Sunday, May 25, 2014

ആരായിരിക്കും ബ്രസീലിൽ കപ്പുയർത്തുക ?


ലോകം മുഴുവൻ കാല്പന്തിന്റെ മാന്ത്രിക ചലനങ്ങളിലേക്ക് കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന കാഴ്ച്ചക്കിനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2014 ജൂൺ 12 ന് ബ്രസീലിലെ സാവോപോളോയിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കിക്കോഫ് ചെയ്യുന്ന വേൾഡ് കപ്പ് ജ്വരത്തിന് ഫൈനൽ വിസിൽ മുഴങ്ങുക ജൂലൈ 13ന് മാറാക്കാനാ സ്റ്റേഡിയത്തിൽ ഉദിച്ചുയരുന്ന ഫുട്ബാളിന്റെ രാജാക്കന്മാരുടെ ആർപ്പുവിളികളോടെയാവും. ആരായിരിക്കും കപ്പു നേടുക ? യോഗ്യത നേടിയ 32 രാജ്യങ്ങളും ടീമുകളെ പ്രഖ്യാപിച്ച് തന്ത്രങ്ങൾക്കും പരിശീലനങ്ങൾക്കും കോപ്പു കൂട്ടിക്കൊണ്ടിരിക്കുമ്പോൾ ആര് കപ്പ് നേടും എന്ന ചോദ്യത്തിന് ഫുട്ബാൾ പണ്ടിതരുടെ വിശകലനങ്ങൾക്കും പ്രവചനങ്ങൾക്കും കാതോർത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. അട്ടിമറികൾ നടത്തി വലിയ ടീമുകളെ ഞെട്ടിക്കാൻ കെല്പുള്ള ടീമുകൾ ഓരോ വേൾഡ് കപ്പിലും അണിനിരയ്ക്കാറുണ്ടെങ്കിലും ലോകകപ്പ് കിരീടം എന്ന നേട്ടത്തിലേക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ലോകഫുട്ബാളിലെ വമ്പൻ ടീമുകൾക്ക് തന്നെയാണ് ഈ ലോകകപ്പിലും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. 
                     അഞ്ച് കിരീടവുമായി ബ്രസീലും നാലു പ്രാവശ്യം കപ്പുയർത്തിയ ഇറ്റലിയും മൂന്ന് കിരീങ്ങൾ സ്വന്തം പേരിലെഴുതിയ ജെർമ്മനിയും രണ്ട് തവണ ലോക രാജാക്കന്മാരായ ഉറുഗ്വേയും അർജെന്റീനയും വേൾഡ് കപ്പ് വിന്നേഴ്സിന്റെ രാജകീയ ഗ്രൂപ്പിൽ ഇടം പിടിച്ച് ഇംഗ്ലണ്ടും ഫ്രാൻസും സ്പെയിനുമൊക്കെ ഫുട്ബാൾ ചരിത്രത്തിലെ ഒന്നാം നിര ടീമുകൾക്ക് വിധിക്കപ്പെട്ടതാണ് ലോകകപ്പെന്ന് തെളിയിച്ച് കഴിഞ്ഞു.. യാതൊരു സാധ്യതകളും കൽ*പ്പിക്കാത്ത ടീമുകൾ ടൂർണ്ണമെന്റിൽ അവിസ്മരണീയ പോരാട്ടം നടത്തി പ്രവ്ചനങ്ങളെ കാറ്റിൽ പറത്തി ജേതാക്കാളാകുന്ന കാഴ്ച വേൾഡ് കപ്പ് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും.എന്നാൽ ഫേവറിറ്റായി വന്ന് കപ്പടിച്ച നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ തെളിയിക്കുന്നത് പ്രതീക്ഷകളുടെ സമ്മർദ്ധങ്ങൾ ചാപ്യന്മാരാകുന്നതിനു തടസ്സങ്ങളില്ല എന്നതാണ്. അതു കൊണ്ട് തന്നെ മത്സരങ്ങൾ മുന്നേറുന്നതോടെ ടീം സ്പിരിറ്റിലും കളി മികവിലും ഫുൾ ഫോമിലെത്തുന്ന ടീമിന് കപ്പുയർത്താൻ സാധ്യത കൂടുതലാണെന്ന നിഗമനത്തിനാണ് കൂടുതൽ പ്രസക്തിയുള്ളത്.
