ചരിത്രമുറങ്ങുന്ന മാറക്കാനയുടെ മണ്ണില്‍ നിന്ന് ചിറകടിച്ചുയരാന്‍ പുതിയൊരു കൂട്ടം കാനറിപക്ഷികള്‍ ഒരുങ്ങുകയാണ്. കണ്ണീരു വീണ മൈതാനത്തിന്റെ പുല്‍ക്കൊടികളില്‍ വിജയാരവം കൊണ്ട് കണക്ക് തീര്‍ക്കാന്‍ ഇതിലും വലിയൊരവസരം ബ്രസീലിയന്‍ കാലാള്‍പ്പടക്കിനി കിട്ടാനില്ല. അഞ്ചുവട്ടം ലോകചാപ്യന്മാരായിട്ടും ഫുട്ബാളിന്റെ രാജാക്കന്മാരായി അരങ്ങു വാണിട്ടും ഫുട്ബാള്‍താരങ്ങളിലെ സൂപ്പര്‍സ്റ്റാറുകളാല്‍ സമ്പന്നരായിട്ടും കിട്ടാത്ത സംതൃപ്തിക്ക് വേണ്ടിയാണ് ബ്രസീലിയന്‍ ജനത മാറക്കാനയിലേക്ക് ഉറ്റുനോക്കുന്നത്.
2014 വേള്‍ഡ് കപ്പിന്റെ ആതിഥേയസ്ഥാനം നേടിയെടുത്ത അന്നു മുതല്‍ കുറിച്ചിട്ടതാണ് മാറക്കാനയില്‍ മറ്റൊരു ഫൈനല്‍ സ്വപ്നം.1950ലെ വേള്‍ഡ്കപ്പ് ഫൈനലില്‍ രണ്ടു ലക്ഷത്തോളം വരുന്ന സ്വന്തം കാണികളുടെ മുന്‍പില്‍ തലകുനിച്ച സെലക്കാഗോ വീരാളികളുടെ മാഞ്ഞുപോയ പുഞ്ചിരിയെ തൊട്ടുണര്‍ത്താന്‍ , വേണം.. ഈ കപ്പ് ബ്രസീലിന്... ഫുട്ബാളിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ആ തോല്‍വിയെ ഒരു ദേശീയദുരന്തം പോലെയാണ് ബ്രസീലുകാര്‍ ഇന്നും കാണുന്നത്. കാരണം ജയം ഉറപ്പിച്ച ഒരു കളി അതും അന്ന് താരതമ്യേന ദുര്‍ബലരരായ ഒരു ടീമിനോട് സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.
നാലു ടീമുകളുള്ള ഫൈനല്‍ റൌണ്ടില്‍ ഒന്നാമതെത്തുന്നവര്‍ കപ്പ് നേടുന്ന അന്നത്തെ ടൂര്‍ണ്ണമെന്റില്‍ ആദ്യത്തെ രണ്ടു മാച്ചുകളില്‍ സ്വീഡനെ 7-1 നും സ്പെയിനെ 6-1 നും അരിഞ്ഞിട്ട ബ്രസീലിന് ഫൈനല്‍ മാച്ചില്‍ സമനില മാത്രം കൊണ്ട് തന്നെ വേള്‍ഡ് കപ്പില്‍ മുത്തമിടാം എന്ന സ്തിഥി കൈവന്നിരുന്നു. ഉറുഗ്വേയാകട്ടെ സ്പെയിനിനോട് 2-2 ഉം സ്വീഡനോട് 3-2 മായി കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. ഒരു പക്ഷേ കളിക്കും മുമ്പേ ജയമുറപ്പിച്ച അമിതാഹ്ലാദം തന്നെയായിരിക്കും തിരിച്ചടിക്കുള്ള പ്രധാന കാരണം. ‘ലോക ചാമ്പ്യന്മാര്‍‘ എന്ന തലക്കെട്ടില്‍ ബ്രസീല്‍ ടീമിന്റെ ഫോട്ടോയുമായി കളി തുടങ്ങും മുമ്പേ അച്ചടിച്ച് വിതരണം ചെയ്ത ന്യൂസ് പേപ്പര്‍ കണ്ട് അരിശം പൂണ്ട ഉറുഗ്വേ ക്യാപ്റ്റന്‍ പത്രക്കെട്ടുകള്‍ക്ക് മേലേ മൂത്രമൊഴിച്ച് കളിക്കൊരുങ്ങാന്‍ സഹകളിക്കാരോട് ഉത്തരവിടുകയുണ്ടായത്രെ! ബ്രസീലിനോട് പിടിച്ച് നില്‍ക്കണമെങ്കില്‍ പ്രതിരോധപ്പൂട്ടീട്ട് പൂട്ടണമെന്ന് ഓര്‍മ്മപ്പെടുത്തിയ കോച്ചിന്റെ തീരുമാനത്തെ വകവെക്കാതെ ആക്രമിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ സ്പെയിന്റെയും സ്വീഡന്റെയും ഗതിയാകുമെന്ന് തിരുത്തിയ ക്യാപ്റ്റന്‍ വരേല ഉറുഗ്വേ കളിക്കാരെ ഉത്തേജിപ്പിക്കുന്നതില്‍ വിജയിച്ചതു തന്നെയാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്.