Monday, March 21, 2011

പ്രതിഷേധത്തിന്ടെ ആദ്യപാഠം!

           ല്ലിപ്പാന്ടെ കയ്യും പിടിച്ചാണ് ഞാന്‍ വീട്ടിലേക്കുള്ള അരിയും സാധങ്ങളും വാങ്ങാനായി ആ പീടികയില്‍ പോയിത്തുടങ്ങിയത്. അബ്ബോസാക്കാന്ടെ പലചരക്കു കട. ഉപ്പു മുതല്‍ കറ്പ്പൂരം വരെ നിറഞ്ഞിരിക്കുന്ന ഈ കടയില്‍ നിന്നാണ് നാട്ടുകരൊക്കെ സാധനങ്ങള്‍ വാങ്ങുന്നത്. വെള്ളക്കുപ്പായവും മുട്ടിനു മേലേക്ക് മടക്കികുത്തിയ വെള്ളത്തുണിയും ചെവിയുടെ ഇടയില്‍ തിരുകി വെച്ച ഒരു പേനയും ഉച്ഛത്തിലുള്ള സംസാരരീതിയും ചിരിയുമൊക്കെയായി അബ്ബോസാക്ക കടയില്‍ നിറഞ്ഞു നില്‍ക്കും. ആ‍ കടയില്‍ നിന്നു കടം വാങ്ങുമ്പോള്‍ കണക്കു കൂട്ടി വെക്കാനൊരു ചെറിയ പുസ്തകവും കൂട്ടിനുണ്ടായിരുന്നു.മാസാവസാ‍നം അബ്ബോസാക്ക തെങ്ങുകയറ്റക്കാരന്‍ ചാമിയെ വിട്ട് പറമ്പിലെ തേങ്ങ മുഴുവനിട്ട് അതിനൊരു വിലയുമിട്ട് വരവു വെക്കും.വാങ്ങിയ സാധനങ്ങളുടെ വിലയേക്കാള്‍ തേങ്ങാ‍വില മുന്നില്‍ നില്‍ക്കുമെങ്കിലും എന്തോ അബ്ബോസാക്കെന്നും കടം വാങ്ങുമ്പോള്‍ ഒരു പുച്ഛമാണ്.അതു പ്രകടമാക്കാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളിലൊക്കെ അയാളതു ചെയ്യാനും മടിക്കില്ല.
                    അതറിഞ്ഞു കൊണ്ടു തന്നെ വീട്ടില്‍ നിന്ന് എഴുതിത്തരുന്ന ലിസ്റ്റ് ഒന്നു പരിഷ്കരിച്ചിട്ടേ ഞാന്‍
കൊടുക്കാറുള്ളൂ.കുറേകാലം കളിയാക്കല്‍ കേട്ടു കൊണ്ട് ഞാന്‍ തന്നെ ചെയ്ത ഒരു രീതിയാണത്.കഷ്ടകാലത്തിനു
വല്ല കണ്ണന്‍ ദേവന്‍ ചായപ്പൊടി അരകിലോന്നോ,പിയേഴ്സ് സോപ്പ് ഒരെണ്ണമെന്നോ,കോള്‍ഗേറ്റ് പേസ്റ്റ് വലുതെന്നോ ഒക്കെ എഴുതിയാല്‍ തീര്‍ന്നു കഥ..!   അബ്ബോസാക്കാന്‍റെ മുഖത്ത് ദേഷ്യം കാണുമെന്നു മാത്രമല്ല, വൈകാതെ അതു പ്രകടമാക്കുകയും ചെയ്യും..
         “എന്താപ്പോണ്ടൊരു പവറ്ന്നോ..കടം വാങ്ങുമ്പോ അയിന്ടെ ചേല്ക്കുള്ളത് വാങ്ങിയാപ്പോരെ..”പിന്നൊരു
കളിയാക്കിക്കൊണ്ടുള്ള ചിരിയും!
      ആള്‍ക്കാരുടെ ഇടയില്‍ നിന്നു ഈ രീതിയിലുള്ള വര്‍ത്തമാനം പറഞ്ഞാല്‍ ആകെ വഷളാവുമെന്ന് ചുരുക്കം.
അതു കൊണ്ടു സാധനങ്ങള്‍ വാങ്ങിക്കുമ്പോ അളന്നു മുറിച്ചേ വാങ്ങാന്‍ പറ്റൂ. 50(മില്ലിലിറ്റര്‍) വെളിച്ചണ്ണ,100 നല്ലെണ്ണ,50 ഗ്രാം ചായപ്പൊടി(ലൂസ്), 100 ഗ്രാം പഞ്ചസാര,100 ഗ്രാം വെണ്ടക്ക,150 ഗ്രാം കുമ്പളങ്ങ...
ഇതു പോലെ പോകും ലിസ്റ്റ്.ബുക്കില്‍ കടം വാങ്ങുന്നതു കൊണ്ടുള്ള ഈ ഇരട്ടത്താപ്പ് ഇവിടം കൊണ്ടും തീരില്ല.
എത്ര നേരത്തെ ചെന്നാലും സാധനങ്ങള്‍ കയ്യില്‍ കിട്ടിപ്പോരണമെങ്കില്‍ ഒത്തിരി താമസം പിടിക്കും.കാശും കൊണ്ട് വരുന്നവര്‍ക്ക് കൊടുത്തതിനു ശേഷമേ നമുക്കുള്ളത് എടുക്കാന്‍ തുനിയുകയുള്ളൂ.ഗള്‍ഫുകാരുടെ വീട്ടില്‍ നിന്നുള്ളവരാണെങ്കില്‍ കടം വാങ്ങുമ്പോഴും ആര്‍ഭാടത്തോടെ തന്നെ വാങ്ങാം. അബ്ബോസക്കാടെ മുഖം കറുക്കില്ലാന്ന് മാത്രമല്ല,ആവേശത്തോടെ എടുത്തു കൊടുക്കാനും കൊച്ചു വര്‍ത്തമാനം പറയാനും മുന്‍പന്തിയിലുണ്ടാവും. മനസ്സിലെ അനിഷ്ടം പുറത്തു കാണിക്കാതെ ഞാന്‍ അതീവ ക്ഷമയോടെ എല്ലാം കണ്ടില്ലെന്ന് നടിച്ചു.