                        യൂറോപ്യൻ കളിക്കളത്തിലെ കരുത്തിനും വിജയങ്ങൾക്കും മാർക്ക് കൊടുക്കുകയാണെങ്കിൽ 2010 വേൾഡ് കപ്പും 2012 യൂറോകപ്പും സ്വന്തമാക്കിയ സ്പെയിനിന് തന്നെയാണ് മുൻതൂക്കം. 
വേൾഡ് കപ്പിന് തൊട്ട് മുൻപുള്ള ചാമ്പ്യന്മാരുടെ പോരാട്ടമായ യുവേഫ ചാമ്പ്യസ് ലീഗ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന രണ്ട് ടീമും സ്പെയിന്റെ തന്നെ സംഭാവനകളായ റിയൽ മാഡ്രിഡും അത് ലെറ്റിക്കോ മാഡ്രിഡുമാണെന്നത് സ്പെയിന്റെ ആധിപത്യം അടിവരയിടുന്നു. യൂറോപ്പലീഗ് കിരീടം ഷോകേസ്സിലെത്തിച്ച സെവില്ലക്ക് പിറകേ ചാപ്യൻസ് ലീഗ് കിരീടം കൂടി സ്പെയിനിലേക്കെത്തുന്നതോടെ ലോകം വെട്ടിപ്പിടിക്കാൻ പൂർണ്ണമായ ആത്മ വിശ്വാസത്തോടെ തന്നെ കാളപ്പോരുകളുടെ നാട്ടുകാർക്ക് ബ്രസീലിൽ വിമാനമിറങ്ങാം. ഗോൾ കീപ്പർ കാസില്ലാസ്, മിഡ്ഫീൽഡേർസ് സാവി,ഇനിയസ്റ്റ,ഫാബ്രിഗാസ്, ഡേവിഡ് സിൽവ സ്ട്രൈക്കേഴ്സ് ഡേവിഡ് വില്ല,ഫെർണാണ്ടോ ടോറസ്, ബ്രസീലിൽ നിന്നും സ്പെയിനിലേക്ക് കൂട് മാറിയ സൂപ്പർ താരം ഡിയാഗോ കോസ്റ്റ തുടങ്ങി റിസർവ് ലിസ്റ്റിൽ വരെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ മികച്ച ഫോമിൽ പന്തു തട്ടുന്ന താര നിര ഏതു കോച്ചിനെയും അസൂയപ്പെടുത്തുന്നതാണ്. ടിക്കി ടാക്ക ശൈലിയുടെ പ്രചാരകരായ സ്പെയിൻ ടീം സമാനമായ ശൈലിയിൽ കളിക്കുന്ന ബാഴ്സലോണക്കും ബയേണ്മ്യൂണിച്ചിനും ച്യാമ്പ്യൻസ് ലീഗിലേറ്റ തിരിച്ചടി പാഠമാക്കി തന്ത്രങ്ങൾ രൂപപ്പെടുത്തിയാൽ കപ്പിൽ വീണ്ടും മുത്തമിടാൻ സാധ്യതകൾ കൂടുതലാണ്.
                    ലോകകപ്പിൽ ആതിഥേയർക്കുള്ള മേൽക്കോയ്മ പരിശോധിച്ചാൽ ഫുട്ബാളിന്റെ മണ്ണായ ബ്രസീലിൽ നിന്ന് മറ്റൊരു രാജ്യം കപ്പ് അടിക്കുമെന്ന് പറ്യാൻ ആരും ധൈര്യപ്പെടില്ല. ആദ്യ വേൾഡ് കപ്പ് അരങ്ങേറിയ 1930ൽ ഉറുഗ്വേയിൽ നിന്ന് തുടങ്ങി 34ൽ ഇറ്റലിയും 1966ൽ ഇംഗ്ലണ്ടും 1974ൽ ജെർമ്മനിയും 78 ൽ അർജെന്റീനയും 1998ൽ ഫ്രാൻസും കപ്പ് നേടിയത് സ്വന്തം രാജ്യത്ത് നടന്ന ടൂർണ്ണമെന്റിലായിരുന്നു എന്നത് ഗ്രൌണ്ട് സ്പ്പോർട്ട് എത്രത്തോളം വിജയത്തിന് ഘടകമാണെന്നത് മനസ്സിലാക്കിത്തരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിച്ച ബ്രസീൽ ടീമിലെ സൂപ്പർ സ്റ്റാറുകളെ വിജയത്തിന് വേണ്ടി പോരാടുന്ന ഒരു സംഘമാക്കി മാറ്റിയ കോച്ച് സ്കൊളാരിയുടെ തന്ത്രങ്ങൾക്ക് വില കൽ*പ്പിക്കുകയാണെങ്കിൽ ആറാം തവണയും ജേതാക്കളാകാനുള്ള ശക്തി ബ്രസീലിനുണ്ട്.
