീതി പിടിച്ച് പറ്റിയ നൈജീരിയൻ താരം സാമുവൽ ഡേവിഡ്സൺ,മാതൃസ്നേഹത്തിന്റെവറ്റാത്ത കാരുണ്യ പ്രവാഹമായിഅഭിനയമോ ജീവിതമോ എന്ന് അൽഭുതപ്പെടുത്തും വിധം കഥാപാത്രങ്ങളെ ഒഴുക്കോടെ അവതരിപ്പിച്ച ബീയുമ്മയായി വേഷമിട്ട സരസ ബാലുശ്ശേരിയും ജമീലയായി വേഷമിട്ട സാവിത്രി ശ്രീധരനും,
കുറച്ച് രംഗങ്ങളിലൂടെ മാത്രം കടന്ന് വന്ന് വിസ്മയിപ്പിക്കുന്ന മുഖഭാവങ്ങളിലൂടെയും ഇടറുന്ന ശബ്ദങ്ങളിലൂടെയും കഥാപാത്രമാവശ്യപ്പെടുന്ന ഒതുക്കത്തോടെ അഭിനയിച്ച കെ.ടി.സി അബ്ദുള്ളാക്കാ, സെവൻസ് ഫുട്ബാളിന്റെ അതികായകനായ മലപ്പുറത്തുകാർക്ക് പരിചിതനായ സൂപ്പർ ബാവാക്ക, നർമ്മം വിതറിയ അഭിനയ രംഗങ്ങളിലൂടെ പ്രേക്ഷകരിൽ ചിരി പടർത്തിയ നായർ, കല്ല്യാണ ബ്രോക്കറായി വന്ന്
തമാശകളുണ്ടാക്കിയ ഹോം സിനിമകളിലെ കോമഡി നായകൻ സിദ്ധീക്ക് കൊടിയത്തൂർ എല്ലാവരും ഒന്നിനൊന്ന് മികവ് പുലർത്തിയെന്ന് പറയാതെ വയ്യ.സാങ്കേതികമായി ഉന്നത നിലവാരം പുലർത്താൻ ഛായാഗ്രഹണം നിർവഹിച്ച ഷൈജു ഖാലിദും പശ്ചാത്തല സംഗീതം നിർവ്വഹിച്ച റെക്സ് വിജയനും എഡിറ്റിങ്ങ് നിർവ്വഹിച്ച നൌഫൽ അബ്ദുള്ളയും സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.തിരക്കഥയിലും സംഭാഷണങ്ങളിലും
മുഹ്സിൻ പാരാരിയുടെ ഇടപെടൽ സിനിമയുടെ ടോട്ടാലിറ്റിക്ക് വലിയ മുതൽക്കൂട്ടായിട്ടുണ്ട്.നല്ലൊരു സിനിമക്ക് വേണ്ടി ധൈര്യ സമേതം മുതൽ മുടക്കിയ സമീർ താഹിറും ഷൈജു ഖാലിദും ചെയ്തത്
മലയാള സിനിമാ ലോകം എന്നും നന്ദിയോടെ ഓർക്കുമെന്നതിന് യാതൊരു സംശയവുമില്ല. തുടക്കക്കാരന്റെ യാതൊരു സമ്മർദ്ധങ്ങളുമില്ല്ലാതെ മികച്ച ഒരു ടീമിനെ മുന്നിൽ നിന്ന് നയിച്ച് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിച്ച് ആദ്യ സിനിമ കൊണ്ട് തന്നെ വിസ്മയിപ്പിച്ച സംവിധായകൻ സക്കരിയ മുഹമ്മദ് നിങ്ങളോട് മലപ്പുറം മാത്രമല്ല കടപ്പെട്ടിരിക്കുന്നത്.കേരളമൊന്നടങ്കം സുഡാനി ഫ്രം നൈജീരിയയെ നെഞ്ചിലേറ്റിയിരിക്കുകയാണ്.മനുഷ്യ മനസ്സുകളിൽ നിന്ന് മറന്ന് പോയിക്കൊണ്ടിരിക്കുന്ന സ്നേഹമെന്ന വികാരത്തെ വീണ്ടും തട്ടിയുണർത്തിയതിന്..നന്ദി സക്കരിയ മുഹമ്മദ്..ഒരായിരം നന്ദി.