അങ്ങനെയിരിക്കെ വീട്ടില്‍ വിരുന്നുകാര്‍ വന്ന ഒരു വൈകുന്നേരം നാലരമണിക്ക് സാധനങ്ങള്‍ വാങ്ങാനായി
 ഞാന്‍ വീണ്ടും കടയില്‍ ചെന്നു. ലിസ്റ്റിലെ നേന്ത്രപ്പഴവും, അവിലും, മിക്സ്ച്ചറുമൊന്നും അബ്ബോസാക്കാക്കു കണ്ണില്‍ പിടിക്കില്ലാന്ന കാര്യം എനിക്കെപ്പോഴേ തോന്നിയതാണ്.എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതിയാണ് പോയത്.വിചാരിച്ചപോലെതന്നെ അബ്ബോസാക്ക ബുക്കു മേടിച്ചു വായിച്ചു നോക്കി പീടികയുടെ ഒരു മൂലയില്‍ കൊണ്ടു വെച്ചു. അധികം തിരക്കില്ലാതിരുന്നിട്ടും ഒന്നും എടുത്തു തരാതെ ആരോടോ നാട്ടു വര്‍ത്തമാനം
പറഞ്ഞിരുന്നു.പിന്നെ കാശുമായി വരുന്നവറ്ക്കു എടുത്തു കൊടുക്കുകയല്ലാതെ നമ്മുടെ പുസ്തകത്തെ തിരിഞ്ഞു നോക്കുന്നില്ല..ഇടക്കിടെ ഞാന്‍ ഓര്‍മ്മപ്പെടുത്തിയെങ്കിലും അറിയാത്ത ഭാവം നടിച്ചു!  മൂന്നാം ക്ലാസിലെ പാഠ പുസ്ത്കത്തില്‍ സുശീല എന്ന പവം കുട്ടി റൊട്ടി വാങ്ങാന്‍ തിരക്കുകൂട്ടാതെ ക്ഷമയോടെ നിന്ന കഥ മനസ്സില്‍ ഒരു പാഠമായിട്ടുണ്ടായിരുന്നെകിലും സമയം ഏഴരയായതോടെ എന്‍റെ ക്ഷമ നശിച്ചിരുന്നു..ഞാന്‍ പുസ്തകവും സഞ്ചിയുമെടുത്തു വീട്ടിലേക്കോടി.വന്ന വിരുന്നുകാരൊക്കെ എപ്പോഴേ പോയ്ക്കഴിഞ്ഞിരുന്നു..
               കാര്യങ്ങളുടെ ഒരു എകദേശ രൂപം ഞാന്‍ ഉപ്പാനെ പറഞ്ഞു മനസ്സിലാക്കി.ഉപ്പ ഒന്നും മിണ്ടാതെ പുസ്തകമെടുത്തു എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു.പിറ്റേ ദിവസം അബ്ബോസാക്കാന്‍റെ കടയില്‍ നിന്നുള്ള വാങ്ങല്‍ നിറ്ത്താനും കടപുസ്തകത്തിലെ കണക്കു കൂട്ടി ക്കൊണ്ടു വരാനും ഉപ്പ പറഞ്ഞതനുസരിച്ചു ഞാന്‍ അവിടേക്കു പോയി.അബ്ബോസാക്ക ഒരോ പേജും കൂട്ടി അവസാനം ഒരു സ്ഥിരം കളിയാക്കല്‍ ചിരിയോടെ അടുത്തു കണ്ട ഒരാളോടു പറഞ്ഞു.
      “നോക്ക് ന്ടെ അംസക്കുട്ട്യേ.. ഇബന്‍റെ പ്പ എഴുതിക്കൂട്ടി വെച്ച് ക്കണത്..ഇക്കങ്ങണ്ട് പോരായിയയിട്ടെയ്...ഹഹ..അല്ലെങ്കിലും ഓന്‍ ഇമ്മാതിരി പൊട്ടത്തരങ്ങള്‍ ന്നെക്കൊണ്ട് വായിപ്പിച്ചില്ലെങ്കിലേ നോക്കണ്ടൂ..ഓന്‍റെ പാറ്ട്ടി ചോപ്പല്ലേ.. ...ഇഹ്ഹഹഹഹ..”      അയാളും അതില്‍ നോക്കി ചിരിച്ചു.
             അവസാനത്തെ പരിഹാസമല്ലേന്ന് കരുതി ഞാനും ചിരിക്കാനൊപ്പം കൂടി.    കാലങ്ങളായുള്ള അബ്ബോസാക്കാന്ടെ പീടികയിലെ കടം വാങ്ങല്‍ അന്നത്തോടെ തീര്‍ന്നു.വീട്ടിലേക്കുള്ള യാത്രക്കിടെ എഴുതിയതു ഞാനും വായിച്ചു നോക്കി.       “എന്‍റെ മകന്‍ വൈകുന്നേരം നാലരക്ക് കടയിലെത്തിയിട്ടും ഏഴരവരെ ഒന്നും കിട്ടാതെ സഹികെട്ട് കാലി സഞ്ചിയുമായി വീട്ടില്‍ തിരിച്ചെത്തി.ഇന്ന് മുതല്‍ ഈ കടയില്‍ നിന്നുള്ള സാധനങ്ങള്‍ ഞങ്ങള്‍ ബഹിഷ്കരിക്കുന്നു.”     ഇങ്ങനെയൊരു കുറിപ്പെഴുതി പ്രതിഷേധം അറിയിച്ചതു കൊണ്ട് അബ്ബോസാക്കാക്ക് ഒന്നും സംഭവിച്ചില്ലായിരിക്കാം..മറ്റൊരു കടയിലെ കടം വാങ്ങലിലെ ദുഷ്കരമാ‍യ സാഹചര്യത്തിലേക്ക് ഞാന്‍ എത്തിപ്പെട്ടിരിക്കാം.എങ്കിലും അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗമുണ്ട് എന്ന് എനിക്ക് ബോധ്യമാക്കിത്തന്ന ഒരനുഭവമായിരുന്നു അത്.