      വേൾഡ് കപ്പിന്റെ സാമ്പിൾ വെടിക്കെട്ടെന്ന് വിശേഷിപ്പിക്കുന്ന കോൺഫെഡറേഷൻ കപ്പിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചാമ്പ്യന്മാരെ തകർത്ത് കിരീടം നേടിയ കളി മികവ് വേൾഡ്കപ്പിലും നിലനിർത്തുകയാണെങ്കിൽ 2014ന്റെ ടീം ബ്രസീൽ തന്നെയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സൂപ്പർതാരം നെയ്മർ നയിക്കുന്ന അറ്റാക്കിങ്ങ് യൂണിറ്റിന് പിന്തുണയായി പ്രതിരോധത്തിൽ നിലയുറപ്പിക്കുന്നത് വേൾഡ്ക്ലാസ് ഡിഫെൻഡർമാരായ തിയാഗോസില്വ,ഡേവിഡ് ലൂയിസ്,ഡാനിയൽ ആല്വെസ്,മാഴ്സലോ എന്നീ താരങ്ങളാണെന്നത് തന്നെ സന്തുലിതമായ ഒരു ടീമാണ് ബ്രസീലിനുള്ളതെന്ന് വിളിച്ചോതുന്നു. ഒരേ സമയം ഡിഫെൻസീവും ഒഫെൻസീവുമായി കളിക്കാൻ കഴിയുന്ന കളിക്കാർക്ക് പ്രാമുഖ്യം നൽകി സ്കൊളാരി ഒരുക്കിയ ടീം ഒറ്റയാൾ പോരാട്ടങ്ങളേക്കാൾ ടീം വർക്കിനാണ് പ്രാധാന്യമെന്നത് വിജയങ്ങളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അമിത പ്രതീക്ഷകളുടെ സമ്മർദ്ധം കളിയെ ബാധിക്കാതിരുന്നാൽ ആറാം കിരീടമെന്ന് സ്വപ്നം യാദാർത്ഥ്യമാക്കാൻ ബ്രസീലിന് മുന്നിൽ വെല്ലുവിളികളില്ല.
                      സ്ഥിരതയാർന്ന പ്രക്ടനവും വിവിധ പൊസിഷനുകളിൽ യുവത്വവും പരിചയസമ്പത്തും സമാസമം ഒന്നിക്കുന്ന മികച്ച താരങ്ങളെ അണി നിരത്തിക്കൊണ്ട് എതിരാളികളെ പഠിച്ച് കളിക്കുന്ന ജെർമ്മനിയെ തോൽ*പ്പിക്കുക എന്നത് ഏത് ടീമിനും വെല്ലുവിളിയാണ്.    
      2010 വേൾഡ് കപ്പിൽ കാണികളെ കുളിരണിയിച്ച ജെർമ്മനിയുടെ അതിവേഗ ഫുട്ബാൾ സെമിയിൽ അവസാനിച്ചെങ്കിലും അതേ ടീമിന്റെ നെടും തൂണുകളായ ബാസ്റ്റ്യന്* ഷൈ്വന്സ്റ്റൈ ഗറും,തോമസ് മുള്ളറും ,മസ്യൂത് ഓസിലും ,മിറോസോവ് ക്ലോസെയും ക്യാപ്റ്റൻ ഫിലിപ്പ് ലാമും വീണ്ടും വരുമ്പോൾ കൂടെ കൂട്ട് പീടിക്കുന്നത് യുവ താരങ്ങളായ മാരിയോ ഗോട്സേയെയും,ടോണീ ക്രൂസിനെയും മാര്ക്കോക റോയ്സിനെയുമൊക്കെയാണ്. ലോകകപ്പിന്റെ സെമിഫൈനലുകളിലേക്ക് ഏറ്റവും കൂടുതൽ യോഗ്യത നേടിയിട്ടുള്ള ജെർമ്മൻ പടക്ക് ജയം എത്തിപ്പിടിക്കുന്നതിന് പെനാൾട്ടി ഷൂട്ടൌട്ടിൽ വരെ മുന്തൂക്കം നിലനിർത്താനുള്ള സാങ്കേതികത്തികവുണ്ട്.ഉന്നത നിലവാരമുള്ള കളിക്കാരും കോച്ച് ജോക്കിം ലോയുടെ തന്ത്രങ്ങളും പ്രായോഗികതയിൽ ശ്രദ്ധയൂന്നിയുള്ള മുന്നൊരുക്കങ്ങളുമൊക്കെ തുണയേകിയാൽ ബ്രസീലിൽ കൊടിയുയർത്താൻ ജെർമ്മൻ പടയ്ക്ക് നല്ല സാധ്യതകളുണ്ട്. നിർണ്ണായക പോരാട്ടങ്ങളിൽ തല കുനിക്കുന്ന സമീപകാല ചരിത്രത്തെ മറികടക്കുക എന്ന ദൌത്യം തന്നെയാണ് ജെർമ്മനിക്ക് ബ്രസീലിൽ നിറവേറ്റാനുള്ളത്. 