ആദ്യപകുതിയിലെ ബ്രസീലിയന്‍ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിച്ച ഉറുഗ്വേ രണ്ടാം പകുതിയില്‍ ഒരു ഗോളടിച്ച് വിജയാഹ്ലാദം തുടങ്ങിയ ബ്രസീലിയന്‍ കളിക്കാരുടെ ആലസ്യം മുതലെടുത്ത് 66അം മിനിറ്റില്‍ സമനില ഗോള്‍ നേടി. ആര്‍ത്തിരമ്പുന്ന ഗാലറികളെ നിശ്ശബ്ദ്ധരാക്കി കളി തീരാന്‍ 11 മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ഉറുഗ്വേ അടിച്ച ഗോള്‍ ബ്രസീലിയന്‍ വലക്കുള്ളില്‍ കറങ്ങിത്തിരിയുന്നത് കണ്ട് ഞെട്ടിത്തരിച്ചിരിക്കാനേ സാംബാ സപ്പോര്‍ട്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ..കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയത്തെയോര്‍ത്ത് കണ്ണീര്‍വാര്‍ത്ത അമ്പതുകളിലെ ഫുട്ബാള്‍ പ്രേമികള്‍ ഒരിക്കല്‍ കൂടി കാത്തിരിക്കുകയാണ്.പുതുതലമുറയില്‍പ്പെട്ടവര്‍ പകരം വീട്ടി പിടിച്ചടക്കുന്ന ലോക ഫുട്ബാള്‍ കിരീടം.
ജയങ്ങള്‍ കൊണ്ട് തെക്കനമേരിക്കയിലും വന്‍കരക്കപ്പുറത്തും പേര് നിലനിര്‍ത്തിയിരുന്നെങ്കിലും 2010 വേള്‍ഡ്കപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതോടെ ദുഗയുടെ പട്ടാളപ്പടക്ക് മരണമണി മുഴങ്ങി. പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത മാനോ മെനസിസിന് സാംബാശൈലിയില്‍ തന്നെ ലോകം വാഴാന്‍ പുതിയൊരു ടീമിനെ വളര്‍ത്തിയെടുക്കാനുള്ള അവ്സരമാണ് സിബി എഫ് നല്‍കിയിരിക്കുന്നത്. യൂറോപ്പിലെ വന്‍ ശക്തികളുമായി കൊമ്പുകോര്‍ക്കാനുള്ള പരിചയസമ്പത്ത് നേടിയെടുക്കുക എന്നത് തന്നെയാണ് ബ്രസീലിയന്‍ യുവനിരയുടെ വെല്ലുവിളി.കോപ്പാ അമേരിക്കയില്‍ തോറ്റിട്ടും കോച്ചിനെ മാറ്റാതെ പരീക്ഷണം തുടരുന്നതും അതു കൊണ്ടുതന്നെയാണ്. സ്വന്തം നാട്ടിലെ വേള്‍ഡ്കപ്പില്‍ ബ്രസീലിയന്‍ ടീം തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ പന്തുതട്ടണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് 1982 വേള്‍ഡ്കപ്പില്‍ ഫല്‍കാവോയും സീക്കോയും സോക്രട്ടീസുമൊക്കെ അണിനിരന്ന ടീമുമായാണ് എന്നത് തന്നെ കളിക്കമ്പക്കാര്‍ക്ക് പ്രിയം കാല്പന്ത് കളിയിലെ കലാകാരന്മാരോടാണെന്നത് അടിവരയിടുന്നു.
ബ്രസീല്‍ ഫുട്ബാളിന്റെ സൌന്ദര്യം ലോകത്തിനു മുന്‍പില്‍ കാണിച്ചു കൊടുത്ത ടീമിലെ പ്രമുഖ കളിക്കാരനും എഴുത്തുകാരനുമൊക്കെയായ സോക്രട്ടീസ് അടുത്ത് മരിക്കും വരെയും കളിയഴകിനെ കൊന്ന് ജയം വെട്ടിപ്പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന കോച്ചുമാരെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല.