41 comments:

  1. ശ്രീനിവാസന്‍ അറബിക്കഥയില് ആരും കാണാതെ ഒറ്റക്ക് ‘ഇങ്കുലാബ് സിന്ദാബാദ്’ വിളിച്ച പോലെയാണെങ്കിലും പ്രതിഷേധിക്കേണ്ട കാര്യത്തില്‍
    ചെയ്തല്ലേ പറ്റൂ..:)

    ReplyDelete
  2. അഭിമാനിയായ ആ ഉപ്പാന്റെ പ്രവൃത്തി ഞാനും അംഗീകരിക്കുന്നു.

    ReplyDelete
  3. ചിലർ അങ്ങിനെയാണ് .നിവൃത്തികേടിനെ പരിഹസിക്കും. അത് വലിയ കാര്യമാണെന്ന് കരുതുകയും ചെയ്യും.. ഉപ്പാടെ പ്രതികരണത്തോടൊപ്പം ഈ ഞാനും

    ആശംസകൾ

    ReplyDelete
  4. OT

    അന്ന് ഗൾഫുകാരന്റെ വീട്ടുകാർക്ക് മുൻഗണന കിട്ടിയിരുന്നെങ്കിൽ ഇന്ന് ഗൾഫുകാരന് കിട്ടുന്നത് വെറും അവഗണന..കാരണം മിക്ക ഗൾഫുകാരും ഇന്ന് വിലപേശി സാധനം വാങ്ങാൻ തുടങ്ങിയിരിക്കുന്നു :)

    ReplyDelete
  5. ഇങ്ക്വിലാബ് സിന്ദാബാദ്, ഇങ്ക്വിലാബ് സിന്ദാബാദ്
    നന്നായിട്ടുണ്ട് മുനീറെ

    ReplyDelete
  6. മാന്യമായ പ്രതികരണങ്ങള്‍ക്ക് എപ്പോഴും ലഭിക്കുന്ന പ്രതികരണം പുച്ഛം തന്നെ.

    ReplyDelete
  7. @ mayflowers
    അഭിപ്രായത്തിനു നന്ദി..അഭിമാ‍നമുള്ളവര്‍ അനീതി കണ്ടാല്‍ മുന്നും പിന്നും നോക്കാതെ തന്നെ പ്രതികരിക്കും..
    @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌
    അഭിപ്രായത്തിനു നന്ദി
    അന്നത്തെ ഗള്‍ഫുകാര്‍ക്കു ഭയങ്കര ഡിമാണ്ടായിരുന്നു..പിന്നെ പരിഹസിക്കലില്‍ ആഹ്ലാദം കണ്ടെത്തുന്ന കുറെ പേരുണ്ട്..
    അബ്ബോസാക്ക അന്നും ഇന്നും ഇതു പോലൊക്കെത്തന്നെ:)
    @ ചെറുവാടി
    നന്ദി..സുഹ്രുത്തേ..
    സിന്ദാബാദ് :)