                   വേൾഡ് ഫുട്ബാളിലെ സൂപ്പർ അറ്റാക്കിങ്ങ് ജോഡികളുമായാണ് അർജെന്റീന പരമ്പരാഗത വൈരികളുടെ നാട്ടിൽ ബൂട്ട് കെട്ടാനിറങ്ങുന്നത്. ഏക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന അർജെന്റീനയുടെ സൂപ്പർ താരം ലിയണൽ മെസ്സിക്കിനി നേടാനുള്ളത് ലോകകപ്പ് കിരീടം മാത്രം. മറഡോണയുടെ മാന്ത്രികക്കാലുകൾ ഒറ്റയാൾ പോരാട്ടം നടത്തി നേടിക്കൊടുത്ത 1986 ലെ വേൾഡ് കപ്പ് പോലെ മെസ്സിയും അൽഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത് .
കൂട്ടിന് മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയും നപ്പോളിയുടെ ഗോൺസാലോ ഹിഗ്വൈനും കൂടിച്ചേരുമ്പോൾ ആക്രമണ ഫുട്ബാളിന്റെ കരുത്തിന്റെ മികവിൽ എതിരാളിയെ കീഴടക്കാൻ അർജെന്റീനക്ക് കഴിയുമെന്ന് തന്നെ വിശ്വസിക്കണം . ലാറ്റിനമേരിക്കൻ യോഗ്യതാറൌണ്ടിൽ ഒന്നാമതെത്തിയതും നാഷണൽ ടീമിനു വേണ്ടി മെസ്സി ഗോളടിക്കാൻ തുടങ്ങിയതും കപ്പ് നേടാനുള്ള അർജെന്റീനയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ദുർബലമായ പ്രതിരോധം മറ്റു വലിയ ടീമുകളെ അപേക്ഷിച്ച് അർജെന്റീനയ്ക്ക് തിരിച്ചടിയാണ്. കാർലോസ് ടെവസ് എന്ന ഫോമിലുള്ള സ്ട്രൈക്കർക്ക് പരിചിതമായ ബ്രസീലിയൻ മണ്ണിൽ പന്തു തട്ടാൻ അവ്സരം കൊടുക്കാത്തതും പ്രതികൂല ഘടകമാണ്. എങ്കിലും ലാറ്റിനമേരിക്കയിൽ കളിക്കുന്ന ആനുകൂല്യവും സെമി ഫൈനൽ വരെ സുഗമമായി എത്താൻ കഴിയുന്ന ടൂർണ്ണമെന്റ് ഫിക്സച്ചറും സൂപ്പർസ്റ്റാർ ലിയണൽ മെസ്സി നൽകുന്ന മുന്തൂ*ക്കവും വേൾഡ് കപ്പ് ഫേവറിറ്റുകളുടെ ലിസ്റ്റിൽ അർജെന്റീനയ്ക്ക് ഇടം നൽകുന്ന കാരണങ്ങളാണ്.
                         ലോകകപ്പ് മത്സരങ്ങളിൽ എന്നും നിലവാരം പ്രകടിപ്പിക്കുന്ന ടീമുകളിലൊന്നാണു ഇറ്റലി.
 ശക്തമായ് പ്രതിരോധ നിര കൊണ്ട് എതിർ ടീമുകളെ തളയ്ക്കാൻ കഴിയുന്ന ഇറ്റലിക്ക് സ്ട്രൈക്കർ ബലോട്ടല്ലിയുടെ ഫോം നിർണ്ണായകമായിരിക്കും.ഇംഗ്ലണ്ട് പഴയ് പ്രതാപത്തിന്റെ അടുത്തൊന്നുമില്ലെങ്കിലും വെയ്ൻ റൂണിയെന്ന സൂപ്പർ താരത്തിനോടൊപ്പം മറ്റ് യുവതാരങ്ങൾ ചേർന്ന് കളിക്കുമ്പോൾ അത് വിജയത്തിലെത്തിക്കാൻ കഴിയുന്നതിനനുസരിച്ചിരിക്കും ടൂർണ്ണമെന്റിലെ പുരോഗതി. ഇറ്റലിയും ഉറുഗ്വേയും ചേർന്നുള്ള മരണഗ്രൂപ്പിൽ നിന്ന് മുന്നേറുക എന്ന വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.
                    വാൻ പേഴ്സിയും ആര്യൻ റോബനും നയിക്കുന്ന ഹോളണ്ട് അറ്റാക്കിങ്ങിന് 2010 വേൾഡ് കപ്പിൽ മികച്ച കളി കാഴ്ച്ചവെച്ച സ്നീഡറിന്റെ പിന്തുണ കൂടി നേടുകയാണെങ്കിൽ സ്പെയിനും ചിലിയുമുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ കഴിയും.