റൊണാള്‍ഡോ,റിവാള്‍ഡോ,റൊണാള്‍ഡീഞ്ഞോ ത്രയം അനശ്വരമാക്കിയ പ്രശസ്തമായ ‘ജോഗോബൊനിറ്റോ‘ പ്ലേ സ്റ്റൈലിനു ശേഷം പുതിയൊരു ആക്രമണ കൂട്ടുകെട്ട് മുന്നണിയില്‍ ഒത്തു ചേരാത്തത് തന്നെയായിരുന്നു ടീമിന്റെ മുഖ്യ പ്രശ്നം.എന്നാല്‍ ആ കുറവ് നികത്താന്‍ യുവതാരങ്ങളുടെ പുതിയൊരു കൂട്ടുകെട്ട് മഞ്ഞക്കുപ്പായവുമിട്ട് കാത്തിരിക്കുന്നു എന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്.
ലോകഫുട്ബാളിലെ പുത്തന്‍ വാഗ്ദാനങ്ങളെന്ന് വിശേഷിപ്പിക്കുന്ന നെയ്മറും,ലൂകാസ് മൌറയും, ലിയണാഡോ ഡാമിയോയും ഒന്നു ചേരുന്ന പുതിയ അറ്റാക്കിംഗ് ഗ്രൂപ്പിന് ഒത്തിണക്കത്തോടെ പന്തുതട്ടാന്‍ കഴിഞ്ഞാല്‍ യൂറോപ്യന്‍ ക്ലബ് ലോകത്തെ ഒന്നാംനിര ഡിഫന്റര്‍മാര്‍ സ്വന്തമായുള്ള മഞ്ഞപ്പടക്ക് ഏതു ടീമുമായും ഏറ്റുമുട്ടാനുള്ള മികവുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
ഫുട്ബാളിന്റെ രാജാവായ പെലെയ്ക്കു ശേഷം ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനെ സൌത്ത് അമേരിക്കന്‍ ചാമ്പ്യന്‍സ് പട്ടം നേടിക്കൊടുത്തത് 2011 ലെ മികച്ച സൌത്ത് അമേരിക്കന്‍ പ്ലെയറായ നെയ്മറിന്റെ മിടുക്കായിരുന്നു. ഡ്രിബ്ലിംങ്ങും വേഗതയും ഗോളടിമികവും കൊണ്ട് പുതിയ പെലെ എന്ന് ഫുട്ബാള്‍ ലോകം വിശേഷിപ്പിക്കുന്ന നെയ്മറിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ മുന്‍ നിരക്ലബ്ബുകളായ ബാഴ്സിലോണയും റിയല്‍മാഡിഡും മത്സരിക്കുകയാണ്.
2011ലെ ഫിഫാ ലോകഫുട്ബാളര്‍ മത്സരത്തിലേക്ക് നോമിനേഷന്‍ ലഭിച്ച ഏക സൌത്ത് അമേരിക്കന്‍ കളിക്കാരന്‍ നെയ്മര്‍ ആയിരുന്നു എന്നതും ഈ ഇരുപതുകാരനെ ശ്രദ്ധേയനാക്കുന്നു.മികച്ച ഗോളിനായുള്ള ഫിഫയുടെ ഫ്രാങ്ക്പുഷ്കാസ് പുരസ്കാരം 2011ല്‍ സ്വന്തമാക്കിയ നെയ്മറിന്റെ ഗോളുകള്‍ തുടര്‍ച്ചയായി മികച്ച ഗോളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ 2014 വേള്‍ഡ്കപ്പില്‍ ബ്രസീലിന്റെ തുരുപ്പ് ചീട്ട് നെയ്മര്‍ തന്നെയായിരിക്കും എന്നതിന് തെളിവാണ്.
സാവോപോളോയുടെ അറ്റാക്കിംങ്ങ് മിഡ്ഫീല്‍ഡറായ ലൂകാസ് മൌറ ഒരേ സമയം ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന കളിക്കാരനാണ്.കരുത്തും ടാക്ലീംങ്ങ് മികവും സ്വന്തമായുള്ള ഈ 19 വയസ്സുകാരന്‍ ഏതു പ്രതിരോധപ്പൂട്ടും തുളച്ചു കയറാനുള്ള മിടുക്കുണ്ടെന്നാണ് സമീപകാലപ്രകടനങ്ങള്‍ കാണിക്കുന്നത്.