    @ പട്ടേപ്പാടം റാംജി

    അന്നു എനിക്കും ഈ പ്രതികരണം കൊണ്ടെന്തു കാര്യം എന്നു തോന്നിയിരുന്നു.വെറുതേ അയാള്‍ക്ക് കളിയാ‍ക്കാനൊരു മാര്‍ഗ്ഗം നല്‍കി എന്നല്ലാതെ..
    പക്ഷേ ഇപ്പോള്‍ അലോചിക്കുമ്പോള്‍ അതിന്ടെ മേന്മ മനസ്സിലാവുന്നു..അഭിമാനവും വിലയുമുള്ളവന്‍ നയപരമായിത്തന്നെ പ്രതിഷേധിക്കണം.അല്ലെങ്കില്‍
    ഇടിച്ചു താഴ്ത്തല്‍ തുടറ്ന്നു കൊണ്ടേയിരിക്കും

    ReplyDelete
  8. കാശില്ലാത്തവന്‍ ഇറച്ചിക്ക് ചെന്ന പോലെ എന്നൊരു ചൊല്ലില്ലെ മുനീറെ..
    ഇതുപോലെ പറ്റ് പുസ്തകം കൊണ്ട് ഞാനും കുറെ അബ്ബാസ്ക്കാടെ കടയിലേക്ക് പോയതാ അന്നൊക്കെ മുനീറിന്‍റെ വല്ലിപ്പ അവിടെ ഒരു സ്റ്റൂളില്‍ ഇരുന്നു ഞങ്ങളോടൊക്കെ കുശലം പറയും( വടിയും കുത്തി വരുന്ന വലിയുപ്പാടെ വട്ട മുഖം എന്‍റെ മനസ്സില്‍ ഇപ്പോഴും ഉണ്ട് )
    പിന്നീട് ഞങ്ങളും ആ പറ്റ് പുസ്തക പരിപാടി അങ്ങ് നിര്‍ത്തി കാരണം കണക്കുകള്‍ ഒന്നും അങ്ങട്ട് തീര്‍ത്താലും തീരാത്ത വിധം അത് നമുക്ക് പറ്റിപ്പോക്കായി തുടങ്ങി ..

    ആ അബ്ബാസ്ക്കാന്‍റെ പലചിരക്ക് കട പൂട്ടി മൂപ്പര്‍ ഇപ്പോള്‍ വേറെ ബിസിനസ്സിലാണ്..

    നല്ല ഓര്‍മക്കുറിപ്പ് പഴയ കാലത്തിലേക്ക് കുറച്ച് നേരം ഊളയിട്ടു പോയി ഞാന്‍ ... ( നമ്മുടെ കുന്തക്കല്ലില്‍ നിന്നും പുഴയില്‍ ചാടി അടിയിലേക്ക് ഊളയിടുന്ന പോലെ )

    ReplyDelete
  9. @ ഹംസ
    ഹഹ..അതെ ഹംസേ..വല്ലിപ്പ വീട്ടില്‍ നിന്നു കടയില്‍ എത്തുന്നതു വരെ എല്ലാവരോടും കുശലം പറഞ്ഞു കൊണ്ടേയിരിക്കും..
    കടയുടെ അടുത്ത വീട്ടിലുള്ള ആ വയസ്സായ സ്ത്രീ പണ്ടു വല്ലിപ്പ ഇലക്ഷന് നിന്ന് തോറ്റ കാ‍ര്യം പറഞ്ഞ് പാട്ടു പാടിയിരുന്നത്
    ഇപ്പോഴും ഓര്‍ക്കുന്നു.
    പറ്റ് പുസ്തകത്തില്‍ പറ്റുന്ന വിധത്തിലൊക്കെ വില നിലവാരം കൂട്ടിയെഴുതുന്ന കാര്യത്തിലും നമ്മുടെ അബ്ബോസാക്ക
    മുന്‍പന്തിയിലായിരുന്നല്ലോ:) അഭിപ്രായത്തിന് വളരെ നന്ദി.. ഓര്‍മ്മകളിലൂടെയാണെങ്കിലും പഴയ കാലത്തിലേക്കെത്തിച്ചേരാന്‍
    കഴിയുന്നതു വലിയൊരു ഭാഗ്യം തന്നെ.

    ReplyDelete
  10. ഇതു വായിച്ചപ്പോള്‍ എന്റെ ചെറുപ്പത്തിലെ ഒരനുഭവം ഓര്‍മ്മവന്നു.ഉപ്പാക്ക് തുണിപ്പീടികയില്‍ പറ്റായിരുന്നു. എല്ലാ വര്‍ഷവും ദീപാവലിക്കാണ് പറ്റ് തീര്‍ക്കാറ്.ഒരിക്കല്‍ സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞപ്പോള്‍ പീടികക്കാരന്‍ കാശിന്റെ കാര്യം എന്തോ സൂചിപ്പിച്ചത് ഉപ്പാക്ക് പിടിച്ചില്ല.ഉടനെ തന്നെ വാങ്ങിയ സാധനമെല്ലാം തിരിച്ച് കൊടുത്തു പറ്റും തീര്‍ത്ത് വേറെ കടയിലേയ്ക്ക് പോയി.