        രണ്ടാം സ്ഥാനത്തെത്തുകയാണെങ്കിൽ സാക്ഷാൽ ബ്രസീലിനെത്തന്നെ നേരിടേണ്ടി വരുമെന്ന അപകടവും മുന്നിലുണ്ട്. 

പോർച്ചുഗലിന് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ചിറകിൽ തന്നെ പറക്കണം.നിലവിൽ ഫോമിൽ കളിക്കുന്ന 2014ലെ വേൾഡ് ഫുട്ബാളർക്ക് ലോക കപ്പ് സ്വന്തമാക്കുന്നതിന് ജെർമ്മനിയും ഘാനയുമുൾപ്പെട്ട ശക്തമായ ഗ്രൂപ്പിൽ നിന്ന് ജയിച്ച് മുന്നേറുക തന്നെ വേണം.



 പ്ലേഓഫ് കളിച്ച് യോഗ്യത നേടിയ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ പ്രതീക്ഷകൾ മുന്നേറ്റ നിരയിലെ കരീം ബെൻസേമയിലും 2013 ലെ യൂറോപ്യൻ ബെസ്റ്റ് പ്ലെയറായ ഫ്രാങ്ക് റിബറിയിലുമാണ്. 
മിഡ്ഫീൽഡിൽ നിന്നും ഉദിച്ചുയരുന്ന പുത്തൻ വാഗ്ദാനം പോൾ പോഗ്ബയും കൂടിച്ചേരുമ്പോ*ൾ സിദാന്റെ നാട്ടുകാർക്ക് സൌത്ത് ആഫ്രിക്കൻ വേൾഡ് കപ്പിലെ നാണക്കേട് മായ്ച്ച് കളയാൻ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.
                   കോപ്പാ അമേരിക്കൻ ചാമ്പ്യന്മാരായ ഉറുഗ്വെ എന്നെത്തെയും പോലെ അവസാന അങ്കത്തിൽ കടമ്പ കടന്നാണ് ലോകകപ്പിനെത്തുന്നത്. ബ്രസീലിൽ കപ്പെടുത്ത ചരിത്രം കൂട്ടിനുള്ള ഉറുഗ്വേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബെസ്റ്റ് പ്ലെയറായ ലൂയിസ് സുവാരസും , പി.എസ്. ജി താരം എഡിസൺ കവാനിയും വെറ്ററൻ താരം ഡിയാഗോ ഫോർലാനും ചേർന്നുള്ള കൂട്ട്കെട്ടിൽ പ്രതീക്ഷയർപ്പിക്കാം.    
അത് ലെറ്റിക്കോ മാഡ്രിഡ് താരം ഡിയാഗോ ഗോഡിൻ, ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേര തുടങ്ങി മികച്ച താരങ്ങളാൽ സമ്പന്നമായ ഉറുഗ്വേക്ക് സ്ഥിരത നില നിർത്താനായാൽ മാറാക്കാന വീണ്ടും സ്വപ്നം കണ്ട് തുടങ്ങാം. 
ഏഷ്യൻ ടീമുകളിൽ ഹോണ്ടയും കഗാവയും അണി നിരക്കുന്ന ജപ്പാന് തന്നെയാണ് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ളവർ.
യൂറോപ്യൻ ടീമുകളിൽ ഇടം പിടിച്ചിട്ടുള്ള കളിക്കാരെക്കൊണ്ട് സമ്പന്നമായ ജപ്പാനിൽ തന്നെയാണ് ഏഷ്യക്ക് പ്രതീക്ഷിക്കാനുള്ളതും. ആഫ്രിക്കയിൽ നിന്ന് ഘാനയും ഐവറി കോസ്റ്റും നെയ്ജീരിയയും വലിയ ടീമുകൾക്കെതിരെ ഏറ്റുമുട്ടാൻ ശേഷിയുണ്ടെന്ന് തെളിയിച്ചവരാണ്.