സാക്ഷാല്‍ റൊണാള്‍ഡോ തന്നെ തന്റെ പിന്‍ ഗാമിയായിക്കരുതുന്ന ലിയണാര്‍ഡോ ഡാമിയോ ബ്രസീലിയന്‍ ക്ലബ്ബായ ഇന്റെര്‍നാഷണലിന്റെ ഗോള്‍ മെഷീനാണ്.അര്‍ജെന്റീനക്കെതിരെ വിസ്മയിപ്പിക്കുന്ന ഒരു ട്രിക്കുമായി കാണികളെ അമ്പരപ്പിച്ച ഡാമിയോയും യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കെറ്റിലെ വിലപിടിപ്പുള്ള താരമാണ്.
2012 ഒളിമ്പിക്സിന് വേണ്ടിയും ബ്രസീലിന് വേണ്ടി ബൂട്ട് കെട്ടുന്നത് ഇതേ അറ്റാക്കിംഗ് ത്രയമായത് കൊണ്ട് തന്നെ വേള്‍ഡ് കപ്പിന് മുമ്പ് തന്നെ നാഷണല്‍ടീമിനായി ഒരുമിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.ആതിഥേയരായത് കൊണ്ട് യോഗ്യാതാമത്സരങ്ങളില്ല്ലാത്തതിന്റെ
പരിചയക്കുറവ് തീര്‍ക്കാന്‍ സൌഹൃദമത്സരങ്ങളും 2013ഇലെ കോണ്‍ഫെഡറേഷന്‍ കപ്പും മാത്രമേയുള്ളൂ എന്നത് വേള്‍ഡ്കപ്പിനൊരുങ്ങുന്ന ടീമിന് പരിചയക്കുറവുണ്ടാക്കും. പ്രത്യേകിച്ചും യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ചു പരിചയമില്ലാത്ത സ്ട്രൈക്കര്‍മാര്‍ ഫസ്റ്റ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍..എങ്കിലും ബാഴ്സലോണയുടെ ഡാനിയല്‍ ആല്‍വെസും എസി മിലാന്റെ തിയാഗോസില്‍വയും റിയല്‍ മാഡ്രിഡിന്റെ മാഴ്സലോയും ചെത്സിയുടെ ഡേവ്വിഡ് ലൂയിസും ചേരുന്ന പ്രതിരോധ നിര നല്‍കുന്ന മേധാവിത്വം അറ്റാക്കിംഗ് നിരക്ക് ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിഡ്ഫീല്‍ഡില്‍ എണ്ണയിട്ട യന്ത്രം പോലെ പായുന്ന റാമിറസും സാന്റോസിന്റെ പ്ലേമേക്കര്‍ ഗാന്‍സോയും പോര്‍ട്ടോയുടെ സ്ട്രൈക്കറ് ഹല്‍ക്കും കൂടി ഒത്തു ചേരുന്നതോടെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു ഫുട്ബാള്‍ കാവ്യം രചിക്കാന്‍ കളിയെഴുത്തുകാര്‍ക്ക് കാത്തിരിക്കാം.
ഓര്‍ക്കുക... ഇംഗ്ലണ്ട് ഗോളി സീമാനെ കാഴ്ചക്കാരനാക്കി വലയില്‍ ഊര്‍ന്നിറങ്ങിയ കരിയിലകിക്കുമായി ഫുട്ബാള്‍ ലോകത്ത് മാന്ത്രികത സൃഷ്ടിച്ച റോണാള്‍ഡീഞ്ഞോയും വിങ്ങുകളിലൂടെ തിരമാലകള്‍ പോലെ കയറി ഇറങ്ങുന്നതിനിടക്ക് ബുള്ളറ്റ് ഷോട്ടുകള്‍ കൊണ്ട് വല കുലുക്കുന്ന മൈക്കണും ഫുട്ബാള്‍ പ്രേമികളുടെ പ്രിയ താരവും മിഡ്ഫീല്‍ഡിലെ വസന്തവുമായ കാക്കയും ഒരു വിളിപ്പുറത്ത് കാത്തിരിപ്പുണ്ട്.