    ReplyDelete
  11. . 50(മില്ലിലിറ്റര്‍) വെളിച്ചണ്ണ,100 നല്ലെണ്ണ,50 ഗ്രാം ചായപ്പൊടി(ലൂസ്), 100 ഗ്രാം പഞ്ചസാര,ഇത് പോലെ ഞാനും പണ്ട് വാങ്ങിച്ചിരുന്നു സാധനങ്ങള്‍ എന്‍റെ ബന്ധുവിന്റെ കടയില്‍ നിന്നും എനിക്കവര്‍ പൈസ കയ്യില്‍ കുറവാണെന്ന് കണ്ടപ്പോള്‍ തന്ന നൂറു മില്ലിയില്‍ നിന്നും കുറെ അങ്ങോട്ട്‌ അവര്‍ ഒഴിച്ച്ചെടുതത് ഓര്‍മ്മയുണ്ട് . അതൊക്കെ ഓര്‍ത്തു പോയി

    ReplyDelete
  12. വായിച്ചു ഞാന്‍ ഇതുപോലെ സഞ്ചിയും ബുക്കും പിടിച്ചു പോകുന്ന കുട്ടുകാരുടെ കൂടെ പോകാന്‍ എന്‍റെ ഉമ്മയോട് വാശി പിടിച്ചിട്ടുണ്ട് അപ്പൊ ഉമ്മ പറയും പറ്റു വേണ്ട നമുക്ക് അവര്‍ കള്ളകണക്ക് എഴുതുമെന്ന്. അന്ന് കുട്ടുകാരികള്‍കൊപ്പം പൂവാന്‍ സമ്മതിക്കാത്തത്തിനു ഉണ്ടായ വിഷമം ഈ പോസ്റ്റോടെ തീര്‍ന്നു.എന്തായാലും എഴുത്തിലുടെ പീടിക വരാന്തയില്‍ സഞ്ചിയുമായി നില്‍ക്കുന്ന കഥാപാത്രം ശരിക്കും തെളിഞ്ഞു .നല്ല പോസ്റ്റ്‌ .

    ReplyDelete
  13. നല്ല പോസ്റ്റ്‌. വായിച്ചു ഇഷ്ട്ടായി കേട്ടോ. ആശംസകള്‍.

    ReplyDelete
  14. @Mohamedkutty മുഹമ്മദുകുട്ടി
    നന്ദി..ഓര്‍മ്മ പങ്കുവെച്ചതിനു പ്രത്യേകിച്ചും..കച്ചവടക്കാരുടെ പെരുമാറ്റം എല്ലായിടത്തും
    എകദേശം ഒരേ പോലെയാണല്ലോ?കാശു നോക്കി പെരുമാറുന്ന മനുഷ്യര്‍!

    @ഉമ്മുഅമ്മാർ
    അഭിപ്രായത്തിനു നന്ദി.ചെയ്യുന്നതിലെ മനുഷ്വത്വമില്ലായ്മ മനസ്സിലാകാത്ത കുറേ ആളുകള്‍..കുഞ്ഞു മനസ്സുകളെ എത്രത്തോളം വേദനിപ്പിക്കും
    ഇത്തരം പ്രവര്‍ത്തികളെന്ന് ഇവര്‍ ചിന്തിക്കുന്നില്ലല്ലോ.

    @ജുവൈരിയ സലാം
    നന്ദി:)
    @സാബിബാവ
    അഭിപ്രായത്തിനു നന്ദി..പീടികയില്‍ പോകാത്ത വിഷമം തീര്‍ന്നല്ലോ:) ഉമ്മ അന്ന് പറഞ്ഞതു ശരി തന്നെ..കടക്കാരെ കള്ളക്കണക്കെഴുതി പറ്റിക്കുന്നതു ഇവരുടെ സ്ഥിരം പരിപാടിയാ.

    @(കൊലുസ്)
    അഭിപ്രായത്തിനു നന്ദി

    ReplyDelete
  15. ഞാനും ഇതുപോലെ ഉള്ള അനുഭവങ്ങൾക്ക് ഉടമയാണ്.

    ReplyDelete
  16. “എന്‍റെ മകന്‍ വൈകുന്നേരം നാലരക്ക് കടയിലെത്തിയിട്ടും ഏഴരവരെ ഒന്നും കിട്ടാതെ സഹികെട്ട് കാലി സഞ്ചിയുമായി വീട്ടില്‍ തിരിച്ചെത്തി.ഇന്ന് മുതല്‍ ഈ കടയില്‍ നിന്നുള്ള സാധനങ്ങള്‍ ഞങ്ങള്‍ ബഹിഷ്കരിക്കുന്നു.”
    അതു കലക്കി.
    ഹല്ല പിന്നെ, ഹായ് കൂയ് പൂയ്.
    അന്റെ ബാപ്പാക്ക് ഇന്റെബക ഒരു ലാല്‍സലാം.

    ReplyDelete
  17. ഇത്തരം അബ്ബാസിക്കമാര്‍ എല്ലായിടത്തും കാണും. ഉപ്പ പകര്‍ന്ന ആ പ്രതികരണത്തിന്റെ നാളം കെടാതെ സൂക്ഷിക്കുക.