ദിദിയർ ദ്രോഗ്ബയും ജെർവീഞ്ഞോയും യായാടുറോയുമൊക്കെ ഐവറി കോസ്റ്റിന് നൽകുന്ന ആധിപത്യം റിസൾട്ടിലേക്ക്ത്തിക്കുമോ എന്നത് ആഫ്രിക്കൻ ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യോഗ്യതാറൌണ്ടിൽ മുടന്തി വന്നതാണെങ്കിലും ഒളിമ്പിക്സ് സർണ്ണമെഡൽ നേടിയ മെക്സിക്കൻ യുവനിരയുടെ കരുത്ത് തള്ളിക്കളയാൻ കഴിയില്ല്. ജാവിയർ ഹെർണാണ്ടസും ജിയോവാനി ദോസ് സാന്റോസും ഫോർവേഡുകളായി കളിക്കുന്ന മെക്സിക്കൻ ടീം വേൾഡ് കപ്പിൽ മികച്ച പോരാട്ടങ്ങൾ നടത്തി മികവ് തെളിയിച്ചവരാണ്.
                      പ്രവ്ചനങ്ങളെ അട്ടിമറിച്ച് കറുത്ത കുതിരകളായി മുന്നേറുന്ന ടീമുകൾ ഓരോ വേൾഡ് കപ്പിന്റെയും അൽഭുത കാഴ്ചയാണ്. ബ്രസീൽ വേൾഡ് കപ്പിൽ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീമുകളാണ് ബെൽജിയവും കൊളംബിയയും ചിലിയും. യൂറോപ്പിൽ തിളങ്ങി നിൽക്കുന്ന ഒരു കൂട്ടം താരങ്ങളുമായാണ് ബെൽജിയം ബ്രസീലിലെത്തുന്നത് .
മാഞ്ചസ്റ്ററ് സിറ്റിയുടെ ഡിഫന്റർ വിൻസന്റ് കൊമ്പനി,അത് ലെറ്റിക്ക് മാഡ്രിഡിന്റെ ഗോൾകീപ്പർ കൊർട്ടോയിസ്,മാഞ്ചസ്റ്ററ് യുണൈറ്റെഡിന്റെ മിഡ്ഫീൽഡർ ഫെല്ലൈനി, എവർട്ടൻ താരം ലുക്കാക്കു ചെത്സിയുടെ മുന്നേറ്റപ്പോരാളി എഡിൻ ഹസാർഡ് തുടങ്ങി സൂപ്പർസ്റ്റാറുകളാൽ സമ്പന്നമായ ബെൽജിയം കടലാസിലെ കളി കളിക്കളത്തിലെടുത്താൽ എതിരായെത്തുന്ന വമ്പൻ ടീമുകൾ തോൽക്കുന്ന കാഴ്ചക്ക് ഈ വേൾഡ് കപ്പ് സാക്ഷ്യം വഹിക്കും.
ലാറ്റിനമേരിക്കൻ യോഗ്യത റൌണ്ടിൽ അർജെന്റീനക്ക് തൊട്ട് പിറകെ രണ്ടം സ്ഥാനം സ്വന്തമാക്കിയ കൊളംബിയ ലോകകപ്പിനു മുന്നോടിയായി നടന്ന സൌഹൃദമത്സരങ്ങളിലെല്ലാം ബിഗ്ടീമുകളെ വിറപ്പിച്ച് ബ്രസീലിൽ കരുത്ത് തെളിയിക്കുമെന്ന ദൃഢപ്രതിജ്ഞയുമായാണെത്തുന്നത്. പരിക്കിൽ നിന്ന് മോചിതനായെത്തുന്ന ലോകോത്തര ഫോർവേഡ് റഡാമൽ ഫൽകാവോയുടെ ബൂട്ടുകൾ വീണ്ടും വലകുലുക്കിത്തുടങ്ങിയാൽ വാൾഡർമയുടെയും ഹിഗ്വിറ്റയുടെയും പിൻ ഗാമികൾക്ക് ബ്രസീലിൽ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വരില്ല. സ്പെയിനും ഹോളണ്ടുമടങ്ങുന്ന ഗ്രൂപ്പിലുൾപ്പെട്ടത് മാത്രം പ്രതികൂലമായി നിൽക്കുന്ന ചിലിക്ക് രണ്ടാം റൌണ്ടിൽ എത്തിപ്പെടാൻ കറുത്ത കുതിരകളാകുക തന്നെ വേണം.
ബാഴ്സലോണയുടെ താരം അലക്സി സാഞ്ചസും യുവന്റ്സിന്റെ കളിക്കാരൻ ആർതുറോ വിഡാലും ഒന്നിക്കുന്ന ചിലിയുടെ ആക്രമണവീര്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആദ്യത്തെ അട്ടിമറി ഈ ഗ്രൂപ്പിൽ നിന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