2014 ജൂലൈ 13ന്റെ രാവില്‍ സാംബാസംഗീതം അലയടിക്കുന്ന മാറക്കാന സ്റ്റേഡിയത്തിന്റെ മദ്ധ്യത്തില്‍ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികളെ തൊണ്ണൂറ് നിമിഷങ്ങളോളം പുളകം കൊള്ളിച്ചു കൊണ്ട് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ വാനിലുയരുന്ന കാനറിക്കൂട്ടത്തെ വരവേല്‍ക്കാന്‍ വിണ്ണില്‍ പൊട്ടിവിടരുന്ന പൂത്തിരിപ്പൂക്കള്‍ക്ക് ഒരേ നിറമായിരിക്കട്ടെ...മഞ്ഞയും പച്ചയും കലര്‍ന്ന ബ്രസീലിയന്‍ പതാകയുടെ അതേ നിറത്തില്‍ നൃത്തം ചവിട്ടുന്ന സാംബാസ്നേഹികള്‍ മാറക്കാനയുടെ മാസ്മരികതയില്‍ ചരിത്രത്തെ തിരുത്തിക്കുറിക്കുന്നത് കാണാന്‍ കാല്പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് ദിനങ്ങളെണ്ണി കാത്തിരിക്കാം.
മുനീര്‍ ഫുട്ബോളിന്‍റെ വലിയൊരു ഫാനാണെന്ന് വേറൊരു ബ്ലോഗ് വായിച്ചപ്പോള്‍ മനസ്സിലായിരുന്നു.ഫുട്ബോളിനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ധാരാളം ആരാധകരുണ്ടായിട്ടും ഇന്ത്യക്ക് എവിടേയും എത്തിപ്പെടാന്‍ കഴിയുന്നില്ലല്ലോ.നമുക്കും ആശിക്കാം ,അല്ലേ?
ReplyDeleteബ്രസീല്‍ ബ്രസീല്‍....ഞാനും ബ്രസീലിന്റെ ആരാധകനാണ്.
ReplyDeleteഅത്ര വിശദമായി കളിയെയും കളിക്കാരേയും നോക്കിക്കാണാത്തതിനാല്‍ മുനീര്‍ സൂചിപ്പിച്ചത് പോലുള്ള കാര്യങ്ങള്‍ ഒന്നും എനിക്കറിയില്ല. ഫുട്ബോള്‍ പണ്ട് മുതലേ ഇഷ്ടമാണ്. അന്ന് രാത്രി കാലങ്ങളില്‍ മത്സരങ്ങള്‍ കാണാന്‍ നാട്ടില്‍ ടീവി ഉള്ളിടങ്ങളില്‍ പോയിരുന്നു . ഇപ്പോള്‍ കളി കാണും എന്ന് മാത്രമേ ഉള്ളു.
ReplyDeletegreat one.. really love it.. njanum oru brazil fan thanne..
ReplyDeleteനന്ദി മുനീര്‍ ഭായ്.എനിക്കും താല്പര്യവും
ReplyDeleteഹരവുമുളള വിനോദമാണ് ഫുട്ബോള്‍.
കളികാണാനും,കളിയെപ്പറ്റിയും,കളിക്കാരെ
പറ്റിയും സാങ്കേതിക മികവോടെ സൂക്ഷ്മമായും,ചിട്ടയായും തയ്യാറാക്കിയ
ലേഖനം എന്നെ വളരെയേറെ ആകര്‍ഷിച്ചു! അഭിനന്ദനങ്ങള്‍.
ആശംസകളോടെ
അതെ ആകാംക്ഷയോടെ കാത്തിരിക്കുന്നു മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിന്...നല്ല പോസ്റ്റ്
ReplyDeleteഈ ഫുട്ബോള്‍ അവലോകനം ഏറെ ഹൃദ്യമായി
ReplyDeleteഎനിക്കറിയാത്ത താല്‍പ്പര്യമില്ലാത്ത കാര്യത്തെപ്പറ്റി ഞാനെന്തെഴുതാനാ മുനീര്‍?
ReplyDeleteആശംസകള്‍.
ഓണാശംസകള്‍ ആദ്യമേ നേരട്ടെ ... ഫുട്ബോള്‍ വിശേഷങ്ങള്‍ കഴിഞ്ഞു പുതിയ പോസ്റ്റൊന്നുമില്ലേ :) ...പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ) :))
ReplyDeleteപ്രിയ മുനീര്‍ കളി ചിലപ്പോള്‍ കാണും.അതും ഫുട്ബോള്‍ ...അല്ലാതെ കളിയെപ്പറ്റി ഒന്നും അറിഞ്ഞു കൂടാ.ആശംസകള്‍ !പുതിയ പോസ്റ്റുകള്‍ക്കു മെസ്സേജ് ഇടണേ..അതിനായി കാത്തിരിക്കുന്നു.
ReplyDeleteമുന്നീര്‍ ബായ് പുതിയ അപ്ടെഷന്‍ ഒന്നും കാണുന്നില്ലല്ലോ ,,എന്ത് പറ്റി ??
ReplyDelete