    ReplyDelete
  18. @ യൂസുഫ്പ
    അഭിപ്രായത്തിനു നന്ദി..അഭിപ്രായം പറഞ്ഞവരില്‍ കുറേ പേറ്ക്ക് ഇതു പോലെ അനുഭവങ്ങള്‍ കച്ചവടക്കരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.
    അതിനറ്ത്ഥം പലചരക്ക് കച്ചവടക്കാറ് ഭൂരിപക്ഷവും കടം വാങ്ങുന്നവരോട് അനീതി കാണിക്കുന്നവരണെന്നാണല്ലോ.
    @ »¦മുഖ്‌താര്‍¦udarampoyil
    നന്ദി. ഹ ഹ.. ലാല്‍ സലാം... ആ എഴുതി വെച്ച് വായിപ്പിച്ച രീതി തന്നെയാണ് എനിക്കും ഇഷ്ട്മായത്
    @തെച്ചിക്കോടന്‍
    അഭിപ്രായത്തിനു നന്ദി..
    ചില പ്രതികരണങ്ങളും പ്രവര്‍ത്തികളും മനസ്സിനെ ആഴത്തില്‍ സ്പറ്ശിക്കും..

    ReplyDelete
  19. ആ അബ്ബാസ്ക്കാന്റെ കടയില്‍ ഇന്നായിരുന്നു ഇത്തരം അവഹേളനമെന്കില്‍ എന്താകുമായിരുന്നു പുകില്? ഇന്ന് അവസ്തയാകെ മാറി. ഒന്നല്ലെങ്കില്‍ തൊട്ടടുത്ത്‌ വേറൊരു കട ...

    ReplyDelete
  20. Hahahahah!!! Eee kadakarane namuku pidikitty... adhehathinte kadayil ninnum pattinu horlicks vangi verey kadayil kondu poyi vittu cash pokattilidunna viruthanmarey(?) enikariyam ...

    ReplyDelete
  21. ഒന്നുമില്ലാത്തതിലും ഭേദമല്ലേ സ്വയം ഒന്ന് പ്രതിക്ഷേധിക്കുക അല്ലേ....
    നിവൃത്തികേടിനേയും അവഗണനനേയും പരിഹസിക്കുക ഒരു നിത്യസംഭവമാണല്ലോ...

    ReplyDelete
  22. എന്റെ വീട്ടിലും അച്ഛന്റെ ചെറുപ്പകാലത്ത് ദാരിദ്ര്യം ആവോളം ആസ്വദിച്ചിരുന്ന കാലത്ത് ഇതേപോലെ ഒരുപാട് അവഹേളനങ്ങള്‍ സഹിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

    അതു കൊണ്ടാകാം എന്റെ കുട്ടിക്കാലമെല്ലാമായപ്പോഴേയ്ക്കും എത്ര ബുദ്ധിമുട്ടുണ്ടായാലും ഒന്നും കടം വാങ്ങുന്ന പരിപാടി ഉണ്ടായിരുന്നില്ല.

    പോസ്റ്റ് ശരിയ്ക്കും ഹൃദയസ്പര്‍ശിയായി.

    ReplyDelete
  23. ഉപ്പയുടെ മകനാവാന്‍ ശ്രമിക്കുക

    ReplyDelete
  24. @MyDreams
    നന്ദി
    @ ഇസ്മായില്‍ കുറുമ്പടി (തണല്‍
    അതെ..ഇന്ന് കഥ മാറി..അബ്ബോസാക്ക തന്നെ കട പൂട്ടി..
    വേറേ ബിസിനിസ്സ് തുടങ്ങി..
    @ anvarthootha
    ഹി.ഹി..നിന്റെ തടിച്ച പുസ്ത്കത്തില്‍
    തന്നെയാകും മേടിച്ചത്:)
    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    നന്ദി..അതെ.. സ്വന്തം മനസ്സാക്ഷിയെ എങ്കിലും
    ബോധ്യപ്പെടുത്തേണ്ടേ ..പരിഹസിക്കലില്‍
    രസം കണ്ടെത്തുന്ന ചിലരുണ്ട്..
    @ ശ്രീ
    അനുഭവം പങ്കു വെച്ചതിനു നന്ദി..
    @ faisu madeena
    അഭിപ്രായത്തിനും ഉപദേശത്തിനും നന്ദി

    ReplyDelete
  25. പാവങ്ങള്‍ക്ക് അവഗണന സാധാരണ മാത്രം.. ഒരു പക്ഷെ ഇതിനു കാരണം പണമുന്റായിട്ടും പറ്റുകാരായി കടം വാങ്ങി അതു തിരിച്ചു കൊടുക്കാതിരിക്കുന്നവരുമാവാം...
    നല്ല എഴുത്ത്.. സുഖകരമായ ഒരു വായന തന്നു... ആശംസകള്‍

    ReplyDelete
  26. നന്നായി എഴുതിയിരിക്കുന്നു മുനീര്‍...കടയുടെ മുന്‍പില്‍ പ്രതീക്ഷകളോടെ കാത്തു നിന്ന്, പിന്നീട് നിരാശനായി മടങ്ങുന്ന കൊച്ചുപയ്യനെ നേരില്‍ കണ്ട പോലെ...ഉപ്പയെ കിട്ടണമെങ്കില്‍ ഇങ്ങനെ തന്നെ കിട്ടണം...ആത്മാഭിമാനം വിട്ടു ഒരു കളിയും ഇല്ലെന്നു അദ്ദേഹം തെളിയിച്ചില്ലേ...