               കണക്കുകളും ചരിത്ര വസ്തുതകളും വെച്ചുള്ള പല നിഗമനങ്ങളും ഫുട്ബാൾ ലോകം ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്ന് കപ്പെടുക്കാൻ യൂറോപ്യൻ ടീമുകൾക്കിതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ തുടർച്ചയായി കപ്പ് യൂറോപ്പിന് വിട്ട് കൊടുക്കാൻ ലാറ്റിനമേരിക്ക സമ്മതിച്ചിട്ടില്ല. 2006ൽ ഇറ്റലിയും 2010ൽ സ്പെയിനും നേടിയത് കൊണ്ട് തന്നെ മൂന്നാമൂഴം ലാറ്റിനമേരിക്കൻ രാജ്യത്തിനാണെന്ന് കണക്ക് കൂട്ടി കാത്തിരിക്കുന്നവരുമുണ്ട്. 2010 ല് പേൾ നീരാളി നടത്തിയ പ്രവചനങ്ങളുടെ കൃത്യതയിൽ ആകൃഷ്ടരായി 2014ലും പുതിയ പേളുകൾക്കായുള്ള അന്വേഷണങ്ങൾ നടത്തുന്നവരുമുണ്ട്. ഒരു കാര്യമുറപ്പാണ് ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന ബ്രസീലിയൻ ആരാധകർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ ആരു ജയിച്ചാലും അത് ഫുട്ബാൾ പ്രേമികൾക്ക് നല്ലൊരു വിരുന്നൂട്ട് തന്നെയായിരിക്കും.

 പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ട് ബ്രസീൽ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ലോകകപ്പിന്റെ പന്ത് ‘ബ്രസൂക്ക‘ മൈതാനങ്ങളിലൂടെ മൂളിപ്പറക്കുമ്പോൾ എല്ലാം മറന്ന് ഫുട്ബാളിനായി ഒത്തുകൂടാതിരിക്കാൻ സിരകളിൽ ഫുട്ബാൾ ലഹരിയൊഴുകുന്ന നാട്ടുകാർക്ക് കഴിയില്ലെന്ന് തന്നെ കരുതാം. ലോകത്തെ ഫുട്ബാൾ പ്രേമികൾ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതും ആ പ്രതീക്ഷകളോടെയാണ്.

6 comments:

  1. നല്ല വിവരണം
    ആശംസകള്‍

    ReplyDelete
  2. വളരെ വിശദമായ വിവരണം മറന്നിരുന്ന പലതിനേയും വീണ്ടും മിനുക്കിയെടുക്കാന്‍ സാധിച്ചു.

    ReplyDelete
  3. മുനീറിന്റെ ബ്ലോഗില്‍ മുമ്പൊരിക്കല്‍ ഇത് പോലൊരു കുറിപ്പ് വായിച്ചത് ഓര്‍ക്കുന്നു. മനോഹരമായ അവതരണം, കാല്‍പന്ത് കളിയുടെ മാമാങ്കത്തിനു ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അതിന്‍റെ പാശ്ചാത്തലത്തില്‍ ഈ പോസ്റ്റിനു നൂറുമേനിയുടെ തിളക്കമുണ്ട് . ആശംസകള്‍.

    ReplyDelete
  4. കാൽ പന്തിന്റെ ആരവുങ്ങളുമായി
    വീണ്ടും ബൂലോഗ പ്രവേശം നടത്തിയതിന്
    ഒരു കൂപ്പുകൈ കേട്ടൊ ഭായ്.
    എല്ലാം നന്നായി പ്രതിപാദിച്ചിരിക്കുന്നു.
    പിന്നെ
    ഇത്തവണ ചിലപ്പോൾ കറുത്ത
    കുതിരകളായി, കൊളംബിയ വരുമെന്നാണ്
    ബ്രിട്ടനിലെ വാതുവെപ്പുകൾ സൂചിപ്പിക്കുന്ന വസ്തുത..!

    ReplyDelete
  5. @ CV Thankappan,പട്ടേപ്പാടം റാംജി
    വായനക്കും അഭിപ്രായത്തിനും നന്ദി .ആശംസ്കൾ

    @ ഫൈസല്‍ ബാബു

    നന്ദി ഫൈസൽ ബാബു.. ഇതിനു മുൻപ് ബ്രസിലിനെക്കുറിച്ചൊരു ലേഖനമുണ്ടായിരുന്നു,,,അതൊന്നു പൊടിതട്ടിയെടുക്കണമെന്ന് കരുതുന്നു :) വേൾഡ് കപ്പ് ഫീവർ അടുത്ത് വന്നിരിക്കുന്ന ഈ സമയത്തേ ഫുട്ബാൾ ലേഖനക്ക് വായനക്കാരെ കിട്ടൂ... ആശംസ്കൾ

    @ബിലാത്തിപട്ടണം Muralee Mukundan

    നന്ദി മുരളിയേട്ടാ... കൊളംബിയക്ക് അട്ടിമറിക്കാനുള്ള എല്ലാ കെൽ‌പ്പുമുണ്ട്. പക്ഷേ സ്റ്ട്രൈക്കർ ഫൽകാവോയുടെ പരിക്ക് മാത്രമാണ് ഒരു പ്രശ്നം. കറുത്ത കുതിരകൾ കപ്പെടുക്കുകയാണെങ്കിൽ അതായിരിക്കും ഈ വേൾഡക്പിന്റെ പ്ലസ്സ് ..


    ReplyDelete
  6. ആ പാവം പോള്‍ ഉണ്ടായിരുന്നെങ്കില്‍.....!!!

    നല്ല ലേഖനം, മുനീര്‍.

    ReplyDelete