    ReplyDelete
  27. @ Naseef U Areacodeഅഭിപ്രായത്തിനു നന്ദി.. ചിലരുടെ സ്വഭാവത്തിലേ ഒരു പരിഹസിക്കാനുള്ള വെമ്പലുണ്ടാകും..
    അപ്പോള്‍ പിന്നെ താന്‍ ദാനം കൊടുക്കുന്നതാണെന്ന പോലെ ഒരു ധാരണ വെച്ചു പുലര്‍ത്തുക കൂടി ചെയ്താലോ..

    @ചാണ്ടിക്കുഞ്ഞ്
    ഏഴുത്തിഷ്ടപ്പെട്ടന്നറിയിച്ചതിനു വളരെ നന്ദി...അതേ.. ആത്മാഭിമാനം കാക്കണമെന്ന പാഠം തന്നെയായിരുന്നു
    ആ ബഹിഷ്കരണം കൊണ്ടറ്ത്ഥമാക്കിയത്..

    ReplyDelete
  28. ആ പരുപാടി കിടിലന്‍

    ReplyDelete
  29. മനുഷ്യനെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പാകപ്പെടുത്തിയെടുക്കും എന്നതിന് ഉത്തമ ദൃഷ്ടാന്തം ആയി ഈ ഓര്മക്കുറിപ്പ്.ദാരിദ്ര്യം ചിലപ്പോള്‍ പാപവും നിന്ദ്യവും പരിഹാസ്യവും ആകുന്നു.
    നന്നായി എഴുതി .
    ----------------------------

    കര്‍ക്കിടക രാത്രിയെപ്പറ്റി യുള്ള എന്റെ കഥ സത്യത്തില്‍ ഒരു അനുഭവക്കുറിപ്പാണ് .20 വര്‍ഷമെങ്കിലും പിന്നിട്ട ഒരോര്‍മ .ഇത്തരം സംഭവങ്ങള്‍ ജീവിതത്തിലും ,സിനിമകളിലും ,
    കഥകളിലും ഉണ്ടായിട്ടുണ്ട് .നമ്മള്‍ അറിഞ്ഞും അറിയാതെയും . ‌

    ReplyDelete
  30. to get a follower gadjet please check my blog "ഇരിപ്പിടം"
    link:www.marubhoomikalil.blogspot.com

    ReplyDelete
  31. കടം വാങ്ങുന്നത് ഇപ്പോഴും തല കുനിക്കാന്‍ വകുപ്പുണ്ടാക്കുന്നത് തന്നെ. രസകരമായി അനുഭവം പങ്കു വെച്ചതിനു നന്ദി.

    ReplyDelete
  32. @ ഒഴാക്കന്‍
    വായിച്ചതിന് നന്ദി..
    @രമേശ്‌അരൂര്‍
    വിലയേറിയ അഭിപ്രായത്തിന് നന്ദി..അനുഭവങ്ങള്‍ മനുഷ്യനെ പാകപ്പെടുത്തിയെടുക്കും..ഇത്ര കാലം കഴിഞ്ഞിട്ടും
    ആ പ്രതിഷേധം മനസ്സില്‍ തട്ടിയതു കൊണ്ടാണല്ലോ ഇതെഴുതാന്‍ കഴിഞ്ഞതു തന്നെ..
    കര്‍ക്കിടക രാത്രി ഒരു കഥയാണെന്നാണ് ഞാന്‍ കരുതിയത്..അനുഭവക്കുറിപ്പാണെന്നറിഞ്ഞത് ഞെട്ടിച്ചു..
    അല്ലെങ്കിലും അനുഭവങ്ങളിലൂടെയുള്ള എഴുത്തിനേ സ്വഭാവികത കൈ വരൂ..
    ഗാഡ്ജെറ്റ് ലിങ്ക് തന്നതിന് പ്രത്യേകം നന്ദി..
    @Shukoor Cheruvadi
    നന്ദി സുഹൃത്തേ.. കടം വാങ്ങല്‍ കഠിനമായ കാര്യം തന്നെയാണ്.

    ReplyDelete
  33. ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു ഇത്തരം കച്ചവടക്കാര്‍.. ഇപ്പോള്‍ അതൊക്കെ മാറി തുടങ്ങി ഭാവുഗങ്ങള്‍ .........

    ReplyDelete
  34. ബാല്യകാലാനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന വിധത്തില്‍ നല്ല വായനാ സുഖം തരുന്ന എഴുത്ത് . അതോടൊപ്പം നല്ലൊരു സന്ദേശവും .
    ഇത്തരം അനുഭവങ്ങളെയും , അതിലടങ്ങിയിട്ടുള്ള സന്ദേശങ്ങളെയും ആലങ്കാരികതകളില്ലാതെ, അതിഭാവുകത്വങ്ങളില്ലാതെ വിവരിക്കുമ്പോഴാണ്‌ യഥാര്‍ത്ഥ സാഹിത്യം ജനിക്കുന്നത് . എഴുത്ത് തുടരുക ഭാവുകങ്ങള്‍

    ReplyDelete
  35. ഇതേ പോലുള്ള ഒരു അനുഭവം കണ്ട ഞാൻ വിഷമിച്ചിട്ടുണ്ട്‌..കടം വാങ്ങുന്ന വീട്ടിലെ ഒരു കുട്ടിയെ എന്റെ വീട്ടിനടുത്തുള്ള ഒരു കടക്കാരൻ നിർത്തി പൊരിച്ചപ്പോൾ അവനാദ്യം കൊടുക്കുക സാധനങ്ങൾ എന്നിട്ടു മതി എനിക്ക്‌ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്‌..തലകുനിച്ചു നിൽക്കുന്ന ആ കുട്ടിയെ ഞാനായി സങ്കൽപിച്ചു എനിക്കു സങ്കടം വന്നിരുന്നു...നല്ല അവതരണം.. ഭാവുകങ്ങൾ!

    ReplyDelete
  36. പെരുന്നാളിന്റെ തലേന്ന് ബാപ്പ ഇറച്ചി മേടിക്കാതെ വരുന്നത് കണ്ട് എന്താ ഇറച്ചി മേടിക്കാഞ്ഞേ എന്ന് ചോദിച്ചപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു ബാപ്പ കരഞ്ഞിട്ടുണ്ട്.കടത്തില്‍ മുങ്ങി നിന്ന കാലത്തും ബാപ്പ പെരുന്നാളിന് കടം മേടിച്ചിട്ടില്ല.ഇത് പോലെയുള്ള അനുഭവങ്ങള്‍ എത്രയെത്ര.ഇന്നും കടം വാങ്ങാന്‍ എനിക്ക് മടിയാണ്ഹംസാക്കയുടെ ബ്ലോഗിലും ഇത് പോലെ പൊള്ളിക്കുന്ന ചില അനുഭവങ്ങള്‍ ഉണ്ടല്ലോ.അനുഭവങ്ങള്‍ എഴുതുപ്പ്മ്പോള്‍ എത്ര ശക്തമാണ് താങ്കളുടെ രചന.താങ്കളുടെ ബാപ്പയ്ക്ക് എന്റെ ഒരായിരം ഭാവുകങ്ങള്‍.മുന്പ് ആരോ പറഞ്ഞ പോലെ ബാപ്പയുടെ മകനാവുക.ചില ഓര്‍മ്മകള്‍ മരിച്ചാലും മറക്കില്ലല്ലോ,പ്രതേകിച്ചും അവഗണനയുടെ ഓര്‍മ്മകള്‍

    ReplyDelete
  37. @ elayoden.com ,jayarajmurukkumpuzha
    അഭിപ്രായത്തിനു വളരെ നന്ദി ..

    @ Abdulkader kodungallur
    വിലയേറിയ അഭിപ്രയത്തിനു നന്ദി..
    ബാല്യകാലസ്മരണകള്‍ എഴുതുന്നത്
    മനസ്സിനു വളരെ സുഖം തരുന്ന കാര്യമാണ്..
    സന്ദേശം മനസ്സിലുള്‍ക്കൊണ്ടതു കൊണ്ടുതന്നെയാ‍ണ്
    ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോവാത്തതും..അതിഭാവുകത്വവും
    നാടകീയതയും വരുത്തിയാല്‍ എഴുത്തിനു പൂര്‍ണ്ണത
    വരില്ലെന്നു തന്നെയാണ് എന്റെയും അഭിപ്രായം..
    @ മാനവധ്വനി
    ഇതു പോലുള്ള അനുഭവം പങ്കുവെച്ചതിനും ആശംസക്കും നന്ദി
    @ സുലേഖ
    അഭിപ്രയത്തിനു വളരെ നന്ദി..
    താങ്കളുടെ അനുഭവം പങ്കു വെച്ചതിനു പ്രത്യേകവും..
    പെരുന്നാളിനു ഇറച്ചി വാങ്ങാന്‍ കഴിയാതെ വരുന്നത് മനസ്സിനെ തീര്‍ത്തും നൊമ്പരപ്പെടുത്തും..പ്രത്യേകിച്ചും മകന്‍ ചോദിക്കുക കൂടി ചെയ്താല്‍
    ബാപ്പയുടെ മാനസികാവസ്ഥ എന്താകും..സങ്കടം തന്നെ..താങ്കള്‍ പറഞ്ഞതു വളരെ ശരി..ചില ഓര്‍മ്മകള്‍ മറക്കാന്‍ കഴിയില്ല.. അവഗണനയുടെ
    പ്രത്യേകിച്ചും..

    ReplyDelete
  38. എഴുത്തിന്റെശൈലി വളരെ ഇഷ്ടമായി.കൊള്ളാം മനോഹരം.

    ReplyDelete
  39. നാട്ടിലെ ചില കടക്കാര്‍ അങ്ങിനെയാ. ഇത് വായിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലെ പി. സി. കായേ ഓര്‍ത്തു പോയി. ആ വിവരം ഞാന്‍ ഒരു
    പോസ്റ്റ്‌
    ആക്കിയിട്ടുണ്ട്.
    ഏതായാലും മനസ്സില്‍ തട്ടി എഴുതിയതിനാലാവും എഴുത്തിലെ ആത്മാര്‍ഥത ഉയര്‍ന്നു നില്‍ക്കുന്നു.
    പ്രതിഷേധത്തിന്റെ ഈ പുതിയ മാര്‍ഗം വളരെ നന്നായി.

    ReplyDelete